എഡിറ്റര്‍
എഡിറ്റര്‍
കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: പതിനാറ്
എഡിറ്റര്‍
Monday 19th November 2012 6:33pm

‘നീ കലയുടെ ഒരു ശത്രുവാണ്. എനിക്ക് നിന്റെ വിവരക്കേടില്‍ സഹതാപം തോന്നുന്നു.’- ഡോമിന്‍ഗോ.
അതായിരുന്നു ഡോമിന്‍ഗോ അവസാനം പറഞ്ഞ വാക്കുകള്‍.
മാന്യന്‍ തന്റെ വാളുകൊണ്ട് ഡോമിന്‍ഗോയെ കഷണം കഷണമായി
നുറുക്കി

കുട്ടികള്‍ക്കുള്ള നോവല്‍
ഭാഗം: പതിനാറ്


നോവല്‍ / ബാബു ഭരദ്വാജ്

വര/ മജ്‌നി തിരുവങ്ങൂര്‍


ഒരു രാത്രി ഇനിഗോ ഞെട്ടി ഉണര്‍ന്നപ്പോള്‍ അച്ഛന്‍ എഴുന്നേറ്റ് ഇരിക്കുന്നതാണ് കണ്ടത്. അയാളുടെ മുഖം വളരെ ശാന്തമായിരുന്നു. മൃദുവായി അയാള്‍ എന്തിന്റെയോ നേരെ നോക്കിക്കൊണ്ടിരുന്നു. ഇനിഗോ ശ്രദ്ധിച്ചു.

ഹാ! ആറുവിരലന്‍ വാള്‍ ഉണ്ടാക്കിക്കഴിഞ്ഞിരുന്നു. ആ കുടിലിന്റെ ഇരുട്ടിലും അത് തിളങ്ങിക്കൊണ്ടിരുന്നു.

Ads By Google

‘അവസാനം…’ ഡോമിന്‍ഗോ പിറുപിറുത്തു. ‘ഒരു ജീവിതകാലംകൊണ്ട് ഞാനത് ചെയ്തു. ഞാനൊരു കലാകാരനാണെന്ന് തെളിഞ്ഞു.’

പക്ഷേ, മാന്യന്‍ വാള്‍ വാങ്ങാനെത്തിയപ്പോള്‍ അയാളത് അംഗീകരിക്കാന്‍ തയ്യാറായില്ല. ‘ഒരു കൊല്ലം കാത്തിരിക്കാന്‍ വേണ്ട കോപ്പില്ല.’
ഇനിഗോ മുറിയുടെ ഒരു മൂലയില്‍ ശ്വാസമടക്കിപ്പിടിച്ചു നിന്നുകൊണ്ട് ആ രംഗം വീക്ഷിച്ചു.

‘നിങ്ങള്‍ക്കിഷ്ടമായില്ലെ?’- ഡോമിന്‍ഗോയ്ക്ക് വാക്കുകള്‍ പുറത്തുവന്നില്ല.
‘അതു മോശമാണെന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ, അഞ്ഞൂറ് സ്വര്‍ണനാണയത്തിനില്ല. ഞാന്‍ നിനക്ക് പത്ത് സ്വര്‍ണനാണയങ്ങള്‍ തരാം. അത്രയ്‌ക്കേ അതുള്ളൂ’- മാന്യന്‍.

‘തെറ്റ്.’ ഡോമിന്‍ഗോ അലറി. പത്തു സ്വര്‍ണനാണയംപോലും അതിന് വിലവരില്ല. നീ തന്ന ഒരു സ്വര്‍ണനാണയംപോലും അതിനു വിലയില്ല!’ ഡോമിന്‍ഗോ മേശവലിപ്പ് തുറന്നു. അതില്‍ അന്നയാള്‍ കൊടുത്ത സ്വര്‍ണനാണയം ഒരിക്കല്‍പോലും സ്പര്‍ശനമനുഭവിക്കാതെ കിടന്നിരുന്നു.

‘ഈ സ്വര്‍ണനാണയം നിങ്ങളുടേതാണ്. നിങ്ങള്‍ക്കൊന്നും നഷ്ടപ്പെട്ടില്ല.’ ഡോമിന്‍ഗോ വാള്‍ തിരിച്ചെടുത്തു.
‘വാളെനിക്കു വേണം. ഞാനത് എടുക്കില്ലെന്ന് പറഞ്ഞില്ല. ഞാനതിന്റെ യഥാര്‍ഥ വിലയേ തരികയുള്ളൂവെന്നാണ് പറഞ്ഞത്’- മാന്യന്‍.

ഡോമിന്‍ഗോ കത്തുന്ന കണ്ണുകളോടെ അയാളെ തുറിച്ചുനോക്കി.
‘നിനക്കൊന്നും നഷ്ടപ്പെട്ടിട്ടില്ല. പുറത്തുപോവൂ. ഇനി ഇവിടെ നില്‌ക്കേണ്ട.’
‘വാളെവിടെ?’- മാന്യന്‍.

‘അതെന്റെ മകന് അവകാശപ്പെട്ടതാണ്. ഞാനതവന് കൊടുക്കുന്നു. അതെന്നും അവന്റേതായിരിക്കും.’
‘നീയൊരു തെണ്ടിയും വിഡ്ഢിയുമാണ്. ആ വാളെനിക്കു വേണം’- മാന്യന്‍.

‘നീ കലയുടെ ഒരു ശത്രുവാണ്. എനിക്ക് നിന്റെ വിവരക്കേടില്‍ സഹതാപം തോന്നുന്നു.’- ഡോമിന്‍ഗോ.
അതായിരുന്നു ഡോമിന്‍ഗോ അവസാനം പറഞ്ഞ വാക്കുകള്‍.
മാന്യന്‍ തന്റെ വാളുകൊണ്ട് ഡോമിന്‍ഗോയെ കഷണം കഷണമായി
നുറുക്കി.

ഇനിഗോ ഉറക്കെ നിലവിളിച്ചു. അതവന് വിശ്വസിക്കാനായില്ല. അച്ഛന്‍ എഴുന്നേല്ക്കുമെന്നും പതിവുപോലെ ചായകുടിക്കുമെന്നും അവന്‍ ആഗ്രഹിച്ചു. അവന്‍ പൊട്ടിപ്പൊട്ടിക്കരഞ്ഞു. ഗ്രാമം മുഴുവന്‍ ആ കരച്ചില്‍ കേട്ടു. ആള്‍ക്കാര്‍ കുടിലിന്റെ മുമ്പില്‍ കൂട്ടം കൂടി.

മാന്യന്‍ അവരെ തള്ളിമാറ്റി പുറത്തുകടന്നു വിളിച്ചുപറഞ്ഞു:
‘അയാളെന്നെ ആക്രമിച്ചു. അയാളുടെ കയ്യില്‍ വാളു കാണുന്നില്ലേ?’
‘എന്നെ രക്ഷിക്കാന്‍ ഞാനയാളെ വെട്ടി’- മാന്യന്‍.

അത് പച്ചക്കള്ളമാണെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. പക്ഷേ, അയാളൊരു മാന്യനായിരുന്നു. അയാള്‍ കുതിരപ്പുറത്ത് കയറി.
‘ഭീരു!’
മാന്യന്‍ തിരിഞ്ഞുനോക്കി.
‘പന്നി!’

ഇനിഗോ ആറുവിരലന്‍ വാളും ഉയര്‍ത്തിപ്പിടിച്ചു വാതില്‍പ്പടിയില്‍ നിന്നു. അവന്‍ വിളിച്ചുപറഞ്ഞു: ‘ഭീരു! പന്നി!’ ‘ആരെങ്കിലും ആ പയ്യന്റെ വായടക്കൂ.’ മാന്യന്‍ വിളിച്ചുപറഞ്ഞു.

ഇനിഗോ മുമ്പോട്ടോടി. മാന്യന്റെ വഴി തടഞ്ഞുകൊണ്ടവന്‍ നിന്നു. രണ്ടു കൈകള്‍കൊണ്ടും ആറുവിരലന്‍ വാള്‍ ഉയര്‍ത്തിക്കൊണ്ടവന്‍ വിളിച്ചുപറഞ്ഞു: ‘ഞാന്‍ ഇനിഗോ മോണ്‍ടോയ, നിന്നെ വെല്ലുവിളിക്കുന്നു. ഭീരു! പന്നി! കൊലയാളി! കഴുത! വിഡ്ഢി!’

‘ആ കുട്ടിയെ എന്റെ വഴിയില്‍നിന്ന് മാറ്റിനിര്‍ത്തൂ.’- മാന്യന്‍.
‘എനിക്കു പത്തു വയസ്സേ ഉള്ളൂ. ഞാന്‍ നിന്നെ വെല്ലുവിളിക്കുന്നു’- ഇനിഗോ.

‘ഒരു ദിവസംകൊണ്ട് നിന്റെ കുടുംബം മുഴുവന്‍ നശിക്കണമെന്നാണോ നിന്റെ ആഗ്രഹം’- മാന്യന്‍.

‘ഞാന്‍ നിന്നെ കൊല്ലുന്നില്ല. നീ ധീരനാണ്. നിനക്ക് കഴിവും ഉണ്ട്. പക്ഷേ, നിനക്ക് മനുഷ്യരോട് പെരുമാറാന്‍ അറിയില്ല. ജീവിതകാലം മുഴുവന്‍ നീ അതോര്‍ക്കണം’

‘നീ നിന്റെ ജീവനുവേണ്ടി എന്നോടു കെഞ്ചുമ്പോഴേ എന്റെ ആഗ്രഹം നിലയ്ക്കൂ. ധൈര്യമുണ്ടെങ്കില്‍ താഴത്തിറങ്ങൂ’- ഇനിഗോ.

മാന്യന്‍ കുതിരപ്പുറത്തുനിന്ന് താഴെയിറങ്ങി.
‘നിന്റെ വാളെടുക്കൂ’- ഇനിഗോ.
മാന്യന്‍ ഉറയില്‍നിന്ന് തന്റെ കൊലവാള്‍ പുറത്തെടുത്തു.
‘എന്റെ അച്ഛനുവേണ്ടി… ഇനി തുടങ്ങിക്കൊളൂ’- ഇനിഗോ.

അത് തുല്യര്‍ തമ്മിലുള്ള പോരാട്ടമായിരുന്നില്ല. ഒരു മിനുട്ട്. ഇനിഗോയുടെ വാള്‍ തെറിച്ചുപോയി. എന്നാലും ആ മിനുട്ടില്‍ എന്തും സംഭവിക്കാമായിരുന്നു. പത്താമത്തെ വയസ്സിലും ഇനിഗോ പോരാളിയായിരുന്നു.

ആയുധമില്ലാതെ അവന്‍ നിന്നു. അവനൊന്നു കെഞ്ചുകപോലും ചെയ്തില്ല.
‘ഞാന്‍ നിന്നെ കൊല്ലുന്നില്ല. നീ ധീരനാണ്. നിനക്ക് കഴിവും ഉണ്ട്. പക്ഷേ, നിനക്ക് മനുഷ്യരോട് പെരുമാറാന്‍ അറിയില്ല. ജീവിതകാലം മുഴുവന്‍ നീ അതോര്‍ക്കണം’- മാന്യന്‍.

രണ്ടുതവണ വീശി.
ഇനിഗോയുടെ രണ്ടു കവിളുകളിലൂടെയും ചോരപ്പുഴ ഒഴുകാന്‍ തുടങ്ങി. അവന്‍ ജീവിതകാലം മുഴുക്കെ ആ മുറിവുകളുടെ കലയുമായി കഴിയണം. എന്നിട്ടും അവന്‍ നിലത്തുവീണില്ല. അവന്‍ കരഞ്ഞില്ല. മാന്യന്‍ വാള്‍ ഉറയിലിട്ടു. കുതിരപ്പുറത്തു കയറി ഓടിച്ചുപോയി.
അപ്പോള്‍ മാത്രമേ അവന്‍ ബോധം കെട്ടുള്ളൂ.

പിന്നീടവന്‍ കണ്ണുതുറന്നത് യെസ്റ്റെയുടെ മുഖത്തേക്കാണ്.
‘ഞാന്‍ തോറ്റുപോയി. അയാളെന്നെ തോല്പിച്ചു’.

‘ഉറങ്ങൂ’. എന്നു മാത്രമേ യെസ്റ്റെക്ക് പറയാന്‍ കഴിഞ്ഞുള്ളൂ.
ഇനിഗോ ഉറങ്ങി.

തുടരും..


ബാബു ഭരദ്വാജ്

കഥാകൃത്ത്, സഞ്ചാരാഖ്യാതാവ്, മാധ്യമ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍. 1948ല്‍ ജനുവരി 15-ന് തൃശൂര്‍ മതിലകത്ത് ജനിച്ചു. പിതാവ്: ഡോ. എം.ആര്‍. വിജയരാഘവന്‍, മാതാവ്: കെ.പി.ഭവാനി. പോയില്‍കാവ് ഹൈസ്‌കൂള്‍, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, തൃശ്ശൂര്‍ എഞ്ചിനീയറിങ്ങ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.

എസ്.എഫ്.ഐ.യുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി, കൈരളി ടി.വി. ക്രിയേറ്റീവ് എക്‌സിക്യൂട്ടീവ്, ചിന്ത വീക്കിലി എഡിറ്റര്‍, ഡൂള്‍ന്യൂസ് ചീഫ് എഡിറ്റര്‍, ഹാര്‍ബര്‍ എഞ്ചിനീയറിങ് ഡിപ്പാര്‍ട്ടുമെന്റില്‍ എഞ്ചിനീയര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.

കൃതികള്‍: പ്രവാസിയുടെ കുറിപ്പുകള്‍, പപ്പറ്റ് തിയേറ്റര്‍, ശവഘോഷയാത്ര, പരേതാത്മാക്കള്‍ക്ക് അപ്പവും വീഞ്ഞും, കലാപങ്ങള്‍ക്കൊരു ഗൃഹപാഠം എന്നിവ പ്രധാന കൃതികള്‍. 2006ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, അബൂദാബി ശക്തി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

ഭാര്യ:പ്രഭ. മക്കള്‍: രേഷ്മ, ഗ്രീഷ്മ, താഷി.

വില്യം ഗോള്‍ഡ്മാന്‍ (എസ്. മോര്‍ഗന്‍സ്റ്റണ്‍)

അമേരിക്കന്‍ നോവലിസ്റ്റും തിരക്കഥാകൃത്തുമായ വില്യം ഗോള്‍ഡ്മാന്‍ 1931-ല്‍ ചിക്കാഗോയില്‍ ജനിച്ചു. കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാഭ്യാസം. എസ്. മോര്‍ഗന്‍സ്റ്റണ്‍ എന്ന തൂലികാനാമത്തിലെഴുതി. നിരവധി നോവലുകളും തിരക്കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. The Princess Bride, Twins, Magic, Misery, Memoirs of an invisible man, The stepford wives, All the President’s Men, Harper, The Hot Rock, The Silent gondoliers തുടങ്ങിയവ പ്രധാനകൃതികള്‍. ഫിലിം അക്കാദമി അവാര്‍ഡ്, എഡ്ഗാര്‍ഡ് അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 


മുന്‍ ഭാഗങ്ങള്‍ വായിക്കൂ…

ബട്ടര്‍കപ്പ്: ആമുഖം

കുട്ടികള്ക്കുള്ള നോവല്, ബട്ടര്കപ്പ് : ഒന്നാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : രണ്ടാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : മൂന്നാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : നാലാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : അഞ്ചാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : ആറാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: ഏഴാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: എട്ടാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: ഒന്‍പതാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: പത്താം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: പതിനൊന്നാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: പന്ത്രണ്ടാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: ഭാഗം: പതിമൂന്ന്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: ഭാഗം: പതിനാല്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: ഭാഗം: പതിനഞ്ച്


Advertisement