തിരുവനന്തപുരം: ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് സ്വകാര്യ ബസ് ഉടമകള്‍ ബുധനാഴ്ച നടത്താനിരുന്ന സമരം മാറ്റി വച്ചു. ബസ് ഉടമകളുടെ അസോസിയേഷനുമായി ഗതാഗത മന്ത്രി വി.എസ്.ശിവകുമാര്‍ നടത്തിയ ചര്‍ച്ചയെതുടര്‍ന്നാണ് തീരുമാനം.

പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അടുത്ത മാസം 15വരെ സര്‍ക്കാര്‍ സമയം ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ചുകൊണ്ടാണ് ബസ് ഉടമകള്‍ സമരം മാറ്റിവെക്കാന്‍ തീരുമാനിച്ചത്. 15ന് ബസ് ഉടമകളുമായി വീണ്ടും ചര്‍ച്ചയുണ്ടാകും.

ഇന്ധന വിലവര്‍ധനയെ തുടര്‍ന്ന് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന് ആവശ്യമുന്നയിച്ചായിരുന്നു ബസുടമകള്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. ഇന്ധന വില വര്‍ധിപ്പിച്ച സാഹചര്യത്തില്‍ മിനിമം നിരക്ക് ആറു രൂപയാക്കണം, വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ എടുത്തുകളയണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.