Categories

11 മുതല്‍ അനിശ്ചിതകാല ബസ് സമരം


തിരുവനന്തപുരം: ഈ മാസം 11 മുതല്‍ അനിശ്ചിത കാല സമരം നടത്തുമെന്ന് സ്വകാര്യ ബസ് ഉടമകള്‍. വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്ക് വര്‍ധിപ്പിക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് സമരം. വിദ്യാര്‍ഥികള്‍ക്ക് നേരത്തെയുണ്ടായിരുന്നു 25 ശതമാനം കണ്‍സെഷന്‍ 12 ആയി കുറഞ്ഞിരിക്കയാണ്. നേരത്തെ പ്രഖ്യാപിച്ച സമരവുമായി മുന്നോട്ട് പോവുകയാണെന്നും ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

അതേസമം ബസ്, ഓട്ടോ, ടാക്‌സി ചാര്‍ജുകള്‍ വര്‍ധിപ്പിച്ചതായി ഗതാഗതമന്ത്രി ജോസ് തെറ്റയില്‍ നിയമസഭയില്‍ പ്രഖ്യാപിച്ചു. നാല് രൂപയാണ് കുറഞ്ഞ ബസ് യാത്രക്കൂലി. കുറഞ്ഞ ഓട്ടോ ചാര്‍ജില്‍ മാറ്റം വരുത്തിയിട്ടില്ല. കുറഞ്ഞ ടാക്‌സി ചാര്‍ജ് 50 രൂപയാക്കി. തീരുമാനം ഇന്നലെ നടന്ന മന്ത്രിസഭാ യോഗത്തിലെടുത്തിരുന്നു.

റൂള്‍ 300 അനുസരിച്ചാണ് ഗതാഗത മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ 3.50ഉള്ള മിനിമം ചാര്‍ജാണ് നാലാക്കി വര്‍ധിപ്പിച്ചത്. ഫാസ്റ്റ് പാസഞ്ചറിന്റെ മിനിമം ചാര്‍ജ് 4.50ല്‍നിന്ന് അഞ്ചായും സൂപ്പര്‍ ഫാസ്റ്റിന്റെ നിരക്ക് എട്ടില്‍നിന്ന് പത്തായും സൂപ്പര്‍ എക്‌സ്പ്രസിന്റെത് 15 രൂപയായുമാണ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. വിദ്യാര്‍ഥികളുടെ യാത്രാ നിരക്കിലും മാറ്റമില്ല.

ഓട്ടോ ചാര്‍ജ് മിനിമം നിരക്കില്‍ വര്‍ധനയില്ല. എന്നാല്‍ മിനിമം ചാര്‍ജിനുള്ള ദൂരപരിധി കുറച്ചിട്ടുണ്ട്. മിനിമം ചാര്‍ജായ പത്ത് രൂപക്ക് പരമാവധ യാത്ര ചെയ്യാവുന്ന ദൂരപരിധി 1.25 കിലോമീറ്ററായാണ് കുറച്ചത്. കിലോമീറ്ററിന് ഓര്‍ഡിനറി ബസ്സുകളില്‍ ഈടാക്കുന്ന 52 പൈസ 55 പൈസയായി ഉയര്‍ത്താനും ഫാസ്റ്റ്പാസഞ്ചറില്‍ 55 പൈസയായിരുന്നത് 57 പൈസയാക്കാനും സൂപ്പര്‍ഫാസ്റ്റിന് 58 പൈസ 60 ആയി വര്‍ധിപ്പിക്കാനുമാണ് തീരുമാനം. സൂപ്പര്‍ ഡീലക്‌സില്‍ 72 പൈസ 75 പൈസയായും വോള്‍വോ അല്ലാത്ത എ സി ബസ്സുകളില്‍ 85 പൈസ 90 പൈസയായും വോള്‍വോ എ സി ബസ്സുകളില്‍ 1.05 രൂപ 1.10 രൂപയായും ഉയര്‍ത്തിയിട്ടുണ്ട്.

യാത്രക്കൂലി വര്‍ധനയെക്കുറിച്ച് പഠിച്ച നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പ്ലാനിങ് ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ (നാറ്റ്പാക്) ശുപാര്‍ശകള്‍ അതേപടി അംഗീകരിച്ചുകൊണ്ട് മന്ത്രിസഭാ ഉപസമിതി നല്‍കിയ നിര്‍ദ്ദേശമനുസരിച്ചാണ് ബുധനാഴ്ച വൈകീട്ട് ചേര്‍ന്ന മന്ത്രിസഭായോഗം നിരക്ക് വര്‍ധനക്ക് തീരുമാനിച്ചത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.