പാലക്കാട്: പെരുമ്പാവൂരില്‍ മോഷണകുറ്റം ആരോപിച്ച് സഹയാത്രികര്‍ തല്ലിക്കൊന്ന ബസ് യാത്രികനായ രഘുവിന്റെ മരണത്തിനിടയാക്കിയത് ക്രൂരമായ മര്‍ദ്ദനമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ് മോര്‍ട്ടത്തില്‍ തലച്ചോറിലെ രക്തസ്രാവമാണെന്ന് മരണത്തിലേക്ക് നയിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. രഘുവിന്റെ ശരീരത്തിലാകമാനം മുറിവുകള്‍ ഉണ്ടായിരുന്നതായും പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു പാലക്കാട് സ്വദേശി രഘു സഹയാത്രികരുടെ മര്‍ദ്ദനമേറ്റ് മരിച്ചത്. പെരുമ്പാവൂര്‍ കെ.എസ്.ആര്‍.ടി.സി ബസ്റ്റാന്‍ഡില്‍ വച്ചായിരുന്നു സംഭവം. ആദ്യം മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചു എന്ന് ആരോപിച്ച് രഘുവിനെ മര്‍ദ്ദിക്കുകയും പരിശോധന നടത്തുകയും ചെയ്തപ്പോള്‍ ഒന്നും കണ്ടെത്തിയില്ല.

Subscribe Us:

തുടര്‍ന്ന് പോക്കറ്റടിച്ചു എന്ന് ആരോപിച്ച് നടന്ന ക്രൂര മര്‍ദ്ദനത്തിനൊടുവില്‍ രഘു മരണപ്പെടുകയായിരുന്നു. സംഭവത്തില്‍ പോലീസ് കൊലക്കുറ്റത്തിന് കേസെടുക്കുകയും പോലീസ് കോണ്‍സ്റ്റബിളും കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്റെ ഗണ്‍മാനുമായ സതീഷ്, മൂവാറ്റുപുഴ സ്വദേശി സന്തോഷ് എന്നിവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.

ഗുജറാത്തില്‍ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്ന രഘു ആറുമാസം മുന്‍പാണ് നാട്ടിലെത്തിയത്. ഭാര്യയും മക്കളും ഗുജറാത്തിലാണ് താമസം. രഘുവിന്റെ അമ്മ മാത്രമാണ് നാട്ടിലെ വീട്ടില്‍ ഉള്ളത്.