Categories

ബസ് സമരം തുടങ്ങി; ജനം ജീവിതം സ്തംഭിച്ചു

bus-strike-keralaതിരുവനന്തപുരം: സ്വകാര്യ ബസുടമകളും കെ എസ് ആര്‍ ടി സി ജീവനക്കാരിലെ ഒരു വിഭാഗവും ഇന്ന് സമരം നടത്തുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ജന ജീവിതം സ്തംഭിച്ചു. നിരക്കുവര്‍ധന അടക്കമുള്ള ആവശ്യങ്ങളുമായി സ്വകാര്യ ബസുടമകളുടെ അനിശ്ചിതകാല സമരത്തിനാണ് ഇന്ന് തുടക്കം കുറിച്ചിരിക്കുന്നത്. ക്ഷാമബത്ത കുടിശിക ഉടന്‍ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് കെ എസ് ആര്‍ ടി സിയിലെ ഒരു വിഭാഗം ജീവനക്കാര്‍ സൂചനാ പണിമുടക്കാണ് നടത്തുന്നത്. കെ എസ് ആര്‍ ടി സി ജീവനക്കാരുടെ സമരത്തില്‍ നിന്ന് സി ഐ ടി യു പിന്‍മാറിയിട്ടുണ്ട്. എന്നാല്‍ പ്രതിപക്ഷ സംഘടനകളും എ ഐ ടി യു സിയുടെ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ യൂണിയനും സമരത്തിലാണ്.

അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ ജനങ്ങള്‍ യാത്ര ചെയ്യുന്നുള്ളൂ. സമാന്തര സര്‍വ്വീസുകള്‍ കാര്യമായി രംഗത്തിറങ്ങിയിട്ടുണ്ട്. ഗ്രാമീണ മേഖലയിലാണ് ഗതാഗത പ്രശ്‌നം രൂക്ഷമായുള്ളത്.

സ്വകാര്യ ബസുടമകളുമായും കെ എസ് ആര്‍ ടി സി തൊഴിലാളി യൂനിയനുകളുമായും സര്‍ക്കാര്‍ ഇന്നലെ നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെടുകയായിരുന്നു. സ്വകാര്യ ബസ് ഉടമകളുമായി ഇന്ന രണ്ടു തവണ ചര്‍ച്ച നടത്തിയെങ്കിലും ഗുണമുണ്ടായില്ല. നിരക്കു വര്‍ധന സംബന്ധിച്ച നാറ്റ്പാക് റിപ്പോര്‍ട്ട് ഇടതു മുന്നണി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാന്‍ സ്വകാര്യ ബസ് ഉടമകള്‍ തയ്യാറായില്ല. ഇതെ തുടര്‍ന്ന് നാളെ മുതല്‍ അനിശ്ചിത കാല സമരം ആരംഭിക്കുകയാണെന്ന് ഭാരവാഹികള്‍ അറിയിക്കുകയായിരുന്നു.

ചര്‍ച്ചയില്‍ സര്‍ക്കാര്‍ 15 ദിവസത്തെ സാവകാശം ആവശ്യപ്പെട്ടെങ്കിലും സമരസമിതി തളളി. നേരത്തെ നവംബര്‍ 30 ന് സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ ഡിസംബര്‍ 30 നകം തീരുമാനമെടുക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും ഈ ഉറപ്പ് പാലിക്കപ്പെട്ടിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സമരക്കാര്‍ സര്‍ക്കാര്‍ ഉറപ്പ് അംഗീകരിക്കാതിരുന്നത്.

കുടിശികയുള്ള ഏഴ് ഡിഎകളില്‍ മൂന്നെണ്ണം ഇപ്പോള്‍ നല്‍കുകയും ബാക്കിയുള്ളത് നല്‍കുന്ന തീയതി നിശ്ചയിക്കുകയും ചെയ്യണമെന്നാണ് പ്രതിപക്ഷ യൂനിയനുകളുടെ ആവശ്യം. കുടിശ്ശികയുള്ള ക്ഷാമ ബത്തയുടെ 49 ശതമാനം നല്‍കാമെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ അറിയിച്ചു. ഇത് അംഗീകരിച്ച് സി ഐ ടി യു സമരത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു. എന്നാല്‍ പ്രതിപക്ഷ യൂനിയുകളോടൊപ്പം ചേര്‍ന്ന് സമരത്തില്‍ പങ്കെടുക്കുമെന്ന് എ ഐ ടി യു സി അറിയിച്ചിട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.