എഡിറ്റര്‍
എഡിറ്റര്‍
കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: പതിനൊന്നാം ഭാഗം
എഡിറ്റര്‍
Monday 24th September 2012 12:15pm

‘അയാളെന്തിനാണ് അയാളുടെ പരിപാടികളൊക്കെ എന്നെ അറിയിക്കുന്നത്.’ ബട്ടര്‍കപ്പ് വിചാരിച്ചു.
‘പെണ്ണേ, നീ വീണ്ടും ഉറങ്ങാന്‍ പോവുകയാണ്’. സിസിലിയന്‍ പെട്ടെന്ന് പറഞ്ഞു. എന്നിട്ടവളുടെ നെറ്റിയിലും കഴുത്തിലും തലോടി. അവള്‍ വീണ്ടും ഉറക്കത്തിലായി.

കുട്ടികള്‍ക്കുള്ള നോവല്‍
പതിനൊന്നാം ഭാഗം


നോവല്‍ / ബാബു ഭരദ്വാജ്

വര/ മജ്‌നി തിരുവങ്ങൂര്‍


എന്നാല്‍ ആ സമയത്ത് ചന്ദ്രന്‍ പതുക്കെ മേഘങ്ങള്‍ക്കിടയില്‍നിന്ന് പ്രത്യക്ഷപ്പെട്ടു. തൂനിലാവ് പരന്നൊഴുകാന്‍ തുടങ്ങി.

‘അവളതാ’. സിസിലിയന്‍ വിളിച്ചുകൂവി. മിന്നലിന്റെ വേഗത്തില്‍ സ്പാനിയാര്‍ഡ് ബോട്ട് തിരിച്ചു. തുര്‍ക്കി തന്റെ നീണ്ട കൈകള്‍ കൊണ്ടവളെ തൂക്കിയെടുത്തു. അവള്‍ വീണ്ടും അവളുടെ കൊലയാളികളുടെ കൈയില്‍ സുരക്ഷിതയായി തിരിച്ചെത്തി. സ്രാവുകള്‍ നിരാശയോടും ക്ഷോഭത്തോടും കൂടെ വെള്ളത്തില്‍ ബഹളം വെച്ചു.

Ads By Google

അമരത്തിരുന്നുകൊണ്ട് തന്റെ മേല്‍വസ്ത്രം വലിച്ചൂരി അവളുടെ നേരെ എറിഞ്ഞുകൊണ്ട് സ്പാനിയാര്‍ഡ് പറഞ്ഞു: ‘അവള്‍ക്കല്പം ചൂടുകിട്ടട്ടെ.’ അവളെ ആ തുണിയില്‍ പൊതിയവെ തുര്‍ക്കി പറഞ്ഞു: ‘ജലദോഷം പിടിക്കണ്ട.’
‘ജലദോഷം പിടിച്ചാലും കുഴപ്പമില്ല. പുലരുമ്പോള്‍ നിങ്ങളെന്നെ കൊല്ലുന്നതല്ലെ’- ബട്ടര്‍കപ്പ്.
‘ഞങ്ങള്‍ നിന്നെ പിടിച്ചുകൊടുക്കുകയേ ഉള്ളൂ. അവനാണ് ശരിക്കുള്ള ആ കര്‍മ്മം നിര്‍വഹിക്കുന്നത്’- സിസിലിയന്റെ നേരെ വിരല്‍ചൂണ്ടി തുര്‍ക്കി പറഞ്ഞു.

‘വിഡ്ഢിത്തം വിളമ്പാതെ’- സിസിലിയന്‍ അലറി. ‘അവനത്ര വിഡ്ഢിയാണെന്ന് എനിക്ക് തോന്നുന്നില്ല. നിങ്ങള്‍ വലിയ ബുദ്ധിമാനാണെന്നും. വെള്ളത്തില്‍ ചോര വീഴ്ത്തല്‍ വലിയ ബുദ്ധിയാണെന്ന് വിചാരിക്കുന്നുണ്ടോ?’- ബട്ടര്‍കപ്പ്.
‘എന്നിട്ടെന്തേ നടന്നില്ലേ? നീ തിരിച്ച് ബോട്ടിലെത്തിയില്ലേ. പെണ്ണ് പേടിച്ചാല്‍ നിലവിളിക്കും’- സിസിലിയന്‍.
‘ഞാന്‍ കരഞ്ഞില്ല. ചന്ദ്രന്‍ ഉദിച്ചിട്ടാണ് നിങ്ങള്‍ക്കെന്നെ കിട്ടിയത്.’

സിസിലിയന്‍ ഒരൊറ്റയടി വെച്ചുകൊടുത്തു.
‘മതി. അതുമതി’- തുര്‍ക്കി.
‘നിനക്കെന്നോട് കലഹിക്കണമെന്നുണ്ടോ?’ കൂനന്‍ സിസിലിയന്‍. (സിസിലിയന്‍ കൂനനാണെന്ന കാര്യം ഓര്‍ക്കൂ!)
‘വേണ്ട. പക്ഷേ, ബലപ്രയോഗം എന്റെ തൊഴിലാണെന്ന് മറക്കരുത്. നിനക്കെന്നെ അടിക്കണമെങ്കില്‍ അടിക്കാം’. ബോട്ടിന്റെ മറ്റേ തലയ്ക്കലേക്ക് നടന്നുകൊണ്ട് സിസിലിയന്‍ മുരണ്ടു: ‘അവള്‍ കരയുമായിരുന്നു. അവള്‍ കരയാന്‍ പോവുകയായിരുന്നു. പക്ഷേ, ചന്ദ്രന്‍ എന്നെ പറ്റിച്ചുകളഞ്ഞു. ആ സമയത്ത് അവന്‍ ഉദിച്ചുകളഞ്ഞു. എന്റെ എല്ലാ പദ്ധതികളും കുറ്റമറ്റതാണ്. ഒന്നും പരാജയപ്പെടില്ല.’

അവന്‍ അസ്വസ്ഥനായി മുന്നോട്ടു നോക്കി. അതാ അകലെ ഭ്രാന്തന്‍ കൊടുമുടി തലയുയര്‍ത്തി നില്ക്കുന്നു. വെള്ളത്തില്‍നിന്ന് ആയിരം അടി ഉയരത്തിലേക്ക്. ഫ്‌ളോറിനും ഗില്‍ഡറും തമ്മിലുള്ള ഏറ്റവും എളുപ്പമാര്‍ഗമായിരുന്നു അത്. പക്ഷേ, ആരും ആ വഴി യാത്ര ചെയ്യാറില്ല. പകരം നാഴികകള്‍ വളഞ്ഞ് പോവും. ആ കൊടുമുടി കയറിമറിയുക അസാധ്യമായിട്ടല്ല. വിഷമമായതുകൊണ്ട്.’

‘ഏറ്റവും ഉയരംകൂടിയ ഭാഗത്തേക്ക് തുഴയൂ’- സിസിലിയന്‍.
‘അങ്ങോട്ടേക്ക് തന്നെയാണ്’- സ്പാനിയാര്‍ഡ്.
ബട്ടര്‍കപ്പിനൊന്നും മനസ്സിലായില്ല. കൊടുമുടിയുടെ അടുത്തേക്കെന്തിനാണ് പോവുന്നത്. അത് കയറിമറിയാന്‍ ആര്‍ക്കുമാവില്ല. അത്തരമൊരു
രഹസ്യമാര്‍ഗത്തെപ്പറ്റി ആരും പറഞ്ഞുകേട്ടിട്ടില്ല.

ആദ്യമായി സിസിലിയന്‍ ചിരിച്ചു.
‘നിന്റെ വെള്ളത്തിലെ കുസൃതി പരിപാടികളൊക്കെ തെറ്റിക്കുെമന്നാണ് കരുതിയത്. ഒന്നും സംഭവിച്ചില്ല. ഇപ്പോഴും അന്‍പത് മിനിട്ട് നമ്മള്‍ മുമ്പിലാണ്. നമ്മളിപ്പോള്‍ വളരെ സുരക്ഷിതരാണ്’- കൂനന്‍.
‘നമ്മളെ ആരും പിന്തുടരുന്നില്ലെ’ -സ്പാനിയാര്‍ഡ്.
‘ആരും. അതസാധ്യമാണ്’ -കൂനന്‍.
‘അത്രയ്ക്കസാധ്യമാണോ?’ -സ്പാനിയാര്‍ഡ്.
‘അസാധ്യം. നീയെന്താണിങ്ങനെ കുത്തിക്കുത്തി ചോദിക്കുന്നത്?’ –
കൂനന്‍.

‘കാരണമൊന്നുമില്ല. ഞാനൊന്നു പിന്നോട്ട് നോക്കിപ്പോയി’- സ്പാനിയാര്‍ഡ്.
എല്ലാവരും പിന്നോട്ട് തിരിഞ്ഞുനോക്കി.
ഒരു നാഴിക പിന്നിലായി അവര്‍ക്ക് ഒരു കറുത്ത തോണി വളരെവേഗത്തില്‍ തങ്ങളുടെ നേരെ ഓടിവരുന്നതായി കാണാന്‍ കഴിഞ്ഞു. അതിന്റെ പായകള്‍ ചന്ദ്രികയില്‍ വെട്ടിത്തിളങ്ങി. അമരത്ത് ഒരൊറ്റ ആളേ ഉണ്ടായിരുന്നുള്ളൂ. കറുത്ത വസ്ത്രങ്ങളണിഞ്ഞ ഒരാള്‍.

‘അതേതെങ്കിലും മീന്‍പിടിത്തക്കാരന്‍ ആയിരിക്കും’- സ്പാനിയാര്‍ഡ്.
‘അത് ശരിയാണ്. ഇക്കാര്യം ഫ്‌ളോറിനിലെ ആരുമറിയില്ല. അതുകൊണ്ടിത്ര പെട്ടെന്ന് ആര്‍ക്കും നമ്മെ പിന്തുടരാനുമാവില്ല.’ -കൂനന്‍ സിസിലിയന്‍.
‘അവന്‍ നമ്മോടടുത്തുവരുന്നു’- തുര്‍ക്കി.

‘അസാധ്യം. ഈ ബോട്ട് മോഷ്ടിക്കുന്നതിന് മുന്‍പ് ഞാന്‍ ഫ്‌ളോറിനില്‍ മുഴുക്കെ അന്വേഷിച്ചതാണ്. ഇതാണ് ഫ്‌ളോറിനിലെ ഏറ്റവും വേഗം കൂടിയ ബോട്ട്’- കൂനന്‍.
‘ശരിയാണ്. അവന് വേഗത കൂടുതലൊന്നുമില്ല. അവന്‍ നമ്മോടടുത്തുവരുന്നെന്നു മാത്രം’- തുര്‍ക്കി.
‘നമ്മള്‍ നോക്കുന്ന നോട്ടത്തിന്റെ തകരാറാണ്. വേറൊന്നുമല്ല’- സിസിലിയന്‍.
ബട്ടര്‍കപ്പിന് ആ കറുത്ത തോണിയില്‍നിന്ന് കണ്ണു പറിച്ചെടുക്കാനായില്ല. അവള്‍ ഭീതിയോടെ അതിനെ നോക്കി. ഈ മൂന്നു ഭീകരന്മാരെക്കാള്‍ അവളെ ഇപ്പോള്‍ ഭയപ്പെടുത്തുന്നത് അതാണ്.

തുടരും..


ബാബു ഭരദ്വാജ്

കഥാകൃത്ത്, സഞ്ചാരാഖ്യാതാവ്, മാധ്യമ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍. 1948ല്‍ ജനുവരി 15-ന് തൃശൂര്‍ മതിലകത്ത് ജനിച്ചു. പിതാവ്: ഡോ. എം.ആര്‍. വിജയരാഘവന്‍, മാതാവ്: കെ.പി.ഭവാനി. പോയില്‍കാവ് ഹൈസ്‌കൂള്‍, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, തൃശ്ശൂര്‍ എഞ്ചിനീയറിങ്ങ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.

എസ്.എഫ്.ഐ.യുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി, കൈരളി ടി.വി. ക്രിയേറ്റീവ് എക്‌സിക്യൂട്ടീവ്, ചിന്ത വീക്കിലി എഡിറ്റര്‍, ഡൂള്‍ന്യൂസ് ചീഫ് എഡിറ്റര്‍, ഹാര്‍ബര്‍ എഞ്ചിനീയറിങ് ഡിപ്പാര്‍ട്ടുമെന്റില്‍ എഞ്ചിനീയര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.

കൃതികള്‍: പ്രവാസിയുടെ കുറിപ്പുകള്‍, പപ്പറ്റ് തിയേറ്റര്‍, ശവഘോഷയാത്ര, പരേതാത്മാക്കള്‍ക്ക് അപ്പവും വീഞ്ഞും, കലാപങ്ങള്‍ക്കൊരു ഗൃഹപാഠം എന്നിവ പ്രധാന കൃതികള്‍. 2006ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, അബൂദാബി ശക്തി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

ഭാര്യ:പ്രഭ. മക്കള്‍: രേഷ്മ, ഗ്രീഷ്മ, താഷി.

വില്യം ഗോള്‍ഡ്മാന്‍ (എസ്. മോര്‍ഗന്‍സ്റ്റണ്‍)

അമേരിക്കന്‍ നോവലിസ്റ്റും തിരക്കഥാകൃത്തുമായ വില്യം ഗോള്‍ഡ്മാന്‍ 1931-ല്‍ ചിക്കാഗോയില്‍ ജനിച്ചു. കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാഭ്യാസം. എസ്. മോര്‍ഗന്‍സ്റ്റണ്‍ എന്ന തൂലികാനാമത്തിലെഴുതി. നിരവധി നോവലുകളും തിരക്കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. The Princess Bride, Twins, Magic, Misery, Memoirs of an invisible man, The stepford wives, All the President’s Men, Harper, The Hot Rock, The Silent gondoliers തുടങ്ങിയവ പ്രധാനകൃതികള്‍. ഫിലിം അക്കാദമി അവാര്‍ഡ്, എഡ്ഗാര്‍ഡ് അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 


മുന്‍ ഭാഗങ്ങള്‍ വായിക്കൂ…

ബട്ടര്‍കപ്പ്: ആമുഖം

കുട്ടികള്ക്കുള്ള നോവല്, ബട്ടര്കപ്പ് : ഒന്നാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : രണ്ടാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : മൂന്നാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : നാലാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : അഞ്ചാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : ആറാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: ഏഴാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: എട്ടാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: ഒന്‍പതാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: പത്താം ഭാഗം


Advertisement