പെരുമ്പാവൂര്‍: മോഷണകുറ്റം ആരോപിച്ച് ബസ് യാത്രികനെ സഹയാത്രികര്‍ തല്ലിക്കൊന്ന സംഭവത്തില്‍ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. റൂറല്‍ എസ്.പി.ഹര്‍ഷിത അട്ടെല്ലൂരിയാണ് ഇക്കാര്യം അറിയിച്ചത്.

മൃതദേഹം ഇപ്പോള്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തുകയാണ്. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം ആലപ്പുഴയിലേക്ക് പോസ്റ്റ് മോര്‍ട്ടത്തിനായി കൊണ്ട്‌പോകും.

Subscribe Us:

പാലക്കാട് സ്വദേശി രഘുവാണ് സഹയാത്രികരുടെ മര്‍ദ്ദനമേറ്റ് മരിച്ചത്. പെരുമ്പാവൂര്‍ കെ.എസ്.ആര്‍.ടി.സി ബസ്റ്റാന്‍ഡില്‍ വച്ച് തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. ആദ്യം മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചു എന്ന് ആരോപിച്ച് രഘുവിനെ മര്‍ദ്ദിക്കുകയും പരിശോധന നടത്തുകയും ചെയ്തപ്പോള്‍ ഒന്നും കണ്ടെത്തിയില്ല. തുടര്‍ന്ന് മര്‍ദ്ദനം പോക്കറ്റടിച്ചു എന്ന് ആരോപിച്ചായി. പോലീസ് കോണ്‍സ്റ്റബിളും കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്റെ ഗണ്‍മാനുമായ സതീഷ്, മൂവാറ്റുപുഴ സ്വദേശി സന്തോഷ് എന്നിവരാണ് പോലീസ് കസ്റ്റഡിയില്‍ ഉള്ളത്. മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയത് ഇവരാണെന്നാണ് ദൃസാക്ഷികളും പോലീസും പറയുന്നത്.

അതേസമയം, സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് രഘുവിന്റെ ബന്ധുക്കള്‍ രംഗത്തുവന്നു. പോലീസാണെന്നു കരുതി എന്തു ഗുണ്ടായിസവും കാണിക്കാന്‍ പോലീസിന് അധികാരമില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. സ്വര്‍ണ്ണം പണയം വെച്ച പണമായിരുന്നു രഘുവിന്റെ കൈയ്യിലുണ്ടായിരുന്നതെന്നും ബന്ധുക്കള്‍ വിശദമാക്കി.

ഗുജറാത്തില്‍ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്ന രഘു ആറുമാസം മുന്‍പാണ് നാട്ടിലെത്തിയത്. ഭാര്യയും മക്കളും ഗുജറാത്തിലാണ് താമസം. രഘുവിന്റെ അമ്മ മാത്രമാണ് നാട്ടിലെ വീട്ടില്‍ ഉള്ളത്.