പെരുമ്പാവൂര്‍: മോഷണകുറ്റം ആരോപിച്ച് ബസ് യാത്രികനെ തല്ലിക്കൊന്നു. പാലക്കാട് സ്വദേശി രഘുവാണ് സഹയാത്രികരുടെ മര്‍ദ്ദനമേറ്റ് മരിച്ചത്. പെരുമ്പാവൂര്‍ കെ.എസ്.ആര്‍.ടി.സി ബസ്റ്റാന്‍ഡില്‍ വച്ച് തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. കോട്ടയം-തൃശ്ശൂര്‍ കെ.എസ്.ആര്‍.ടി.സി ബസ്സില്‍വച്ച് സഹയാത്രക്കാരന്റെ പോക്കറ്റടിച്ചു എന്നാരോപിച്ചാണ് രഘുവിനെ അതിക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്.

സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പോലീസ് കോണ്‍സ്റ്റബിള്‍ സതീഷ്, മൂവാറ്റുപുഴ സ്വദേശി സന്തോഷ് എന്നിവരാണ് കസ്റ്റഡിയിലായത്്. കസ്റ്റഡിയിലായ സതീഷ് കണ്ണൂര്‍ എം.പി.യും കോണ്‍ഗ്രസ് നേതാവുമായ കെ.സുധാകരന്റെ ഗണ്‍മാനാണ്. മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയത് ഇവരാണെന്നാണ് പോലീസ് പറയുന്നത്.

Subscribe Us:

പോക്കറ്റടിച്ചുവെന്നാരോപിച്ച് ബസ്സില്‍ വെച്ച തന്നെ സാമാന്യം നന്നായി കൈകാര്യം ചെയ്ത രഘുവിനെ സ്റ്റാന്‍ഡില്‍ വെച്ചും സഹയാത്രികര്‍ ഓരോരുത്തരായി മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. മര്‍ദ്ദനത്താല്‍ അവശനായ രഘുവിനെ ആശുപത്രിയിലാക്കാന്‍ ആരും തന്നെ മുതിര്‍ന്നില്ല. അതേസമയം പെരുമ്പാവൂരില്‍ തന്റെ ഗണ്‍മാന്‍ അറസ്റ്റിലായതിനെ കുറിച്ച് പ്രതികരിക്കാനില്ലെന്ന് കെ.സുധാകരന്‍ എം.പി. പറഞ്ഞു.