തിരുവനന്തപുരം: ഇന്ധന വില വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ചും നിരക്ക് വര്‍ധനവ് ആവശ്യപ്പെട്ടും ചൊവ്വാഴ്ച മോട്ടോര്‍ വാഹന വാഹന പണിമുടക്ക്. സ്വകാര്യ ബസുടമകളും കെ എസ് ആര്‍ ടി സി ജീവനക്കാരും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് പണിമുടക്ക്.

കഴിഞ്ഞ ജനുവരി 26ന് മോട്ടോര്‍ വാഹന ഉടമകളുടെ സംയുക്ത സമര സമിതി അനിശ്ചിത കാല സംരം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അന്ന് സര്‍ക്കാറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് സമരത്തില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു.

അതേസമയം ബസ് ചാര്‍ജ് ഉടര്‍ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ച് 11 മുതല്‍ അനിശ്ചിത കാല ബസ് സമരം തുടങ്ങാന്‍ ബസ് ഉടമകളുടെ സംയുക്ത സമര സമിതി തീരുമാനിച്ചു. സി പി ഐ എം അനുകൂല സംഘടനകയൊഴികെയുള്ളവരെല്ലാം സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. തൃശൂരില്‍ ചേര്‍ന്ന സംയുക്ത സമര സമിതി യോഗത്തിലാണ് തീരുമാനം. മിനിമം ചാര്‍ജ് അഞ്ച് രൂപയായി വര്‍ധിപ്പിക്കുക, വിദ്യാര്‍ഥികളുടെ ബസ് കണ്‍സെഷന്‍ നിര്‍ത്തലാക്കുക തുടങ്ങിയവയാണ് ബസ് ഉടമകളുടെ ആവശ്യങ്ങള്‍.

ബസ് ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ട് നേരത്തെ സ്വകാര്യ ബസ് ഉടമകള്‍ നടത്തിയ അനിശ്ചിത കാല സമരം സര്‍ക്കാറുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന് നിര്‍ത്തിവെക്കുകയായിരുന്നു. ചാര്‍ജ് വര്‍ധനവ് സംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ ആലോചനകള്‍ നടക്കുന്നതിനിടെയാണ് ഇന്ധന വില വര്‍ധിപ്പിച്ചത്. ഇതോടെ ബസ് ഉടമകള്‍ ഉടന്‍ ചാര്‍ജ് വര്‍ധനവ് ആവശ്യപ്പെട്ട് രംഗത്ത് വരികയായിരുന്നു.