എഡിറ്റര്‍
എഡിറ്റര്‍
കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: പന്ത്രണ്ടാം ഭാഗം
എഡിറ്റര്‍
Monday 8th October 2012 3:23pm

‘നരകത്തിന്റെ പകുതിവഴിക്കയാള്‍ എത്തിക്കഴിഞ്ഞു. നമ്മള്‍ സ്വര്‍ഗത്തിന്റെ അന്‍പതടി അകലെയാണുള്ളത്. അവിടെ എത്തിക്കഴിഞ്ഞാല്‍ നമ്മള്‍ കയററുക്കും…’ സിസിലിയന്‍ ഉച്ചത്തില്‍ പൊട്ടിച്ചിരിച്ചു

കുട്ടികള്‍ക്കുള്ള നോവല്‍
പന്ത്രണ്ടാം ഭാഗം


നോവല്‍ / ബാബു ഭരദ്വാജ്

വര/ മജ്‌നി തിരുവങ്ങൂര്‍


ഭ്രാന്തന്‍ കൊടുമുടിയുടെ അടുത്തെത്തിയിരുന്നു അവര്‍. സ്പാനിയാര്‍ഡ് വളരെ സമര്‍ത്ഥമായി തോണി പാറയോടടുപ്പിച്ചു. അതത്ര എളുപ്പമായിരുന്നില്ല. തിരകള്‍ പാറയോടടിച്ചു ചിതറിക്കൊണ്ടിരുന്നു. കണ്ണുകള്‍ക്കുപോലും കാണാന്‍ കഴിയാത്തത്ര ശക്തിയിലാണ് വെള്ളം ചിതറിത്തെറിച്ചുകൊണ്ടിരുന്നത്. അവള്‍ തലയുയര്‍ത്തി മുകളിലേക്ക് നോക്കി. ആര്‍ക്കും കീഴടക്കാന്‍ കഴിയാത്തവണ്ണം കൊടുമുടി ഉയര്‍ന്നുനില്ക്കുന്നു.

Ads By Google

കൂനന്‍ മുന്നോട്ടു ചാടി. അയാളിപ്പോള്‍ പാറയുടെ പുറത്താണ്. എവിടെനിന്നാണെന്നറിയില്ല. അയാളുടെ കയ്യില്‍ ഒരു കയറുമുണ്ട്.

ബട്ടര്‍കപ്പ് അത്ഭുതത്തോടെ നോക്കിയിരിക്കെ ആ കയര്‍ അയാള്‍ വായുവിലേക്ക് ചുഴറ്റിയെറിഞ്ഞു. കയറിപ്പോള്‍ കൊടുമുടിയുടെ ഉയരത്തിലേക്ക് കുതിക്കുകയാണ്. ഇപ്പോള്‍ സിസിലിയന്‍ കയര്‍ ശക്തിയില്‍ വലിക്കുകയാണ്. അതിപ്പോള്‍ കൊടുമുടിക്ക് മുകളിലെ ഏതോ പാറമേലോ മരത്തിലോ ബന്ധിക്കപ്പെട്ടിരിക്കുന്നു.

‘വേഗമാവട്ടെ’- കൂനന്‍ അലറി. ‘അയാള്‍ നമ്മെ പിന്തുടരുകയാണെങ്കില്‍ യഥാര്‍ത്ഥത്തില്‍ അത് മനുഷ്യസാധ്യമല്ല. നമുക്കീ കൊടുമുടിയുടെ മുകളില്‍ വേഗം കയറിപ്പറ്റണം. അതിനുശേഷം അയാളെത്തുന്നതിനു മുമ്പ് കയര്‍ അറുത്തുകളയണം.’

‘കയറോ? അയ്യോ എനിക്കാവില്ല’- ബട്ടര്‍കപ്പ്.
‘മിണ്ടാതിരി. വേഗം തയ്യാറാവൂ’- കൂനന്‍. എന്നിട്ടയാള്‍ തിരിഞ്ഞ് തുര്‍ക്കിയോട് പറഞ്ഞു:
‘ബോട്ട് മുക്കിക്കളയൂ.’

എല്ലാവരും തിരക്കിട്ട ജോലി ആരംഭിച്ചു. സ്പാനിയാര്‍ഡ് ഒരു കയറെടുത്ത് ബട്ടര്‍കപ്പിന്റെ കൈകളും കാലുകളും വരിഞ്ഞുകെട്ടി. തുര്‍ക്കി തന്റെ വമ്പന്‍ കാലുകള്‍കൊണ്ട് ബോട്ടില്‍ ആഞ്ഞുചവിട്ടി. ബോട്ടിന്റെ അടി പൊളിഞ്ഞ് മുങ്ങാന്‍ തുടങ്ങി. അതുകഴിഞ്ഞ് തുര്‍ക്കി കയറിനടുക്കലെത്തി അതില്‍ പിടിച്ചു. എന്നിട്ട് വിളിച്ചുപറഞ്ഞു:
‘ഇനി ഭാരം കയറ്റിക്കോളൂ.’

സ്പാനിയാര്‍ഡ് ബട്ടര്‍കപ്പിനെ പൊക്കിയെടുത്ത് തുര്‍ക്കിയുടെ തോളില്‍ കയറ്റിവെച്ച് വരിഞ്ഞുകെട്ടി. അതുകഴിഞ്ഞയാള്‍ സ്വയം തുര്‍ക്കിയുടെ അരക്കെട്ടില്‍ത്തന്നെ ബന്ധിച്ചു. കൂനന്‍ ഒരൊറ്റ ചാട്ടത്തിന് തുര്‍ക്കിയുടെ കഴുത്തിലെത്തി. എന്നിട്ടവിടെ അള്ളിപ്പിടിച്ചിരുന്നു.
‘എല്ലാവരും കയറിക്കഴിഞ്ഞു’- സിസിലിയന്‍ വിളിച്ചുപറഞ്ഞു.

തുര്‍ക്കി കയറാന്‍ തുടങ്ങി. കൊടുമുടിയുടെ മുകളിലേക്ക് ഒരായിരം അടിയെങ്കിലും ഉയരം കാണും. തുര്‍ക്കി മൂന്നാളെയും വഹിച്ചിരിക്കുകയാണ്. എന്നിട്ടും അയാള്‍ക്കൊരു പരിഭ്രമവുമില്ല. ശക്തിയുടെ കാര്യത്തില്‍ അയാള്‍ അങ്ങനെയാണ്. വായനയുടെ കാര്യമാവുമ്പോള്‍ അയാള്‍ക്ക് വയറുനോവും. എഴുത്തിന്റെ കാര്യമാവുമ്പോള്‍ അയാള്‍ കുളിര്‍ന്നു വിറയ്ക്കും. കൂട്ടാനും കിഴിക്കാനും പറഞ്ഞാല്‍ അയാള്‍ ബധിരനാവും.

പക്ഷേ, നെഞ്ചത്തൊരു കുതിര ചവിട്ടിയാലും അയാള്‍ ഒരിഞ്ച് പുറകോട്ട് വീഴില്ല. ഒരിക്കല്‍ അയാള്‍ പുറംകൊണ്ടൊരു ആനയെ പൊന്തിച്ചിരുന്നു. പക്ഷേ, അയാളുടെ ഏറ്റവും വലിയ ശക്തി അയാളുടെ കൈകളായിരുന്നു. ഒരായിരം കൊല്ലത്തേക്ക് അത്ര ശക്തിയുള്ള കൈകള്‍ വേറെ ഉണ്ടാവില്ല. അയാള്‍ക്കൊരു മഴുകൊടുത്തിട്ട് ഒരു കാട് മുഴുവനും മുറിച്ചുതള്ളാന്‍ പറഞ്ഞുനോക്കൂ. അയാളത് ചെയ്യും. എന്നാലും, അയാളുടെ കൈകള്‍ തളരില്ല. കാല്‍ ഒരു പക്ഷേ, തളര്‍ന്നേക്കും. മഴു ഒടിഞ്ഞേക്കും.

തുര്‍ക്കിയുടെ പേരിതുവരെ പറഞ്ഞില്ലല്ലോ! ഇനി നമുക്ക് പേരു പറയാം. ഫെസിക്. ഫെസിക് കയറിലൂടെ അതിവേഗത്തില്‍ കയറിക്കൊണ്ടിരുന്നു. പക്ഷേ, സിസിലിയന് ഉയരങ്ങളെ പേടിയായിരുന്നു. ചെറുപ്പത്തിലേ സിസിലിയന് അറിയാമായിരുന്നു, തന്റെ കൂനന്‍ ശരീരവുംകൊണ്ട് ലോകം കീഴടക്കാനാവില്ലെന്ന്. അതുകൊണ്ടയാള്‍ മനസ്സിനെ ആശ്രയിച്ചു. മനസ്സിനെ അയാള്‍ പരിശീലിപ്പിച്ചു. അതുകൊണ്ടയാള്‍ക്ക് ഇപ്പോള്‍ ഉയരങ്ങളെപ്പറ്റി പേടിക്കാന്‍ മനസ്സില്ല. വെള്ളത്തില്‍നിന്ന് മുന്നൂറടി ഉയരത്തില്‍ ഫെസിക്കിന്റെ കഴുത്തില്‍ അള്ളിപ്പിടിച്ചിരുന്നു- കൊണ്ടയാള്‍ ചിന്തിച്ചിരുന്നത് കറുത്ത വസ്ത്രം ധരിച്ചിരുന്ന മറ്റവനെക്കുറിച്ചായിരുന്നു. അവരെ പിന്തുടരല്‍ അസാധ്യമായിരുന്നു. പിന്നെ അവനെങ്ങനെ പ്രത്യക്ഷപ്പെട്ടു. അയാള്‍ കറുത്തു പരന്നുകിടക്കുന്ന കടലിലേക്കു നോക്കി. ഒരു മിന്നലിന്റെ വേഗത്തില്‍ ആ തോണി കൊടുമുടിയെ സമീപിക്കുകയാണ്.

‘വേഗം, വേഗം’. സിസിലിയന്‍ തിരക്കുകൂട്ടി.
‘വേഗത്തിലാണ് കയറുന്നതെന്നാണെന്റെ വിശ്വാസം’- ഫെസിക്.
‘മടിയന്‍, മടിയന്‍’. സിസിലിയന്‍ മുറുമുറുത്തു.
‘ഞാനൊരിക്കലും നന്നാവില്ല.’ തുര്‍ക്കി മറുപടി പറഞ്ഞു.

പക്ഷേ, അയാളുടെ കൈകള്‍ മുമ്പത്തേക്കാള്‍ വേഗത്തില്‍ ചലിക്കാന്‍ തുടങ്ങി. ‘എനിക്ക് നന്നായി കാണാന്‍ പറ്റുന്നില്ല. നിങ്ങളുടെ കാലുകള്‍ എന്റെ മുഖത്തിന് നേരെ തന്നെയാണ്. അതുകൊണ്ട് നമ്മള്‍ പകുതിവഴിയെത്തിയോ എന്ന് പറഞ്ഞുതരുമോ?’
‘പകുതി കഴിഞ്ഞിരിക്കുന്നു. നിങ്ങള്‍ അത്ഭുതകരമായി കയറുന്നു- ഫെസിക്.’
തുര്‍ക്കിയുടെ അരക്കെട്ടില്‍ തൂങ്ങിക്കിടക്കുന്ന സ്പാനിയാര്‍ഡ് വിളിച്ചു പറഞ്ഞു.
‘നന്ദി’- തുര്‍ക്കി.

‘പക്ഷേ, മറ്റവന്‍ കൊടുമുടിയുടെ അടുത്തെത്തിക്കഴിഞ്ഞു.’-സ്പാനിയാര്‍ഡ്
ഇപ്പോള്‍ അറുനൂറ് അടി. ഇപ്പോള്‍ അറുനൂറ്റി ഇരുപത് അടി. അറുനൂറ്റിയന്‍പത് അടി ഇതാ എഴുനൂറ് അടി കഴിഞ്ഞു.
‘അയാള്‍ തോണിയില്‍നിന്നിറങ്ങിക്കഴിഞ്ഞു. അയാള്‍ നമ്മുടെ കയര്‍
ചാടിപ്പിടിച്ചുകഴിഞ്ഞു. അയാളിതാ കയറാന്‍ തുടങ്ങിയിരിക്കുന്നു’- സ്പാനിയാര്‍ഡ് വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു.

‘ഞാനറിയുന്നുണ്ട്. കയറിന്മേല്‍ അയാളുടെ ഭാരം ഞാനറിയുന്നു’ – ഫെസിക്.
‘അയാള്‍ക്ക് നമ്മോടൊപ്പമെത്താനാവില്ല. അതസാധ്യമാണ്.’ സിസിലിയന്‍ മുരണ്ടു.
‘അതിനി പറയരുത്. അതുകൊണ്ടൊരു കാര്യവുമില്ല’- സ്പാനിയാര്‍ഡ്.
‘അയാള്‍ വേഗത്തിലാണോ കയറുന്നത്?’- ഫെസിക്.
‘അതിഭയങ്കര വേഗത്തില്‍’- സ്പാനിയാര്‍ഡ്.

‘ഇതൊരു നാണക്കേട് തന്നെയാണ്’- തുര്‍ക്കി പിറുപിറുത്തു. ‘അത്തര
മൊരു കയറ്റക്കാരനെ ഞാനിതുവരെ കണ്ടിട്ടില്ല.

സിസിലിയന്‍ ധൈര്യം സംഭരിച്ചുകൊണ്ട് താഴേക്ക് നോക്കി. കറുത്ത വേഷമണിഞ്ഞ മനുഷ്യന്‍ പറക്കുകതന്നെയാണ്. ഇതിനകം അയാള്‍ നൂറടിയിലധികം കയറിക്കഴിഞ്ഞു.
‘ഞാന്‍ കരുതി, നീ ശക്തനാണെന്ന്? എന്നിട്ട് അയാള്‍ നേടുന്നു’- സിസിലിയന്‍.
‘ഞാന്‍ മൂന്നാളെയാണ് പേറുന്നത്. അയാളൊറ്റയ്ക്കാണ്’- തുര്‍ക്കി.
‘ഈ തൊടുഞായങ്ങള്‍ ഭീരുക്കളുടെ ആയുധമാണ്’- സിസിലിയന്‍.

അയാള്‍ വീണ്ടും താഴേക്ക് നോക്കി. കൊടുമുടി ഇപ്പോള്‍ തെളിഞ്ഞുകാണാം. ഒരുപക്ഷേ, ഒരു ഇരുനൂറ്റമ്പത് അടികൂടി കയറിയാല്‍ മതിയാവും. എങ്കില്‍
അവര്‍ സുരക്ഷിതരായിരിക്കും.
കാലും കൈയും കെട്ടിയ ബട്ടര്‍കപ്പ് ആകെ പേടിച്ചു വിറയ്ക്കുകയായിരുന്നു. എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നവളറിഞ്ഞില്ല. ഇതുപോലൊരു അനുഭവത്തിലൂടെ കടന്നുപോവാന്‍ ഇനി അവള്‍ക്കാവില്ല.

‘പറക്കൂ ഫെസിക്ക്. ഇനി ഒരു നൂറടികൂടിയേ ഉള്ളൂ.’- സിസിലിയന്‍ അലറി.
ഫെസിക്ക് പറക്കുകതന്നെയായിരുന്നു. അയാള്‍ മറ്റൊന്നും ആലോചിച്ചില്ല.
‘അയാള്‍ പകുതിവഴി കഴിഞ്ഞു’- സ്പാനിയാര്‍ഡ്.
‘നരകത്തിന്റെ പകുതിവഴിക്കയാള്‍ എത്തിക്കഴിഞ്ഞു. നമ്മള്‍ സ്വര്‍ഗത്തിന്റെ അന്‍പതടി അകലെയാണുള്ളത്. അവിടെ എത്തിക്കഴിഞ്ഞാല്‍ നമ്മള്‍ കയററുക്കും…’ സിസിലിയന്‍ ഉച്ചത്തില്‍ പൊട്ടിച്ചിരിച്ചു.

നാല്പതടി, ഇരുപതടി, പത്തടി.
കഴിഞ്ഞു. ഫെസിക് അതു ചെയ്തുതീര്‍ത്തുകഴിഞ്ഞു.
സിസിലിയന്‍ തുര്‍ക്കിയുടെ കഴുത്തില്‍നിന്ന് ചാടിയിറങ്ങി. തുര്‍ക്കി തോളില്‍നിന്ന് രാജകുമാരിയെ താഴത്തിറക്കി. സ്പാനിയാര്‍ഡ് തുര്‍ക്കിയുടെ അരക്കെട്ടില്‍നിന്ന് സ്വയം അഴിഞ്ഞു. അയാള്‍ താഴേക്ക് വീണ്ടും നോക്കി. കറുത്ത മനുഷ്യന് ഇനി വെറും മൂന്നൂറടിയേ കയറാന്‍ ബാക്കിയുള്ളൂ.
‘ഇതൊരു നാണക്കേട് തന്നെയാണ്’- തുര്‍ക്കി പിറുപിറുത്തു. ‘അത്തര
മൊരു കയറ്റക്കാരനെ ഞാനിതുവരെ കണ്ടിട്ടില്ല.’

സിസിലിയന്‍ കയറിന്റെ കെട്ടറുത്തു. കയര്‍ ജീവനുള്ള ഒരു സര്‍പ്പത്തെപ്പോലെ കൊടുമുടിയില്‍ ചീറിയടിച്ചു. എന്നിട്ട് ചന്ദ്രിക വെട്ടിത്തിളങ്ങുന്ന കടലിലേക്ക് പതിച്ചുകൊണ്ടിരുന്നു. സിസിലിയന്‍ ആര്‍ത്താര്‍ത്തു ചിരിക്കുകയായിരുന്നു. ആര്‍ത്താര്‍ത്തട്ടഹസിച്ചുകൊണ്ടയാള്‍ ചിരിക്കുകയായിരുന്നു.

ആ കയറിനൊപ്പം ആ കറുത്ത മനുഷ്യനും ആഴക്കടലിലേക്ക് തെറിച്ചുപൊയ്‌ക്കൊണ്ടിരുന്നു.

തുടരും..


ബാബു ഭരദ്വാജ്

കഥാകൃത്ത്, സഞ്ചാരാഖ്യാതാവ്, മാധ്യമ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍. 1948ല്‍ ജനുവരി 15-ന് തൃശൂര്‍ മതിലകത്ത് ജനിച്ചു. പിതാവ്: ഡോ. എം.ആര്‍. വിജയരാഘവന്‍, മാതാവ്: കെ.പി.ഭവാനി. പോയില്‍കാവ് ഹൈസ്‌കൂള്‍, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, തൃശ്ശൂര്‍ എഞ്ചിനീയറിങ്ങ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.

എസ്.എഫ്.ഐ.യുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി, കൈരളി ടി.വി. ക്രിയേറ്റീവ് എക്‌സിക്യൂട്ടീവ്, ചിന്ത വീക്കിലി എഡിറ്റര്‍, ഡൂള്‍ന്യൂസ് ചീഫ് എഡിറ്റര്‍, ഹാര്‍ബര്‍ എഞ്ചിനീയറിങ് ഡിപ്പാര്‍ട്ടുമെന്റില്‍ എഞ്ചിനീയര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.

കൃതികള്‍: പ്രവാസിയുടെ കുറിപ്പുകള്‍, പപ്പറ്റ് തിയേറ്റര്‍, ശവഘോഷയാത്ര, പരേതാത്മാക്കള്‍ക്ക് അപ്പവും വീഞ്ഞും, കലാപങ്ങള്‍ക്കൊരു ഗൃഹപാഠം എന്നിവ പ്രധാന കൃതികള്‍. 2006ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, അബൂദാബി ശക്തി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

ഭാര്യ:പ്രഭ. മക്കള്‍: രേഷ്മ, ഗ്രീഷ്മ, താഷി.

വില്യം ഗോള്‍ഡ്മാന്‍ (എസ്. മോര്‍ഗന്‍സ്റ്റണ്‍)

അമേരിക്കന്‍ നോവലിസ്റ്റും തിരക്കഥാകൃത്തുമായ വില്യം ഗോള്‍ഡ്മാന്‍ 1931-ല്‍ ചിക്കാഗോയില്‍ ജനിച്ചു. കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാഭ്യാസം. എസ്. മോര്‍ഗന്‍സ്റ്റണ്‍ എന്ന തൂലികാനാമത്തിലെഴുതി. നിരവധി നോവലുകളും തിരക്കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. The Princess Bride, Twins, Magic, Misery, Memoirs of an invisible man, The stepford wives, All the President’s Men, Harper, The Hot Rock, The Silent gondoliers തുടങ്ങിയവ പ്രധാനകൃതികള്‍. ഫിലിം അക്കാദമി അവാര്‍ഡ്, എഡ്ഗാര്‍ഡ് അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 


മുന്‍ ഭാഗങ്ങള്‍ വായിക്കൂ…

ബട്ടര്‍കപ്പ്: ആമുഖം

കുട്ടികള്ക്കുള്ള നോവല്, ബട്ടര്കപ്പ് : ഒന്നാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : രണ്ടാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : മൂന്നാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : നാലാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : അഞ്ചാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : ആറാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: ഏഴാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: എട്ടാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: ഒന്‍പതാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: പത്താം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: പതിനൊന്നാം ഭാഗം


Advertisement