തിരുവനന്തപുരം: രണ്ടാഴ്ച മുന്‍പ് കാണാതായ പ്രവാസി വ്യവസായി സലീമിന്റെ മൃതദേഹം കഷ്ണങ്ങളാക്കി വെട്ടിനുറുക്കി പ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തി. എട്ടു കഷ്ണങ്ങളാക്കി വെട്ടിനുറുക്കിയ മൃതദേഹം വെവ്വേറെ പ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞ നിലയിലായിരുന്നു.

സലീമിന്റെ സുഹൃത്തും വ്യവസായ പങ്കാളിയുമായിരുന്ന ഷെരീഫിന്റെ വസതിക്കു സമീപമുള്ള ആളൊഴിഞ്ഞ പറമ്പില്‍നിന്നാണ് മൃതദേഹം കണ്ടെടുത്തത്.

പണമിടപാട് സംബന്ധിച്ച തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചതാണെന്ന് അറസ്റ്റിലായ സുഹൃത്ത് ഷെരീഫ് മൊഴി നല്‍കി. രണ്ടു കോടി രൂപയുടെ ഇടപാടാണ് ഇവര്‍ തമ്മിലുണ്ടായിരുന്നത്.

കഴിഞ്ഞ ഒന്‍പതാം തിയ്യതി മുതലാണ് സലീമിനെ കാണാതായത്. കഹാര്‍ എംഎല്‍എയുടെ ആവശ്യപ്രകാരം സലീമിന്റെ തിരോധാനം സംബന്ധിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി സലീമിന്റെ മൊബൈല്‍ ഫോണിന്റെ കോള്‍ലിസ്റ്റ് പരിശോധിച്ചത് അന്വേഷണം ഷെരീഫിലേക്ക് തിരിഞ്ഞു. ചോദ്യം ചെയ്യലില്‍ ഷെരീഫ് കുറ്റസമ്മതം നടത്തി.

ഷെരീഫ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.