തൃപ്പൂണിത്തറ: സ്വകാര്യ ബസ്സില്‍ യാത്രക്കിടെ ശല്യം ചെയ്തയാളെ യുവതി ഓടിച്ചിട്ടു തല്ലി. യുവതി കരണത്തടിച്ചതിനെ തുടര്‍ന്ന ബസ്സില്‍ നിന്നിറങ്ങിയോടിയ ഇയാളെ പിന്തുടര്‍ന്ന് യുവതി അടിക്കുകയായിരുന്നു.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളെ പോലീസ് അറസ്റ്റുചെയ്തു. ഏറണാകുളം വഖഫ് ബോര്‍ഡില്‍ ക്ലാര്‍ക്കായ അല്‍ഹിലാല്‍ വീട്ടില്‍ ഹബീബാണ് അറസ്റ്റിലായത്.

തൃപ്പൂണിത്തറ സ്വദേശിയായ യുവതിയെയാണ് യുവാവ് ശല്യം ചെയ്തത്. ഏറണാകുളത്തു നിന്നും ചോറ്റാനിക്കരയിലേക്കു പോകുന്ന ഗീവര്‍ഗീസ് ബസ്സിലാണ് സംഭവം നടന്നത്.

സാധാരണ പോകുന്ന ട്രൈന്‍ വിട്ടുപോയതിനാല്‍ ഇരുമ്പനം എണ്ണക്കമ്പനിക്കടുത്തുള്ള കൂട്ടുകാരന്റെ വീട്ടില്‍ പോകുന്നതിനു വേണ്ടിയാണ് ബസ്സില്‍ കയറിയതെന്നാണ് ഹബീബ് പറയുന്നത്. തന്റെ കൈ യുവതിയുടെ ദേഹത്ത് മുട്ടിയപ്പോള്‍ സോറി പറഞ്ഞതായും അപ്പോള്‍ അവര്‍ അടിക്കുകയായിരുന്നു എന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്.

രണ്ട് ദിവസം മുന്‍പ് മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്യുന്നതിനിടെ പിതാവ് കുഴഞ്ഞുവീണു മരിച്ചത് ഇവിടെ വച്ചാണ്.