ബുസാന്‍: ദക്ഷിണ കൊറിയയില്‍ നടക്കുന്ന പതിനാറാമത് ബുസാന്‍ ചലച്ചിത്രോത്സവത്തില്‍ ഫിലിപ്പൈന്‍-ഇറാനിയന്‍ ചിത്രങ്ങള്‍ മുന്‍നിരയിലെത്തി. ഏഷ്യയിലെ ഏറ്റവും വലിയ ചലച്ചിത്രമേളയാണ് ബുസാന്‍ ചലച്ചിത്രോത്സവം.

ഇറാനിയന്‍ സവിധായകന്‍ മുര്‍തസ ഫര്‍ഷബഫ് ഒരുക്കിയ ‘മോണിങ്’ (Mourning) എന്ന ചിത്രവും ഫിലിപ്പൈന്‍സ് സംവിധായകനായ ലോയ് ആഴ്‌സെനാഡ് സംവിധാനം ചെയ്ത ‘നിനോ’ (Nino) എന്ന ചിത്രവും ‘ന്യൂ കറന്റ്‌സ്’ അവാര്‍ഡ് നേടി. 30,000 യു.എസ് ഡോളറാണ് (ഏകദേശം 15 ലക്ഷം ഇന്ത്യന്‍ രൂപ) സമ്മാനത്തുക.

Subscribe Us:

വാഹനാപകടത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട ബാലന്റെ സംരക്ഷണച്ചുമതല ഏറ്റെടുത്ത മൂക ബധിര ദമ്പതികളുടെ കഥയാണ് മോണിങ് പറയുന്നത്. തന്റെ കന്നി ചിത്രത്തിലൂടെ താന്‍ മാതൃദേശത്തെ സാധാരണ ജനങ്ങളുടെ നിത്യജീവിതമാണ് അവതരിപ്പിക്കുന്നതെന്ന് മുര്‍തസ വ്യക്തമാക്കി. അത്യാഗ്രഹം കുടുംബ ബന്ധങ്ങളെ ശിഥിലമാക്കുന്നതിന്റെ കഥയാണ് നിനോയില്‍ ചിത്രീകരിച്ചിരിക്കുന്നത്.

ഒക്ടോബര്‍ ആറിന് ആരംഭിച്ച മേള ഇന്നലെ അവസാനിച്ചു.