എഡിറ്റര്‍
എഡിറ്റര്‍
കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: ഒന്‍പതാം ഭാഗം
എഡിറ്റര്‍
Tuesday 11th September 2012 8:08am

ഫ്‌ളോറിന്റെ എല്ലാ ഭാഗത്തുനിന്നും ആള്‍ക്കാര്‍ കെട്ടും ഭാണ്ഡവുമായി ഈ അപൂര്‍വ മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാന്‍ എത്തിച്ചേര്‍ന്നുകൊണ്ടിരുന്നു. ബട്ടര്‍കപ്പിന്റെ സൗന്ദര്യത്തെപ്പറ്റി ധാരാളം കഥകള്‍ പ്രചരിച്ചിരുന്നു.

കുട്ടികള്‍ക്കുള്ള നോവല്‍
ഒന്‍പതാം ഭാഗം

 


നോവല്‍ / ബാബു ഭരദ്വാജ്

വര/ മജ്‌നി തിരുവങ്ങൂര്‍


മൂന്നുവര്‍ഷങ്ങള്‍ കടന്നുപോയി. ലോതാറന്‍ രാജാവ് ഇപ്പോഴും മരിച്ചിട്ടില്ല. കൊട്ടാര വൈദ്യന്‍ അയാളെ എങ്ങനെയോ നിലനിര്‍ത്തിപ്പോന്നു. അപ്പോഴാണ് ഒരു പുതിയ പ്രശ്‌നം. രാജകുമാരന് ഒരു സാധാരണക്കാരിയെ വിവാഹം കഴിക്കാന്‍ നിയമം അനുവദിക്കുന്നില്ല. അതും ഭംഗിയായി പരിഹരിക്കപ്പെട്ടു. ബട്ടര്‍കപ്പിനെ ഹാഡര്‍സ്മിത്തിലെ രാജകുമാരിയായി പ്രഖ്യാപിക്കും.

Ads By Google

ഏതാണീ ഹാഡര്‍സ്മിത്തെന്നോ? കൊട്ടാരത്തിന്റെ പിന്നിലെ തൊടിയുടെ പേരായിരുന്നു അത്. പിന്നെ ഹാഡര്‍സ്മിത്ത് രാജകുമാരിയെ കൊട്ടാരത്തിലെ ചട്ടവട്ടങ്ങള്‍ പഠിപ്പിക്കാന്‍ തുടങ്ങും. അതിഥികള്‍ക്ക് എങ്ങനെ ചായ ഒഴിച്ചുകൊടുക്കണം, പ്രഭുക്കന്മാരെ കാണുമ്പോള്‍ എങ്ങനെ ചിരിക്കണം. അങ്ങനെ പലതും. അങ്ങനെയിങ്ങനെ മൂന്നുകൊല്ലങ്ങള്‍ കഴിഞ്ഞു. അവസാനം രാജകുമാരിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന ദിവസം വന്നു.

കൊട്ടാരത്തിനു മുന്‍പിലുള്ള വലിയ മൈതാനി ചടങ്ങ് തുടങ്ങുന്നതിന് നാല്പത് മണിക്കൂര്‍ മുന്‍പുതന്നെ നിറഞ്ഞുകവിയാന്‍ തുടങ്ങിയിരുന്നു. ഫ്‌ളോറിന്റെ എല്ലാ ഭാഗത്തുനിന്നും ആള്‍ക്കാര്‍ കെട്ടും ഭാണ്ഡവുമായി ഈ അപൂര്‍വ മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാന്‍ എത്തിച്ചേര്‍ന്നുകൊണ്ടിരുന്നു. ബട്ടര്‍കപ്പിന്റെ സൗന്ദര്യത്തെപ്പറ്റി ധാരാളം കഥകള്‍ പ്രചരിച്ചിരുന്നു.

ഒടുവില്‍ ബാല്‍ക്കണിയില്‍ രാജകുമാരന്‍ പ്രത്യക്ഷപ്പെട്ടു. ‘മഹാജനങ്ങളേ, ഇന്ന് രാജ്യത്തിനൊരാഹ്ലാദത്തിന്റെ ദിവസമാണ്. എന്റെ അച്ഛന്‍ രാജാവിന് തൊണ്ണൂറ്റിയേഴ് വയസ്സായി. അദ്ദേഹം ജീവിതത്തിന്റെ ഒടുവിലെത്തിയിരിക്കുന്നു. രാജ്യത്തിനൊരു അനന്തരാവകാശിയെ സംഭാവന ചെയ്യല്‍ എന്റെ മഹത്തായ കര്‍മ്മമാണ്. ഞാനത് നിര്‍വ്വഹിക്കാന്‍ ഉദ്ദേശിക്കുന്നു. ഇന്നേക്ക് മൂന്നുമാസത്തിനകം രാജ്യം അതിന്റെ അഞ്ഞൂറാം വാര്‍ഷികം ആഘോഷിക്കുകയാണ്. അന്ന് സന്ധ്യയ്ക്ക് ഞാന്‍ ഹാഡര്‍ സ്മിത്ത് രാജകുമാരിയെ വിവാഹം കഴിക്കും. നിങ്ങളവളെ കണ്ടിട്ടില്ലല്ലോ! ഇപ്പോള്‍ കാണാം.’ രാജകുമാരന്‍ ഇത്രയും പ്രഖ്യാപിച്ച ഉടനെ ബാല്‍ക്കണിയിലൂടെ വാതില്‍ മലര്‍ക്കെ തുറക്കപ്പെട്ടു. ജനക്കൂട്ടം ശ്വാസമടക്കിപ്പിടിച്ചു നില്‌ക്കെ ബട്ടര്‍കപ്പ് പതുക്കെ നടന്നുവന്ന് ബാല്‍ക്കണിയില്‍ രാജകുമാരന്റെ തൊട്ടടുത്തായി നിലകൊണ്ടു. മൂന്നുകൊല്ലം മുമ്പ് നമ്മള്‍ കണ്ട പതിനെട്ടു കാരിപ്പെണ്ണല്ലത്.

‘ഈ ഇരുപത്തിയൊന്നാം വയസ്സില്‍ അവള്‍ പ്രപഞ്ചത്തിന്റെ മുഴുവന്‍ സൗന്ദര്യം ഊറ്റിയെടുത്ത് ഉണ്ടാക്കപ്പെട്ടതുപോലെ തോന്നിച്ചു.
അവളുടെ മുടി ഇപ്പോഴും സ്വര്‍ണ്ണനിറത്തില്‍ത്തന്നെയായിരുന്നു. പക്ഷേ, പണ്ട് അതവള്‍ സ്വന്തം കൈകൊണ്ടാണ് ചീകി മിനുക്കിയിരുന്നതെങ്കില്‍ ഇപ്പോള്‍ നാലു തോഴികള്‍ അതിനായുണ്ടായിരുന്നു. (സ്ത്രീകള്‍ ഉണ്ടായതു മുതലേ ചീകിമിനുക്കല്‍ പണി തുടങ്ങിയിരുന്നു. ആദ്യത്തെ ചീകല്‍ വിദഗ്ധന്‍ ആദം ആയിരുന്നു) അവളുടെ തൊലി ഇപ്പോഴും കടഞ്ഞെടുത്ത വെണ്ണപോലെയിരുന്നു. പക്ഷേ, ഇപ്പോഴത് മിനുക്കി വൃത്തിയാക്കാന്‍ ആറ് തോഴികളാണുണ്ടായിരുന്നത്. തൊലി ഇപ്പോള്‍ വെട്ടിത്തിളങ്ങുന്നു.
രാജകുമാരന്‍ അവളുടെ കൈപിടിച്ചുയര്‍ത്തി. എന്നിട്ട് പതുക്കെ പറഞ്ഞു: ‘ഇപ്പോഴിത്ര മതി. അധികം കാണിക്കേണ്ട.’ എന്നിട്ടയാള്‍ തിരിഞ്ഞു വാതിലിന്റെ നേരെ നടന്നു.

‘ധാരാളം പേര്‍ മണിക്കൂറുകളായി എന്നെ കാത്തുനില്ക്കുന്നു. ഞാനവരുടെ കൂടെ കുറച്ചുസമയം ചെലവഴിക്കട്ടെ. ഞാനവരുടെ ഇടയില്‍ക്കൂടി നടക്കാന്‍ ആഗ്രഹിക്കുന്നു’- രാജകുമാരി. ‘പാടില്ല. നമ്മള്‍ അങ്ങനെ സാധാരണക്കാരുടെ ഇടയില്‍ നടക്കാന്‍ പാടില്ല’- രാജകുമാരന്‍.

‘സാരമില്ല. ഞാന്‍ ജീവിതത്തില്‍ ധാരാളം സാധാരണക്കാരെ കണ്ടിട്ടുണ്ട്. അവരുപദ്രവിക്കില്ല’- ഇതുപറഞ്ഞ് രാജകുമാരി പതുക്കെ പടികള്‍ ഇറങ്ങി ജനക്കൂട്ടത്തിനുനേരെ നടന്നുചെന്നു. അവള്‍ പോവുന്നിടത്തെല്ലാം ആള്‍ക്കാര്‍ അവള്‍ക്കുവേണ്ടി വഴി ഒഴിഞ്ഞുകൊടുത്തുകൊണ്ടിരുന്നു. മന്ദഹസിച്ചുകൊണ്ട് തലയുയര്‍ത്തിപ്പിടിച്ചവള്‍ മൈതാനിയില്‍ പലവട്ടം അങ്ങോട്ടുമിങ്ങോട്ടും നടന്നു.

അവിടെ കൂടിയിരുന്ന മിക്കപേരും ആ ദിവസം മറക്കില്ല. അവരാരുംതന്നെ പണിക്കറ ഒട്ടുമില്ലാത്ത സൗന്ദര്യത്തിന്റെ ഇത്രയേറെ അടുത്ത് ഇതിന് മുന്‍പ് നിന്നിട്ടില്ല. അവരെല്ലാം അവളെ ആരാധിക്കാന്‍ തുടങ്ങി. ചിലരൊക്കെ അവളുടെ സൗന്ദര്യം അംഗീകരിച്ചെങ്കിലും രാജ്ഞിയെന്ന നിലയില്‍ അവളെ അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. ചിലര്‍ക്ക് അവളോട് കടുത്ത അസൂയയായിരുന്നു. ചിലരവളെ വെറുത്തു.

മൂന്നുപേര്‍ മാത്രം അവളെ കൊല്ലാന്‍വേണ്ടി പദ്ധതി തയ്യാറാക്കുകയായിരുന്നു. എന്നാല്‍ സ്വാഭാവികമായും ബട്ടര്‍കപ്പ് ഇതൊന്നുമറിഞ്ഞില്ല. അവള്‍ മന്ദഹസിച്ചുകൊണ്ടുതന്നെ ഇരുന്നു. ആര്‍ക്കെങ്കിലും അവളുടെ ഉടുപ്പുതൊടണമെങ്കില്‍ തൊടാം. ആര്‍ക്കെങ്കിലും അവളുടെ വെണ്ണപോലത്തെ തൊലിയില്‍ സ്പര്‍ശിക്കണമെങ്കില്‍ അതാവാം. ഇപ്പോഴാരെങ്കിലും അവളോട് കൊലപാതകത്തെക്കുറിച്ച് സംസാരിച്ചാല്‍പോലും അവള്‍ ചിരിക്കും.

എന്നാല്‍, മൈതാനത്തിന്റെ മൂലയില്‍ രാജ്യത്തിലെ ഏറ്റവും വലിയ കെട്ടിടത്തിന്റെ ഇരുട്ടില്‍ കറുത്ത ഉടുപ്പുകളണിഞ്ഞ ഒരാള്‍ ഇരിക്കുന്നുണ്ടായിരുന്നു. അയാളുടെ ബൂട്ടുകളും പാന്റും ഷര്‍ട്ടും എല്ലാം കറുപ്പായിരുന്നു. അയാളുടെ മുഖംമൂടിയുടെ നിറവും കറുപ്പുതന്നെ. എന്നാല്‍ ഏറ്റവും കറുത്തത് അയാളുടെ കണ്ണുകള്‍ തന്നെ. തിളങ്ങുന്നതും ക്രൂരവും മരണംപോലെ തണുത്തതും.

ആ ദിവസത്തെ നടത്തം അവളെ തളര്‍ത്തിയിരുന്നു. അവളല്പം വിശ്രമിച്ചു. ഉച്ചയ്ക്കുശേഷം അവള്‍ സവാരി വസ്ത്രങ്ങള്‍ അണിഞ്ഞു. കുതിരസവാരിയായിരുന്നു അവളുടെ മാറാത്ത സ്വഭാവം. എല്ലാ ദിവസവും ഉച്ചയ്ക്കവള്‍ ഒറ്റയ്ക്ക് കുതിരപ്പുറത്ത് കൊട്ടാരത്തിനകലെയുള്ള വനത്തിലേക്ക് പോവും. ആ സമയത്താണവള്‍ എന്തെങ്കിലും ആലോചിക്കാറ് പതിവ്. ആലോചന എന്നു കേട്ടാല്‍ അവള്‍ ഭയങ്കരമായി ആലോചിക്കാറുണ്ടെന്നൊന്നും കരുതേണ്ട. എല്ലാ സുന്ദരികളേയുംപോലെ അവളുടെ തലമണ്ടയിലും നിലാവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. മൂന്നു കൊല്ലത്തിനുശേഷം ഇന്നവള്‍ക്കാദ്യമായി തോന്നി, കഴിഞ്ഞതൊക്കെ യാഥാര്‍ത്ഥ്യം തന്നെയായിരുന്നുവെന്ന്. അവള്‍ ആലോചിച്ചു. ‘എനിക്കയാളെ ഇഷ്ടമല്ല. ഞാനയാളെ വെറുക്കുന്നുമില്ല. എന്തിനു വെറുക്കണം. അയാളെപ്പോഴും മൃഗശാലയിലായിരിക്കുമല്ലോ?’ രണ്ടു കാര്യമാണവള്‍ ആലോചിച്ചിരുന്നത്. ഒന്ന്, സ്‌നേഹമില്ലാതെ വിവാഹം ചെയ്യുന്നത് തെറ്റാണോ? രണ്ട്, അങ്ങനെയാണെങ്കില്‍, ഇപ്പോള്‍ ഒഴിഞ്ഞുമാറാന്‍ സമയം വൈകിയോ? ഉത്തരവും അവള്‍ കണ്ടെത്തി. ആദ്യത്തേതിന് അല്ല എന്നും രണ്ടാമത്തേതിന് അതെ എന്നും. അവളാണ് ലോകത്തിലെ ഏറ്റവും വലിയ സുന്ദരി. ഇപ്പോള്‍ അവള്‍ ഏറ്റവും വലിയ പണക്കാരിയും അധികാരശക്തിയുള്ളവളുമാകാന്‍ പോകുന്നു.

‘ജീവിതത്തില്‍നിന്ന് ഇതിലധികം പ്രതീക്ഷിക്കരുത്. കിട്ടിയതുകൊണ്ട് തൃപ്തിപ്പെടണം.’ അവള്‍ സ്വയം പറഞ്ഞു.

ബട്ടര്‍കപ്പ് കുന്നിന്‍മുകളില്‍ എത്തിയപ്പോള്‍ സന്ധ്യയായിക്കഴിഞ്ഞിരുന്നു. അവള്‍ കൊട്ടാരത്തില്‍ നിന്നിപ്പോള്‍ ഏകദേശം അരമണിക്കൂര്‍ അകലത്തിലായിരുന്നു. അവളുടെ സാധാരണ സവാരിയുടെ മുക്കാല്‍ ഭാഗത്തോളം അപ്പോള്‍ കഴിഞ്ഞിരുന്നു. അവള്‍ പെട്ടെന്ന് കുതിരയുടെ കടിഞ്ഞാണ്‍ പിടിച്ചുനിര്‍ത്തി. കാരണം, അവള്‍ ജീവിതത്തില്‍ കണ്ടതില്‍ വെച്ചേറ്റവും രസകരവും ഏറ്റവും ശക്തിമത്തുമായ ഒരു മുക്കൂട്ടു മുന്നണിയാണ് മുമ്പില്‍ നില്‍ക്കുന്നത്.

ഏറ്റവും മുന്‍പിലത്തെ ആള്‍ അല്പം ഇരുണ്ടവനാണ്. ബുദ്ധിശക്തി തോന്നിപ്പിക്കുന്ന അഴകുള്ള ഒരു മുഖമാണവനുള്ളത്. എന്നാല്‍ അവന്റെ ഒരു കാല്‍ ചെറുതായിരുന്നു. അതുകൊണ്ട് അവനൊരു കൂനനെപ്പോലെ തോന്നിച്ചു. അവനൊരു സിസിലിയന്‍* ആയിരുന്നു. അവന്റെ വേഗം അത്ഭുതകരമായിരുന്നു. മറ്റു രണ്ടുപേരും നിന്നിടത്തുതന്നെ നിന്നു. കൂനന്‍ അതിവേഗത്തില്‍ ബട്ടര്‍കപ്പിന്റെ നേരെ കുതിച്ചു.

അടുത്ത ആള്‍ അയാളുടെ അരയില്‍ തൂങ്ങുന്ന വാളുപോലെതന്നെ മെലിഞ്ഞവനായിരുന്നു. അയാളൊരു സ്പാനിഷ് പടയാളിയായിരുന്നു. മൂന്നാമത്തവന്‍ ഒരു തുര്‍ക്കിയാണ്. ആ താടിക്കാരനായിരിക്കണം ലോകത്തിലെ ഏറ്റവും വലിയ തടിയന്‍.

‘ഒരൊറ്റ വാക്ക്’. സിസിലിയന്‍ അവളുടെ നേരെ കയ്യുയര്‍ത്തി ചിരിച്ചു.
അയാളുടെ ചിരിക്ക് അയാളുടെ മുഖത്തേക്കാള്‍ അഴകുണ്ടായിരുന്നു.
‘പറയൂ’. ഗൗരവത്തില്‍ ബട്ടര്‍കപ്പ് പറഞ്ഞു.

‘ഞങ്ങള്‍ പാവപ്പെട്ട ഒരു സംഘം സര്‍ക്കസ്സുകാരാണ്. ഇതിനടുത്ത് ഒരു ഗ്രാമമുണ്ടെന്നും അവിടെ ഞങ്ങള്‍ക്ക് സര്‍ക്കസ് കാണിക്കാന്‍ പറ്റിയേക്കുമെന്നും ചിലര്‍ ഞങ്ങളോടു പറഞ്ഞു.’

‘നിങ്ങള്‍ക്ക് കിട്ടിയ വിവരം തെറ്റാണ്. അടുത്തൊന്നും ഒറ്റ ഗ്രാമവും ഇല്ല. എത്രയോ നാഴികകള്‍ പോയാല്‍ത്തന്നെ കാണാന്‍ വിഷമമാണ്’. ബട്ടര്‍കപ്പ്.
‘അപ്പോള്‍ നിങ്ങളുടെ നിലവിളി ആരും കേള്‍ക്കില്ല അല്ലേ?’- ഇതു പറഞ്ഞ് കൂനന്‍ സിസിലിയന്‍ പേടിപ്പിക്കുന്ന വേഗത്തില്‍ അവളുടെ നേരെ ചാടി.
ഇത്രയുമേ ബട്ടര്‍കപ്പ് അറിഞ്ഞുള്ളൂ. ഒരുപക്ഷേ, അവള്‍ നിലവിളിച്ചിരിക്കണം. ഒരിക്കലും അതു വേദനകൊണ്ടാവില്ല. പേടികൊണ്ടായിരിക്കണം. കാരണം ഒട്ടും വേദനയില്ലാതെയാണവര്‍ അവളെ ബോധം കെടുത്തിയത്. അയാളുടെ കൈവിരലുകള്‍ അവളുടെ നെറ്റിയിലും കഴുത്തിലും അവിടെയുമിവിടെയും സ്പര്‍ശിച്ചതേയുള്ളൂ. വാടിയ ഒരു തകരപോലെ അവള്‍ ബോധംകെട്ടു വീണു.

തുടരും..


ബാബു ഭരദ്വാജ്

കഥാകൃത്ത്, സഞ്ചാരാഖ്യാതാവ്, മാധ്യമ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍. 1948ല്‍ ജനുവരി 15-ന് തൃശൂര്‍ മതിലകത്ത് ജനിച്ചു. പിതാവ്: ഡോ. എം.ആര്‍. വിജയരാഘവന്‍, മാതാവ്: കെ.പി.ഭവാനി. പോയില്‍കാവ് ഹൈസ്‌കൂള്‍, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, തൃശ്ശൂര്‍ എഞ്ചിനീയറിങ്ങ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.

എസ്.എഫ്.ഐ.യുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി, കൈരളി ടി.വി. ക്രിയേറ്റീവ് എക്‌സിക്യൂട്ടീവ്, ചിന്ത വീക്കിലി എഡിറ്റര്‍, ഡൂള്‍ന്യൂസ് ചീഫ് എഡിറ്റര്‍, ഹാര്‍ബര്‍ എഞ്ചിനീയറിങ് ഡിപ്പാര്‍ട്ടുമെന്റില്‍ എഞ്ചിനീയര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.

കൃതികള്‍: പ്രവാസിയുടെ കുറിപ്പുകള്‍, പപ്പറ്റ് തിയേറ്റര്‍, ശവഘോഷയാത്ര, പരേതാത്മാക്കള്‍ക്ക് അപ്പവും വീഞ്ഞും, കലാപങ്ങള്‍ക്കൊരു ഗൃഹപാഠം എന്നിവ പ്രധാന കൃതികള്‍. 2006ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, അബൂദാബി ശക്തി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

ഭാര്യ:പ്രഭ. മക്കള്‍: രേഷ്മ, ഗ്രീഷ്മ, താഷി.

വില്യം ഗോള്‍ഡ്മാന്‍ (എസ്. മോര്‍ഗന്‍സ്റ്റണ്‍)

അമേരിക്കന്‍ നോവലിസ്റ്റും തിരക്കഥാകൃത്തുമായ വില്യം ഗോള്‍ഡ്മാന്‍ 1931-ല്‍ ചിക്കാഗോയില്‍ ജനിച്ചു. കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാഭ്യാസം. എസ്. മോര്‍ഗന്‍സ്റ്റണ്‍ എന്ന തൂലികാനാമത്തിലെഴുതി. നിരവധി നോവലുകളും തിരക്കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. The Princess Bride, Twins, Magic, Misery, Memoirs of an invisible man, The stepford wives, All the President’s Men, Harper, The Hot Rock, The Silent gondoliers തുടങ്ങിയവ പ്രധാനകൃതികള്‍. ഫിലിം അക്കാദമി അവാര്‍ഡ്, എഡ്ഗാര്‍ഡ് അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 


മുന്‍ ഭാഗങ്ങള്‍ വായിക്കൂ…

ബട്ടര്‍കപ്പ്: ആമുഖം

കുട്ടികള്ക്കുള്ള നോവല്, ബട്ടര്കപ്പ് : ഒന്നാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : രണ്ടാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : മൂന്നാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : നാലാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : അഞ്ചാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : ആറാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: ഏഴാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: എട്ടാം ഭാഗം


Advertisement