കൊച്ചി:പ്രമുഖവ്യവസായിയും അന്ന-കിറ്റെക്‌സ് ഗ്രൂപ്പ് ചെയര്‍മാനുമായ എം.സി ജേക്കബ് (77) അന്തരിച്ചു. കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം.

ഏറെനാളായി രോഗബാധിതനായിരുന്ന അദ്ദേഹത്തെ അസുഖം മുര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞദിവസം ഒരു സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

വ്യവസായത്തിനു പുറമെ ആയുര്‍വേദ ഗവേഷകന്‍ എന്ന നിലയിലും അദ്ദേഹം പ്രശസ്തനായിരുന്നു. പ്രമുഖരടക്കം ധാരാളംപേര്‍ ഇദ്ദേഹത്തിന്റെയടുത്ത് ചികില്‍സയ്ക്കായി എത്താറുണ്ടായിരുന്നു. സഭയ്ക്ക് നല്‍കിയ സേവനങ്ങള്‍ പരിഗണിച്ച് പാത്രിയാര്‍ക്കീസ് ബാവ അദ്ദേഹത്തിനെ കമാന്‍ഡര്‍ പദവി നല്‍കി ആദരിച്ചു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍നിന്നായി പതിനാലോളം അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. 1979 ല്‍ ഉപരാഷ്ട്രപതിയുടെ ഉദ്യോഗപത്ര അവാര്‍ഡുള്‍പ്പടെ 2010 ല്‍ വ്യവസായരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള സംസ്ഥാനസര്‍ക്കാരിന്റെ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.