ബല്‍ഗ്രേഡ്:ബോസ്‌നിയന്‍ ആഭ്യന്തരയുദ്ധ കാലത്ത് ആയിരക്കണക്കിന് മുസ്ലിംകളെ വംശഹത്യ ചെയ്ത് കുപ്രസിദ്ധനായ സെര്‍ബിയന്‍ ജനറല്‍ റത്‌കോ മ്ലാഡിക് അറസ്റ്റിലായി.

സെര്‍ബിയയിലെ സ്‌റെന്‍ജാനിന്‍ നഗരത്തിനടുത്തുള്ള ഒരു ഗ്രാമത്തില്‍നിന്നാണ് ഇയാളെ പിടികൂടിയതെന്ന് സെര്‍ബിയ പ്രസിഡന്റ് ബോറിസ് ടാഡിക് അറിയിച്ചു.

ഐക്യരാഷ്ട്രസഭയും ലോകരാഷ്ട്രങ്ങളും കൂട്ടക്കൊലക്കിരയായവരുടെ ബന്ധുക്കളും മനുഷ്യാവകാശസംഘടനകളും മ്ലാഡികിന്റെ അറസ്റ്റിനെ സ്വാഗതം ചെയ്തു.

അന്താരാഷ്ട്രകോടതി യുദ്ധക്കുറ്റവാളിയായി പ്രഖ്യാപിച്ച മ്ലാഡിക് 2001 മുതല്‍ ഒളിവിലായിരുന്നു. രണ്ടാംലോകമഹായുദ്ധത്തിനുശേഷം യൂറോപ്പ് കണ്ട ഏറ്റവും ക്രൂരമായ അതിക്രമമായിരുന്നു മ്ലാഡിക് നടത്തിയ കൂട്ടക്കൊല.

രാജ്യാന്തരനീതിയുടെ ചരിത്രത്തില്‍ പ്രാധാന്യമര്‍ഹിക്കുന്ന ദിനമെന്ന് മ്ലാഡിക്കിന്റെ അറസ്റ്റിനെ യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ വിശേഷിപ്പിച്ചു.

മ്ലാഡിക്കിനെ വിചാരണയ്ക്കായി ഹേഗിലെ അന്താരാഷ്ടര നീതിന്യായ കോടതിയ്ക്ക് കൈമാറുമെന്ന് സെര്‍ബിയന്‍ പ്രസിഡന്റ് ബോറിസ് ടാഡിക് അറിയിച്ചു.