എഡിറ്റര്‍
എഡിറ്റര്‍
കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: ഭാഗം: പതിനഞ്ച്
എഡിറ്റര്‍
Wednesday 14th November 2012 1:57pm

‘നിങ്ങള്‍ ആഞ്ഞുവെട്ടാനാണോ ചെത്താനാണോ ഇഷ്ടപ്പെടുന്നത്… ഇടത്തുനിന്ന് വലത്തോട്ടാണോ അതോ ഭൂമിക്ക് ലംബമായാണോ നിങ്ങള്‍ വീശുക… നിങ്ങള്‍ വെട്ടുമ്പോള്‍ മുകളിലേക്കൊരു തള്ളല്‍ ഇഷ്ടപ്പെടുന്നുണ്ടോ? നിങ്ങള്‍ വാള്‍ വീശുമ്പോള്‍ തോളെല്ലിനാണോ ബലം കൊടുക്കുന്നത് അതോ കൈത്തണ്ടയ്‌ക്കോ…’

കുട്ടികള്‍ക്കുള്ള നോവല്‍
ഭാഗം: പതിനഞ്ച്


നോവല്‍ / ബാബു ഭരദ്വാജ്

വര/ മജ്‌നി തിരുവങ്ങൂര്‍


ആ ദിവസം ഇനിഗോ ശരിക്കും ഓര്‍ക്കുന്നു. ഇനിഗോ അടുക്കളയില്‍ ഭക്ഷണം പാകം ചെയ്യുകയായിരുന്നു. ആറു വയസ്സായതു മുതല്‍ അവന്‍ തന്നെയാണ് അച്ഛനും അവനും വേണ്ടി ഭക്ഷണം പാകം ചെയ്തിരുന്നത്.

പുറത്തെ വാതില്‍ക്കല്‍ ആരോ മുട്ടി. അച്ഛന്‍ വാതില്‍ തുറന്നു. ഒരാള്‍ പുറത്തു നില്‍ക്കുന്നു.

അയാള്‍ ചോദിച്ചു:
‘നിങ്ങള്‍ വാള്‍ ഉണ്ടാക്കുന്ന ആളാണോ? ഞാനങ്ങനെ കേട്ടു.’
‘എനിക്കത്രയൊന്നും നന്നായറിയില്ല. അധികവും ഞാന്‍ ചില റിപ്പയറുകളാണ് നടത്താറ്. വാളിന് മൂര്‍ച്ച കൂട്ടുക, പിടിയുടെ ആണി പോയാല്‍ നന്നാക്കുക തുടങ്ങി.’
ഇനിഗോ അച്ഛന്റെ പുറകില്‍ ചെന്നുനിന്നു. പുറത്ത് തവിട്ട് നിറമുള്ള കുതിരപ്പുറത്ത് സുമുഖനായൊരു മാന്യന്‍.

‘നീയെനിക്ക് ലോകത്തിലെ ഏറ്റവും നല്ല വാള്‍ ഉണ്ടാക്കിത്തരണം.’
‘എനിക്കങ്ങനെ കഴിഞ്ഞിരുന്നെങ്കില്‍… നിങ്ങള്‍ അകത്തേക്ക് വരാമെങ്കില്‍… ഞങ്ങളുടെ ഭക്ഷണം തയ്യാറായിക്കഴിഞ്ഞു…’

‘എല്ലാവരും പറയുന്നു ടൊലഡോ മലയിടുക്കുകളില്‍ ലോകത്തിലെ ഏറ്റവും മഹാനായ വാള്‍ നിര്‍മ്മാതാവ് ജീവിച്ചിരിപ്പുണ്ടെന്ന്’- മാന്യന്‍.

Ads By Google

‘അയാള്‍ ഇടയ്ക്കിവിടെ വരാറുണ്ട്. നിങ്ങള്‍ക്കു തെറ്റുപറ്റിയതാണ്. അയാളുടെ പേര് യെസ്റ്റെ എന്നാണ്. അയാള്‍ മാഡ്രിഡിലാണ്.’- അച്ഛന്‍.

‘ഞാന്‍ അഞ്ഞൂറു സ്വര്‍ണ്ണനാണയം തരാം’- മാന്യന്‍.
‘അതൊരു വലിയ സംഖ്യയാണ്. ഈ ഗ്രാമത്തിലെ എല്ലാവരും ചേര്‍ന്ന് അവരുടെ ജീവിതകാലംകൊണ്ട് ഉണ്ടാക്കുന്നതിനേക്കാള്‍ വലിയ സംഖ്യയാണത്. പക്ഷേ, നിങ്ങളന്വേഷിക്കുന്ന ആള്‍ ഞാനല്ല’- അച്ഛന്‍.

‘ഡോമിന്‍ഗോ മൊണ്‍ടോയ എന്റെ പ്രശ്‌നം പരിഹരിക്കുമെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്’- മാന്യന്‍.
‘എന്താണ് നിങ്ങളുടെ പ്രശ്‌നം?’

‘ഞാന്‍ ഒരു ഭയങ്കര വാള്‍പ്പയറ്റുകാരനാണ്. പക്ഷേ, എനിക്കു പറ്റിയ ഒരു വാള്‍ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എന്റെ കയ്യിന്റെ പ്രത്യേകതയ്ക്ക് ചേര്‍ന്ന വാള്‍. അത് കിട്ടിയിരുന്നെങ്കില്‍ ലോകത്തെക്കാലത്തേയും ഏറ്റവും വലിയ വാള്‍പ്പയറ്റുകാരന്‍ ഞാനായിത്തീരും’- മാന്യന്‍.

‘എന്താണ് നിങ്ങളുടെ കയ്യിന്റെ പ്രത്യേകത?’- അച്ഛന്‍.
അയാള്‍ അയാളുടെ വലംകൈ അച്ഛന്റെ നേരെ നീട്ടി.
ഇനിഗോ അത്ഭുതത്തോടെ നോക്കി. അയാള്‍ക്ക് ആറുവിരലുണ്ടായിരുന്നു.

‘നീ കണ്ടോ’- മാന്യന്‍.
‘തീര്‍ച്ചയായും’. അച്ഛന്‍ പറയാന്‍ തുടങ്ങി. ‘വാളിന്റെ ബാലന്‍സ് നിങ്ങളുടെ കൈയ്ക്ക് ചേര്‍ന്നതല്ല. കാരണം എല്ലാ വാളുകളും അഞ്ചു വിരലുകള്‍ക്കുവേണ്ടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഒരു സാധാരണ വാള്‍ക്കാരന് അതൊരു പ്രശ്‌നമല്ല. എന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ വാള്‍പ്പയറ്റുകാരന് അതൊരു പ്രശ്‌നമാണ്. കണ്ണ് ചിമ്മുന്നതുപോലെ അനായാസമായി അയാള്‍ക്കതുപയോഗിക്കാന്‍ കഴിയണം.’

‘സത്യം നിങ്ങളെല്ലാം ശരിക്ക് മനസ്സിലാക്കുന്നു’- മാന്യന്‍.

പക്ഷേ, ഡോമിന്‍ഗോയുടെ മനസ്സ് മറ്റൊരു ലോകത്തായിരുന്നു. ഇനിഗോ ഒരിക്കലും അച്ഛനെ ഇതുവരെ ഇങ്ങനെ ആവേശഭരിതനായി കണ്ടിട്ടില്ല. ‘എന്തൊക്കെ അളവുകള്‍.. ഓരോ വിരലും… കൈത്തണ്ടയുടെ ചുറ്റളവ്… ആറാമത്തെ വിരലില്‍നിന്ന് മറ്റോരോ വിരലിലേക്കുമുള്ള ദൂരം… നിങ്ങളുടെ പ്രത്യേകതകള്‍… നിങ്ങള്‍ ആഞ്ഞുവെട്ടാനാണോ ചെത്താനാണോ ഇഷ്ടപ്പെടുന്നത്… ഇടത്തുനിന്ന് വലത്തോട്ടാണോ അതോ ഭൂമിക്ക് ലംബമായാണോ
നിങ്ങള്‍ വീശുക… നിങ്ങള്‍ വെട്ടുമ്പോള്‍ മുകളിലേക്കൊരു തള്ളല്‍ ഇഷ്ടപ്പെടുന്നുണ്ടോ? നിങ്ങള്‍ വാള്‍ വീശുമ്പോള്‍ തോളെല്ലിനാണോ ബലം കൊടുക്കുന്നത് അതോ കൈത്തണ്ടയ്‌ക്കോ…’ ഡോമിന്‍ഗോ ആവേശത്തോടെ പറഞ്ഞുകൊണ്ടിരുന്നു.

‘നിങ്ങള്‍തന്നെയാണ് കിംവദന്തികളിലെ വാളുണ്ടാക്കുന്ന ആള്‍’. മാന്യന്‍.
ഡോമിന്‍ഗോ തലയാട്ടി.
‘നിങ്ങളെനിക്ക് ലോകത്തിലെ ഏറ്റവും നല്ല വാളുണ്ടാക്കിത്തരും’. മാന്യന്‍.

ഒരിഞ്ചിന്റെ ആയിരത്തിലൊരം- ശമൊക്കെ വ്യത്യാസമുണ്ടാവും. അതുകൊണ്ടുതന്നെ പണിത്തരത്തിന്റെ പൂര്‍ണത നഷ്ടപ്പെടും

‘നിങ്ങള്‍ക്കുവേണ്ടി ഒരു വാളുണ്ടാക്കാന്‍ ഞാനെന്റെ ജീവിതം മുഴുവനും നല്കും. ഒരുപക്ഷേ, ഞാന്‍ പരാജയപ്പെട്ടേക്കാം. പക്ഷേ, മറ്റാര്‍ക്കും അതുണ്ടാക്കാനാവില്ല.’

‘കൂലി.’
‘വാള് കിട്ടുമ്പോള്‍ തന്നാല്‍ മതി. ഇനിഗോ, അളക്കാനുള്ള ഉപകരണങ്ങള്‍ എടുക്കൂ’- ഡോമിന്‍ഗോ.
‘അഡ്വാന്‍സായി എന്തെങ്കിലും കൊടുക്കണമെന്ന കാര്യത്തില്‍ ഞാന്‍ നിര്‍ബന്ധക്കാരനാണ്’- മാന്യന്‍.
‘അതിന്റെ ആവശ്യമില്ല. ഞാന്‍ പരാജയപ്പെട്ടാല്‍’- ഡോമിന്‍ഗോ.

‘ഞാന്‍ നിര്‍ബന്ധിക്കുന്നു’- മാന്യന്‍.
‘ശരി. ഒരു സ്വര്‍ണ്ണനാണയം. എന്നാല്‍ പണിയുടെ ഇടയില്‍ പണവുമായി വന്നെന്നെ ബുദ്ധിമുട്ടിക്കരുത്’- ഡോമിന്‍ഗോ.
മാന്യന്‍ ഒരു സ്വര്‍ണനാണയം കൊടുത്തു. അതൊന്നു നോക്കുകപോലും ചെയ്യാതെ ഡോമിന്‍ഗോ മേശവലിപ്പിലേക്ക് തള്ളി.

‘ഇനി നിങ്ങളുടെ വിരലുകള്‍ ഉരസൂ. കൈപ്പടങ്ങള്‍ തിരുമ്മി ചൂട് പിടിപ്പിക്കൂ. വിരലുകള്‍ ഇളക്കൂ. നിങ്ങള്‍ അങ്കംവെട്ടുമ്പോള്‍ കൈ ചൂടുപിടിച്ച അവസ്ഥയിലായിരിക്കും. അതുകൊണ്ട് സാധാരണഗതിയില്‍ ഞാന്‍ അളവുകള്‍ എടുത്താല്‍ വ്യത്യാസമുണ്ടാകും. ഒരിഞ്ചിന്റെ ആയിരത്തിലൊരംശമൊക്കെ വ്യത്യാസമുണ്ടാവും. അതുകൊണ്ടുതന്നെ പണിത്തരത്തിന്റെ പൂര്‍ണത നഷ്ടപ്പെടും. പൂര്‍ണതയില്‍ കുറഞ്ഞ ഒന്നുംകൊണ്ടും ഞാന്‍ തൃപ്തനല്ല.’- ഡോമിന്‍ഗോ.

മാന്യന് ചിരിവന്നു. അയാള്‍ ചോദിച്ചു: ‘എത്രകാലമെടുക്കും?’
‘ഒരു കൊല്ലം കഴിഞ്ഞ് തിരിച്ചുവരൂ’- ഡോമിന്‍ഗോ.

അതു കഴിഞ്ഞയാള്‍ പണി ആരംഭിച്ചു.
അതൊരു വല്ലാത്ത കൊല്ലമായിരുന്നു.

ഡോമിന്‍ഗോ തളര്‍ന്നു വീണാലേ ഉറങ്ങിയിരുന്നുള്ളൂ. ഇനിഗോ നിര്‍ബന്ധിച്ചാലേ ഭക്ഷണം കഴിച്ചുള്ളൂ. ചില ദിവസങ്ങളില്‍ അയാള്‍ വളരെ നിരാശനായിരിക്കും. ഈ പണി ഏറ്റെടുക്കേണ്ടായിരുന്നു, എനിക്കതസാധ്യമാണ് എന്നൊക്കെ പറയും.

അടുത്ത ദിവസം അയാള്‍ മാനത്തുപറക്കുന്ന ഒരു കിളിയെപ്പോലെ, സന്തുഷ്ടനായിരിക്കും. ഞാനീ പണി ഏറ്റെടുക്കണ്ടായിരുന്നു. ഇതെത്ര സരളമാണ് എന്നൊക്കെ പറയും. ആഹ്ലാദംകൊണ്ട് തകരുന്ന അവസ്ഥ.

ദിവസങ്ങള്‍, മണിക്കൂറുകള്‍, ഭ്രാന്തമായി നീങ്ങിക്കൊണ്ടിരുന്നു. ചില ദിവസങ്ങളില്‍ രാത്രി ഡോമിന്‍ഗോയുടെ കരച്ചില്‍ കേട്ട് ഇനിഗോ ഞെട്ടി ഉണരും.
‘എന്താണച്ഛാ?’
‘ഇതെനിക്ക് ചെയ്യാനാവില്ല. എന്റെ കൈകള്‍ എന്നെ അനുസരിക്കുന്നില്ല. ഞാന്‍ ആത്മഹത്യ ചെയ്യും’- ഡോമിന്‍ഗോ.
‘അച്ഛന്‍ പോയി ഉറങ്ങൂ’- ഇനിഗോ.
‘ഇല്ല. ഞാനുറങ്ങില്ല. ഒരു പരാജിതന്‍ ഉറങ്ങരുത്. ഇല്ല ഞാനുറങ്ങില്ല.
ഇന്നലെ ഞാനുറങ്ങിയതാണ്’-ഡോമിന്‍ഗോ.

‘അച്ഛാ ഒന്നു മയങ്ങൂ. കുറച്ചു സമയത്തേക്കു മാത്രം’- ചില രാത്രികളില്‍ അച്ഛന്റെ പാട്ടും ഡാന്‍സും കേട്ട് ഇനിഗോ ഞെട്ടി ഉണരും.
‘എന്താണച്ഛാ?’
‘ഞാനെന്റെ തെറ്റു കണ്ടുപിടിച്ചു. അതു തിരുത്തി.’
‘അപ്പോളിനിയത് വേഗം തീരും, ഇല്ലേ’- ഇനിഗോ.

‘നാളെ വാള് വാര്‍ക്കാം. അതൊരത്ഭുതമായിരിക്കും’- ഡോമിന്‍ഗോ.
എന്നാല്‍ അടുത്ത രാത്രി കൂടുതല്‍ കണ്ണീരായിരിക്കും.
‘എന്താണച്ഛാ?’
‘എന്താണച്ഛാ?’
‘വാള്. ആ വാള് എനിക്കുണ്ടാക്കാനാവില്ല’-ഡോമിന്‍ഗോ.
‘ഇന്നലെ രാത്രി അച്ഛന്‍ പറഞ്ഞില്ലെ. എല്ലാം ശരിയായെന്ന്.’
‘എന്റെ തെറ്റാണത്. ഞാന്‍ പുതിയ കുഴപ്പങ്ങള്‍ കണ്ടുപിടിച്ചു. ഞാനാണ് ലോകത്തിലെ ഏറ്റവും വൃത്തികെട്ട ജന്തു. ഞാന്‍ ആത്മഹത്യ ചെയ്താല്‍ നിനക്കൊന്നും തോന്നരുത്’.

‘അച്ഛന്‍ മരിച്ചാല്‍ ഞാനും മരിക്കും. ഞാനച്ഛനെ സ്‌നേഹിക്കുന്നു.’
‘നന്ദി മോനേ. നന്ദി.’
‘അച്ഛനുറങ്ങൂ’.
‘ഉറങ്ങാം…’

ഒരു വല്ലാത്ത കൊല്ലമായിരുന്നു അത്. പിടി ശരിയാവുകയും ബാലന്‍സ് തെറ്റുകയും ചെയ്ത കൊല്ലം, ബാലന്‍സ് ശരിയാവുകയും വാള്‍ത്തല തെറ്റുകയും ചെയ്ത കൊല്ലം, വാള്‍ത്തല ശരിയാവുകയും ബാലന്‍സ് തെറ്റുകയും ചെയ്ത കൊല്ലം. ചെയ്തതെല്ലാം വ്യര്‍ഥമാവുകയും എല്ലാം വീണ്ടും ചെയ്യേണ്ടിവരികയും ചെയ്ത കൊല്ലം.

വീണ്ടും വീണ്ടും ഡോമിന്‍ഗോയുടെ ആരോഗ്യം ക്ഷയിക്കുകയും മിക്ക സമയങ്ങളിലും അയാള്‍ പനിപിടിച്ചു കിടക്കുകയും ചെയ്തു. എങ്കിലും അയാള്‍ നിര്‍ത്താതെ ജോലി ചെയ്തുകൊണ്ടിരുന്നു. കാരണം, ലോകത്തിലെ ഏറ്റവും മഹത്തായ വാളാണയാള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. അതയാളെ തകര്‍ത്തുകൊണ്ടിരിക്കുകയായിരുന്നു.
വല്ലാത്തൊരു കൊല്ലം.

തുടരും..


ബാബു ഭരദ്വാജ്

കഥാകൃത്ത്, സഞ്ചാരാഖ്യാതാവ്, മാധ്യമ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍. 1948ല്‍ ജനുവരി 15-ന് തൃശൂര്‍ മതിലകത്ത് ജനിച്ചു. പിതാവ്: ഡോ. എം.ആര്‍. വിജയരാഘവന്‍, മാതാവ്: കെ.പി.ഭവാനി. പോയില്‍കാവ് ഹൈസ്‌കൂള്‍, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, തൃശ്ശൂര്‍ എഞ്ചിനീയറിങ്ങ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.

എസ്.എഫ്.ഐ.യുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി, കൈരളി ടി.വി. ക്രിയേറ്റീവ് എക്‌സിക്യൂട്ടീവ്, ചിന്ത വീക്കിലി എഡിറ്റര്‍, ഡൂള്‍ന്യൂസ് ചീഫ് എഡിറ്റര്‍, ഹാര്‍ബര്‍ എഞ്ചിനീയറിങ് ഡിപ്പാര്‍ട്ടുമെന്റില്‍ എഞ്ചിനീയര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.

കൃതികള്‍: പ്രവാസിയുടെ കുറിപ്പുകള്‍, പപ്പറ്റ് തിയേറ്റര്‍, ശവഘോഷയാത്ര, പരേതാത്മാക്കള്‍ക്ക് അപ്പവും വീഞ്ഞും, കലാപങ്ങള്‍ക്കൊരു ഗൃഹപാഠം എന്നിവ പ്രധാന കൃതികള്‍. 2006ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, അബൂദാബി ശക്തി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

ഭാര്യ:പ്രഭ. മക്കള്‍: രേഷ്മ, ഗ്രീഷ്മ, താഷി.

വില്യം ഗോള്‍ഡ്മാന്‍ (എസ്. മോര്‍ഗന്‍സ്റ്റണ്‍)

അമേരിക്കന്‍ നോവലിസ്റ്റും തിരക്കഥാകൃത്തുമായ വില്യം ഗോള്‍ഡ്മാന്‍ 1931-ല്‍ ചിക്കാഗോയില്‍ ജനിച്ചു. കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാഭ്യാസം. എസ്. മോര്‍ഗന്‍സ്റ്റണ്‍ എന്ന തൂലികാനാമത്തിലെഴുതി. നിരവധി നോവലുകളും തിരക്കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. The Princess Bride, Twins, Magic, Misery, Memoirs of an invisible man, The stepford wives, All the President’s Men, Harper, The Hot Rock, The Silent gondoliers തുടങ്ങിയവ പ്രധാനകൃതികള്‍. ഫിലിം അക്കാദമി അവാര്‍ഡ്, എഡ്ഗാര്‍ഡ് അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 


മുന്‍ ഭാഗങ്ങള്‍ വായിക്കൂ…

ബട്ടര്‍കപ്പ്: ആമുഖം

കുട്ടികള്ക്കുള്ള നോവല്, ബട്ടര്കപ്പ് : ഒന്നാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : രണ്ടാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : മൂന്നാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : നാലാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : അഞ്ചാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : ആറാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: ഏഴാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: എട്ടാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: ഒന്‍പതാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: പത്താം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: പതിനൊന്നാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: പന്ത്രണ്ടാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: ഭാഗം: പതിമൂന്ന്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: ഭാഗം: പതിനാല്


Advertisement