എഡിറ്റര്‍
എഡിറ്റര്‍
കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: ഭാഗം: പതിനാല്
എഡിറ്റര്‍
Wednesday 7th November 2012 5:05pm

അതിന്റെ തിളങ്ങുന്ന മുന വയറിനോടടുത്തടുത്തു വന്നു. ‘ഞാന്‍ വിചാരിച്ചതിനേക്കാള്‍ കഠിനമാണ് വേദന’. യെസ്‌റ്റെ കരഞ്ഞു.
‘അതെങ്ങനെയാണ് നിനക്ക് വേദനിക്കുന്നത്. കത്തി ഇപ്പോഴും ശരീരത്തില്‍നിന്ന് ഒരിഞ്ച് അകലെയല്ലെ?’- ഡോമിന്‍ഗോ പറഞ്ഞു.

കുട്ടികള്‍ക്കുള്ള നോവല്‍
ഭാഗം: പതിനാല്

 


നോവല്‍ / ബാബു ഭരദ്വാജ്

വര/ മജ്‌നി തിരുവങ്ങൂര്‍


നടന്നുകൊണ്ടിരിക്കുന്ന കഥ ഇവിടെ ഉപേക്ഷിച്ച് നമുക്കിനി ഇനിഗോയുടെ പൂര്‍വകഥയിലേക്ക് പോവാം.
മധ്യസ്‌പെയിനിലെ ടൊലഡോ പര്‍വതനിരകളിലെവിടെയോ ആയിരുന്നു അരബെല്ലാ എന്ന ഗ്രാമം. ആ ഗ്രാമം വളരെ ചെറുതായിരുന്നു. എന്നും ശുദ്ധവായു കിട്ടും. അതു മാത്രമായിരിക്കണം ആ ഗ്രാമത്തിന്റെ നന്മ.

Ads By Google

ആ ഗ്രാമം വളരെ ദരിദ്രമായിരുന്നു. തെരുവിലൂടെ നായ്ക്കള്‍ തെണ്ടിനടന്നു. ഒരിക്കലും ആവശ്യത്തിന് ഭക്ഷണം ഗ്രാമവാസികള്‍ക്ക് ലഭിച്ചിരുന്നില്ല. വായു ശുദ്ധമായിരുന്നെങ്കിലും പകല്‍ ഉഗ്രമായ ചൂടായിരുന്നു. രാത്രി കൊടും തണുപ്പും.

ഇനിഗോയ്ക്ക് എന്നും വിശപ്പായിരുന്നു. അയാള്‍ക്ക് സഹോദരന്മാരോ സഹോദരിമാരോ ഉണ്ടായിരുന്നില്ല. ഇനിഗോയുടെ അമ്മ ഇനിഗോയെ പ്രസവിക്കുമ്പോള്‍ മരിച്ചുപോയി. എങ്കിലും അവനെപ്പോഴും സന്തുഷ്ടനായിരുന്നു.

അവന്റെ അച്ഛന്‍ ഡോമിന്‍ഗോ മൊണ്‍ടോയ ഭയങ്കര മറവിക്കാരനും ദേഷ്യക്കാരനുമൊക്കെയായിരുന്നു. അയാളൊരിക്കലും ചിരിച്ചിട്ടില്ല. എങ്കിലും ഇനിഗോയ്ക്ക് അച്ഛനെ വലിയ സ്‌നേഹമായിരുന്നു. എന്തുകൊണ്ടാണെന്ന് നിങ്ങള്‍ ചോദിക്കരുത്. കാരണമൊന്നുമില്ല. ഡോമിന്‍ഗോയും മകനെ സ്‌നേഹിച്ചിരിക്കണം. പക്ഷേ, സ്‌നേഹത്തിന് കാരണവും കാര്യവുമൊന്നുമില്ലല്ലോ!

വാളുണ്ടാക്കലായിരുന്നു അയാളുടെ തൊഴില്‍. നിങ്ങള്‍ക്കൊരു മനോഹരമായ വാള് വേണമെങ്കില്‍ നിങ്ങള്‍ ഡോമിന്‍ഗോ മോണ്‍ടോയയുടെ അടുക്കല്‍ പോവുമോ? നിങ്ങള്‍ക്കതിമനോഹരമായ ഒരു വാളു വേണമെങ്കില്‍ നിങ്ങള്‍ ടൊലഡോ പര്‍വതനിരകളിലേക്ക് പോവുമോ? നിങ്ങള്‍ക്കൊരു വാള്, ഒരു കലാസൃഷ്ടി, യുഗങ്ങളോളം നിലനില്‍ക്കുന്ന ഒരു വാള്- വേണമെങ്കില്‍ അരബെല്ലയിലേക്കാണോ നിങ്ങള്‍ പോവുക?

അല്ല, ഒരിക്കലുമല്ല.
നിങ്ങള്‍ മാഡ്രിഡിലേക്ക് പോവും. കാരണം അവിടെയാണ് പ്രസിദ്ധനായ യെസ്‌റ്റെ ജീവിച്ചിരുന്നത്. നിങ്ങളുടെ കൈയില്‍ പണവും അയാള്‍ക്ക് സമ
യവും ഉണ്ടെങ്കില്‍ നിങ്ങള്‍ക്കൊരു വാള് കിട്ടും. യെസ്റ്റെ തടിയനും രസികനും നഗരത്തിലെ ഏറ്റവും വലിയ ധനികരില്‍ ഒരാളുമായിരുന്നു. എന്തുകൊണ്ട് ആയിക്കൂടാ! അയാള്‍ അത്ഭുതകരമായ, വാളുകളുണ്ടാക്കി. മാത്രമല്ല മാന്യന്‍മാര്‍ അയാളുണ്ടാക്കിയ വാളുകള്‍കൊണ്ടന്യോന്യം അങ്കംവെട്ടി.

പക്ഷേ, എപ്പോഴെങ്കിലുമൊരിക്കല്‍ യെസ്റ്റേക്ക് ഉണ്ടാക്കാന്‍ കഴിയുന്നതിനേക്കാള്‍ മെച്ചപ്പെട്ട ഒരു വാളിനുവേണ്ടി ആരെങ്കിലും വരും. അങ്ങനെ വരുമ്പോള്‍ യെസ്റ്റെ
‘രക്ഷയില്ല, എനിക്കതുണ്ടാക്കാനാവില്ല’ എന്നു പറയുമോ? ഇല്ല. ഒരിക്കലുമില്ല.
അയാള്‍ പറയും, ‘തീര്‍ച്ചയായും എനിക്കു പെരുത്ത് സന്തോഷമുണ്ട്.
പകുതി പണം ഇപ്പോള്‍ തരണം. ബാക്കി സാധനം കൈയില്‍ കിട്ടിയതിനു
ശേഷം. ഒരു കൊല്ലത്തിനുശേഷം വരിക.’

അടുത്തദിവസം യെസ്റ്റെ ടൊലഡോ മലനിരകളിലേക്ക് യാത്ര തിരിക്കും.
‘ഡൊമിന്‍ഗോ’. ഇനിഗോയുടെ അച്ഛന്റെ കുടിലിനു മുന്‍പില്‍ വന്നുനിന്നയാള്‍ വിളിക്കും.
‘യെസ്റ്റെ’ ഡോമിന്‍ഗോ കുടിലില്‍നിന്ന് പുറത്തുവരും. രണ്ടാളും കെട്ടിപ്പിടിക്കും. ഓടി അടുത്തണയുന്ന ഇനിഗോയുടെ തലമുടിയില്‍ യെസ്റ്റെ വാത്സല്യത്തോടെ വിരലോടിക്കും. അതിനുശേഷം അവരിരുവരും സംസാരിക്കുമ്പോള്‍ ഇനിഗോ ചായയുണ്ടാക്കും.

‘എനിക്ക് നിങ്ങളെ ആവശ്യമുണ്ട്.’ യെസ്റ്റെ എപ്പോഴും അങ്ങനെയാണ് ആരംഭിക്കുക. ഡോമിന്‍ഗോ തലകുലുക്കും. ഒരു ഇറ്റാലിയന്‍ രാജകുമാരന് വേണ്ടി ഒരു വാളുണ്ടാക്കാമെന്ന് ഞാന്‍ സമ്മതിച്ചിട്ടുണ്ട്. പകുതി പണവും വാങ്ങിക്കഴിഞ്ഞു. അതിന്റെ പിടിയില്‍ രത്‌നം പതിച്ചിരിക്കണം. മാത്രമല്ല അയാളുടെ ഇപ്പോഴത്തെ വെപ്പാട്ടിയുടെ പേര് രത്‌നങ്ങള്‍ കൊണ്ടെഴുതുകയും വേണം, മാത്രമല്ല-
‘പറ്റില്ല’. ഒരൊറ്റ വാക്കു മാത്രം. അതു മാത്രം മതി. ഡൊമിന്‍ഗോ. ‘പറ്റില്ല’ എന്നു പറഞ്ഞാല്‍ പറ്റില്ലെന്നുതന്നെയാണര്‍ത്ഥം.
ചായയുണ്ടാക്കിക്കൊണ്ടിരിക്കുന്ന ഇനിഗോയ്ക്കറിയാം ഇപ്പോഴെന്താണ് സംഭവിക്കുകയെന്ന്. യെസ്റ്റെ അയാളുടെ വൈഭവം മുഴുവന്‍ കാട്ടും.

‘പറ്റില്ല.’
യെസ്റ്റെ അയാളുടെ ധനത്തിന്റെ പ്രൗഢി കാട്ടും.
‘പറ്റില്ല.’
യെസ്റ്റെ നിര്‍ബന്ധിക്കും.
‘പറ്റില്ല.’
യെസ്റ്റെ കെഞ്ചും. വാഴ്ത്തും.
‘പറ്റില്ല.’
യെസ്റ്റെ ശകാരിക്കും. ഭീഷണിപ്പെടുത്തും.
‘പറ്റില്ല.’
യെസ്റ്റെ കരയും.
‘ഒരു കപ്പ് ചായകൂടി കുടിക്കൂ യെസ്റ്റെ’- ഡൊമിന്‍ഗോ.
ഒടുവില്‍ യെസ്റ്റെ ചോദിക്കും.
‘എന്തുകൊണ്ട് പറ്റില്ല.’

‘എന്തുകൊണ്ടെന്നോ എന്റെ തടിയന്‍ സ്‌നേഹിതാ. ഒരിക്കല്‍ ഒരു വെല്ലുവിളിയുമായി എന്റെ അടുക്കല്‍ വരൂ. ഒരിക്കല്‍. ഒരിക്കല്‍ മാത്രം. എന്നോടു പറയൂ, ഡൊമിന്‍ഗോ, എനിക്കൊരു വാള് വേണം. ഒരു എണ്‍പതുകാരന് ഒരു മല്ലയുദ്ധത്തിന്. ഞാന്‍ നിന്നെ കെട്ടിപ്പിടിച്ച് കരയും. കാരണം ഒരു എണ്‍പതുകാരന് ഒരു ദ്വന്ദ്വയുദ്ധം ജയിക്കാനൊരു വാളുണ്ടാക്കുക ഒരു വലിയ കാര്യമാണ്. കാരണം ഒരു ദ്വന്ദ്വയുദ്ധം ജയിക്കാന്‍ വേണ്ട കരുത്ത് ആ വാളിനുണ്ടായിരിക്കണം. എന്നാല്‍ അയാളുടെ ക്ഷീണിച്ച കൈകള്‍ക്ക് ആ വാള്‍ ഭാരമായിരിക്കരുത്.

എന്റെ എല്ലാ കഴിവും അതിനുവേണ്ടി ഉപയോഗിക്കേണ്ടിവരും. ഒരു പ്രത്യേകലോഹം ഞാന്‍ കണ്ടുപിടിക്കേണ്ടിവരും. കരുത്തുള്ളതും ഭാരമില്ലാത്തതും. പുതിയൊരു ഫോര്‍മുല കണ്ടുപിടിക്കേണ്ടിവരും. ഇരുമ്പിന്റെ കൂടെ ചെമ്പുചേര്‍ക്കേണ്ടിവരും. അത്തരമൊരവസരത്തിനുവേണ്ടി ഞാന്‍ നിന്റെ വൃത്തികെട്ട കാലുകള്‍ ചുംബിക്കും. എന്നാല്‍ തടിയന്‍ യെസ്റ്റെ, ഒരു വൃത്തികെട്ട പെണ്ണിനെ സന്തോഷിപ്പിക്കാന്‍, അവളുടെ വൃത്തികെട്ട പേരെഴുതിയ, വൃത്തികെട്ട രത്‌നങ്ങള്‍ പതിച്ച, വൃത്തികെട്ട ഒരു വാള്‍, ഒരു വൃത്തികെട്ട വിഡ്ഢിക്കൊശവന്‍ ഇറ്റാലിയനുവേണ്ടി ഉണ്ടാക്കണമെന്നു പറഞ്ഞാല്‍ ഞാന്‍ ചെയ്യില്ല.’

‘ഞാനവസാനമായാണ് ചോദിക്കുന്നത്, ദയവുചെയ്ത്…’
‘അവസാനമായാണ് ഞാന്‍ നിന്നോട് പറയുന്നത്. പറ്റില്ല.’

യെസ്റ്റെ പറയാന്‍ തുടങ്ങി ‘ഞാന്‍ വാക്കു കൊടുത്തുപോയി. എനിക്കതുണ്ടാക്കാന്‍ കഴിയില്ല. ഈ ലോകത്ത് നിനക്ക് മാത്രമേ അതുണ്ടാക്കാനാവൂ.
നീ പറ്റില്ലെന്നാണ് പറയുന്നതെങ്കില്‍ എനിക്കെന്റെ വാക്കു പാലിക്കാനാവില്ല. അതിനര്‍ത്ഥം എന്റെ മാനം നഷ്ടപ്പെടുന്നു എന്നാണ്. ഈ ലോകത്തില്‍ മാനം മാത്രമേ ഞാന്‍ വലുതായി കാണുന്നുള്ളൂ. മാനം നഷ്ടപ്പെടുത്തി ഞാന്‍ ജീവിക്കില്ല. നീയാണെന്റെ ഏറ്റവും വലിയ സുഹൃത്ത്. നിന്റെ മുമ്പില്‍ കിടന്ന്, നിന്റെ സ്‌നേഹത്തില്‍ കുളിച്ച് ഞാനിപ്പോള്‍ മരിക്കും.’യെസ്റ്റെ ഉറയില്‍നിന്നൊരു കത്തി വലിച്ചൂരും.

മനോഹരമായൊരു കത്തി. യെസ്റ്റെയുടെ വിവാഹത്തിന് ഡൊമിന്‍ഗോ കൊടുത്ത സമ്മാനമാണത്.
യെസ്റ്റെ ഇനിഗോയുടെ തലമുടിയില്‍ വിരലോടിച്ചുകൊണ്ട് പറയും: ‘കൊച്ചു ഇനിഗോ, ഗുഡ്‌ബൈ. ദൈവം നിനക്ക് വിധിച്ച ചിരി മുഴുവനും നിനക്കു കിട്ടട്ടെ.’ ഇനിഗോ ഒന്നും പറയില്ല. ഇനിഗോയ്ക്ക് ഒന്നും പറയാന്‍ പാടില്ല. ‘ഗുഡ്‌ബൈ ഡോമിന്‍ഗോ. ഞാന്‍ നിന്റെ കുടിലില്‍ വെച്ചാണ് മരിക്കുന്നത്. നിന്റെ കടുംപിടിത്തം കാരണം ഒരര്‍ഥത്തില്‍ നീയാണെന്നെ കൊല്ലുന്നത്. പക്ഷേ, അതേക്കുറിച്ച് വീണ്ടുമൊരിക്കല്‍ കൂടി വിചാരിച്ച് മനസ്താപപ്പെടരുത്. ഞാന്‍ നിന്നെ സ്‌നേഹിച്ചിരുന്നു. ഇപ്പോഴും സ്‌നേഹിക്കുന്നു. നിന്റെ മനഃസാക്ഷി നിന്നെ വേദനിപ്പിക്കാതിരിക്കട്ടെ.’

യെസ്റ്റെ തന്റെ കോട്ട് വലിച്ചുതുറന്നു. കത്തി വയറിന്റെ നേരെ ഓങ്ങി.
അതിന്റെ തിളങ്ങുന്ന മുന വയറിനോടടുത്തടുത്തു വന്നു. ‘ഞാന്‍ വിചാരിച്ചതിനേക്കാള്‍ കഠിനമാണ് വേദന’. യെസ്‌റ്റെ കരഞ്ഞു.
‘അതെങ്ങനെയാണ് നിനക്ക് വേദനിക്കുന്നത്. കത്തി ഇപ്പോഴും ശരീരത്തില്‍നിന്ന് ഒരിഞ്ച് അകലെയല്ലെ?’- ഡോമിന്‍ഗോ പറഞ്ഞു.
‘ശരിയാണ്. ഞാന്‍ വേദനയുടെ പ്രതീക്ഷയിലാണ്. എന്നെ ഉപദ്രവിക്കാതിരിക്കൂ. ഞാന്‍ ശാന്തനായി മരിക്കട്ടെ’- യെസ്റ്റെ കത്തി ശരീരത്തോടടുപ്പിച്ച് അമര്‍ത്തി.

ഡോമിന്‍ഗോ കത്തി പിടിച്ചുവാങ്ങി. എന്നിട്ട് പറഞ്ഞു: ‘അടുത്ത തവണ ഞാന്‍ നിന്നെ തടയില്ല’. എന്നിട്ട് ഇനിഗോയോട് പറഞ്ഞു.
‘അത്താഴത്തിന് ഒരു പ്ലെയ്റ്റ് കൂടി വെക്കൂ.’
‘ഞാന്‍ സത്യമായിട്ടും മരിക്കാന്‍ പോവുകയായിരുന്നു’- യെസ്റ്റെ.
‘നാടകം മതി’- ഡോമിന്‍ഗോ.
‘കറിയെന്തൊക്കെയാണ്’- യെസ്റ്റെ.
‘സാധാരണയുള്ളതൊക്കെത്തന്നെ’- ഡോമിന്‍ഗോ.

‘ഇനിഗോ, നീ പോയി എന്റെ വണ്ടിയിലെന്തെങ്കിലുമുണ്ടോയെന്ന് നോക്കൂ’- യെസ്റ്റെ.
എല്ലായ്‌പ്പോഴും വണ്ടിയില്‍ ഈ മുഹൂര്‍ത്തത്തിന് വേണ്ടി ഒരു സദ്യവട്ടം കാത്തിരിക്കുന്നുണ്ടാവും.
ഭക്ഷണത്തിനും കഥകള്‍ക്കുംശേഷം യെസ്റ്റെ യാത്ര ആരംഭിക്കും.

പക്ഷേ, പോകുന്നതിനുമുമ്പ് എന്നും അപേക്ഷിക്കും.
‘ഡോമിന്‍ഗോ, നിനക്ക് മാഡ്രിഡിലേക്ക് വന്നുകൂടെ. എന്റെ പങ്കാളിയായി. തുല്യ പങ്കാളിയായി. യെസ്റ്റെ- ഡോമിന്‍ഗോ വാള്‍ക്കമ്പനി തുടങ്ങാം നമുക്ക്.’
‘വേണ്ട’- ഡോമിന്‍ഗോ.
‘ശരി. എങ്കില്‍ നമുക്ക് ഡോമിന്‍ഗോ- യെസ്റ്റെ എന്നപേരില്‍ തുടങ്ങാം.
നിങ്ങളാണേറ്റവും വലിയ വാള് നിര്‍മ്മാതാവ്. അതുകൊണ്ട് നിങ്ങളുടെ പേരുതന്നെ ആദ്യം വരണം.’
‘നിന്റെ യാത്ര സുഖമായിരിക്കട്ടെ’- ഡോമിന്‍ഗോ.

‘നീ വരുന്നില്ലെ?’- യെസ്റ്റെ.
‘എന്റെ സുഹൃത്തേ, നീ പ്രസിദ്ധനും പണക്കാരനുമാണ്. കാരണം നല്ല ആയുധങ്ങള്‍ ഉണ്ടാക്കുന്നു. പക്ഷേ, നീയേത് വിഡ്ഢിക്ക് വേണ്ടിയും ഉണ്ടാക്കും. ഞാന്‍ ദരിദ്രനാണ്. എന്നെ ഈ ലോകത്തില്‍ നീയും ഇനിഗോയും മാത്രമേ അറിയൂ. കാരണം, എനിക്ക് വിഡ്ഢികളെ സഹിക്കാനാവില്ല.’

‘നീ ഒരു കലാകാരനാണ്’- യെസ്റ്റെ.
‘അല്ല, ഇപ്പോഴല്ല. ഞാനിപ്പോള്‍ ഒരു തൊഴിലാളി മാത്രമാണ്. പക്ഷേ, ഞാനൊരു കലാകാരനെ സ്വപ്‌നം കാണുന്നു. ഒരിക്കല്‍, എന്നെങ്കിലുമൊരിക്കല്‍ എനിക്കൊരു കലാസൃഷ്ടി നടത്താന്‍ കഴിഞ്ഞേക്കും. അന്ന് നിനക്കെന്നെ കലാകാരനെന്ന് വിളിക്കാം.’

യെസ്റ്റെ തന്റെ കുതിരവണ്ടിയില്‍ കയറി. ഡൊമിന്‍ഗോ വണ്ടിയുടെ ജനാലയ്ക്കലേക്ക് നീങ്ങിനിന്നു. എന്നിട്ട് പതുക്കെ പറഞ്ഞു: ‘ഒരു കാര്യം മാത്രം ഓര്‍ക്കുക. ആ രത്‌നം പതിച്ച വാള്‍ അത് നീ ചെയ്തതാണെന്നു പറയണം. ഒരിക്കലും എന്റെ പേര് പറയരുത്.’
‘ഞാനക്കാര്യം ഓര്‍ക്കും. ഈ രഹസ്യം ഞാനെന്നും സൂക്ഷിക്കും.’

അവര്‍ കെട്ടിപ്പിടിച്ച് യാത്ര പറയും. ഇങ്ങനെയായിരുന്നു ജീവിതം എന്നും. ആറുവിരലന്‍ വാളിനു മുമ്പുവരെ.

തുടരും..


ബാബു ഭരദ്വാജ്

കഥാകൃത്ത്, സഞ്ചാരാഖ്യാതാവ്, മാധ്യമ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍. 1948ല്‍ ജനുവരി 15-ന് തൃശൂര്‍ മതിലകത്ത് ജനിച്ചു. പിതാവ്: ഡോ. എം.ആര്‍. വിജയരാഘവന്‍, മാതാവ്: കെ.പി.ഭവാനി. പോയില്‍കാവ് ഹൈസ്‌കൂള്‍, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, തൃശ്ശൂര്‍ എഞ്ചിനീയറിങ്ങ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.

എസ്.എഫ്.ഐ.യുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി, കൈരളി ടി.വി. ക്രിയേറ്റീവ് എക്‌സിക്യൂട്ടീവ്, ചിന്ത വീക്കിലി എഡിറ്റര്‍, ഡൂള്‍ന്യൂസ് ചീഫ് എഡിറ്റര്‍, ഹാര്‍ബര്‍ എഞ്ചിനീയറിങ് ഡിപ്പാര്‍ട്ടുമെന്റില്‍ എഞ്ചിനീയര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.

കൃതികള്‍: പ്രവാസിയുടെ കുറിപ്പുകള്‍, പപ്പറ്റ് തിയേറ്റര്‍, ശവഘോഷയാത്ര, പരേതാത്മാക്കള്‍ക്ക് അപ്പവും വീഞ്ഞും, കലാപങ്ങള്‍ക്കൊരു ഗൃഹപാഠം എന്നിവ പ്രധാന കൃതികള്‍. 2006ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, അബൂദാബി ശക്തി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

ഭാര്യ:പ്രഭ. മക്കള്‍: രേഷ്മ, ഗ്രീഷ്മ, താഷി.

വില്യം ഗോള്‍ഡ്മാന്‍ (എസ്. മോര്‍ഗന്‍സ്റ്റണ്‍)

അമേരിക്കന്‍ നോവലിസ്റ്റും തിരക്കഥാകൃത്തുമായ വില്യം ഗോള്‍ഡ്മാന്‍ 1931-ല്‍ ചിക്കാഗോയില്‍ ജനിച്ചു. കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാഭ്യാസം. എസ്. മോര്‍ഗന്‍സ്റ്റണ്‍ എന്ന തൂലികാനാമത്തിലെഴുതി. നിരവധി നോവലുകളും തിരക്കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. The Princess Bride, Twins, Magic, Misery, Memoirs of an invisible man, The stepford wives, All the President’s Men, Harper, The Hot Rock, The Silent gondoliers തുടങ്ങിയവ പ്രധാനകൃതികള്‍. ഫിലിം അക്കാദമി അവാര്‍ഡ്, എഡ്ഗാര്‍ഡ് അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 


മുന്‍ ഭാഗങ്ങള്‍ വായിക്കൂ…

ബട്ടര്‍കപ്പ്: ആമുഖം

കുട്ടികള്ക്കുള്ള നോവല്, ബട്ടര്കപ്പ് : ഒന്നാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : രണ്ടാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : മൂന്നാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : നാലാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : അഞ്ചാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : ആറാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: ഏഴാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: എട്ടാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: ഒന്‍പതാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: പത്താം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: പതിനൊന്നാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: പന്ത്രണ്ടാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: ഭാഗം: പതിമൂന്ന്


Advertisement