എഡിറ്റര്‍
എഡിറ്റര്‍
സ്വകാര്യ ബസുടമകളുടെ പണിമുടക്ക് തുടങ്ങി; ഗതാഗത്തെ ബാധിച്ചു
എഡിറ്റര്‍
Tuesday 30th October 2012 9:13am

കോഴിക്കോട്: വിവിധ ആവശ്യങ്ങളുന്നയിച്ച് സി.ഐ.ടി.യു നേതൃത്വത്തിലുള്ള പ്രൈവറ്റ് ബസ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷനും ഒരു വിഭാഗം സ്വകാര്യ ബസ് ജീവനക്കാരും ഇന്നലെ അര്‍ധരാത്രി മുതല്‍ പണിമുടക്ക് ആരംഭിച്ചു.

Ads By Google

ഒരുവിഭാഗം സ്വകാര്യ ബസ് ഉടമകള്‍ കഴിഞ്ഞ രാത്രി മുതല്‍ ആഹ്വാനം ചെയ്ത അനിശ്ചിതകാല പണിമുടക്ക് മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന് രാത്രി വൈകി പിന്‍വലിച്ചെങ്കിലും വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള സ്‌റ്റേറ്റ് പ്രൈവറ്റ് ബസ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്റെ (സി.ഐ.ടി.യു) നേതൃത്വത്തില്‍ സ്വകാര്യ ബസ് തൊഴിലാളികള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് പിന്‍വലിക്കാതിരിക്കുകയായിരുന്നു.

സ്വകാര്യ ബസ് തൊഴിലാളികള്‍ 24 മണിക്കൂര്‍ പണിമുടക്കാണ് ആരംഭിച്ചിരിക്കുന്നത്. തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ശക്തമായ സ്വാധീനമുള്ള ബസ് ഓപറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തിലാണ് ബസുടമകളുടെ പണിമുടക്ക്.

രാവിലെ ആറ് മുതല്‍ രാത്രി ഒന്‍പത് വരെയാണ് പണിമുടക്ക്. കെ.എസ്.ആര്‍.ടി.സിയിലെ സേവന- വേതന വ്യവസ്ഥകള്‍,സ്വകാര്യ ബസ് ജീവനക്കാര്‍ക്കും നടപ്പാക്കുക, ജോലിക്കിടയില്‍ ഉണ്ടാകുന്ന അക്രമം അവസാനിപ്പിക്കാന്‍ നിയമം കൊണ്ടുവരിക, ദേശസാല്‍ക്കരണത്തിന്റെ ഫലമായി ജോലി നഷ്ടപ്പെടുന്നവരെ കെ.എസ്.ആര്‍.ടി.സി.യില്‍ നിയമിക്കുക, ബസുകളുടെ സമയപട്ടിക ഓരോ കേന്ദ്രത്തിനും നല്‍കി മത്സര ഓട്ടം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്‌ കേരള സ്‌റ്റേറ്റ് പ്രൈവറ്റ് ബസ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (സി.ഐ.ടി.യു) അംഗങ്ങള്‍ പണിമുടക്കുന്നത്.

കോഴിക്കോട്ട് മിക്കവാറും എല്ലാ തൊഴിലാളികളും പണിമുടക്കിലാണ്. പണിമുടക്കിന് ആഹ്വാനം ചെയ്തത് സി.ഐ.ടി.യു വിഭാഗമാണെങ്കിലും എല്ലാ തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുക്കുന്ന സ്ഥിതിയാണിവിടെ കാണുന്നത്.

Advertisement