എഡിറ്റര്‍
എഡിറ്റര്‍
സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം തുടങ്ങി
എഡിറ്റര്‍
Monday 7th January 2013 9:09am

തിരുവനന്തപുരം: വേതന വര്‍ധനവ് ആവശ്യപ്പെട്ട് സ്വകാര്യബസ് തൊഴിലാളികള്‍ ആഹ്വാനം ചെയ്ത അനിശ്ചിതകാല പണിമുടക്ക് തുടങ്ങി.

ബസ്‌തൊഴിലാളികള്‍ക്ക് 2008ലാണ്  ശമ്പള പരിഷ്‌കരണം നടന്നത്. ശേഷം പലതവണ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചെങ്കിലും ശമ്പള പരിഷ്‌കരണം നടത്തിയില്ലെന്ന് നേതാക്കള്‍ പറയുന്നു.

Ads By Google

യാത്രക്കാരുടെ കൈയേറ്റവും ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും പീഡനവും അവസാനിപ്പിക്കാന്‍ നിയമം കൊണ്ടുവരുക, ജോലിസമയം ഏകീകരിക്കുക, ക്ഷേമനിധി അപാകത പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളും ബസ് ജീവനക്കാര്‍ ഉന്നയിക്കുന്നുണ്ട്.

കഴിഞ്ഞ മാസം 29 മുതല്‍ പ്രഖ്യാപിച്ചിരുന്ന പണിമുടക്ക് ചര്‍ച്ചകളെ തുടര്‍ന്നാണ് ആറാം തീയതിയിലെക്ക് മാറ്റിയത്. നിലവിലുള്ള ശബളത്തില്‍ 50 ശതമാനം വര്‍ധനവ് നടപ്പാക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.

കഴിഞ്ഞമാസം 19 നും 27 നും തൊഴില്‍ മന്ത്രിയുടെയും ലേബര്‍ കമ്മീഷണറുടെയും സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചകള്‍   പരാജയപ്പെട്ടിരുന്നു. പിന്നീട് ലേബര്‍ കമ്മീഷണറുടെ സാന്നിധ്യത്തില്‍ കൊച്ചിയില്‍ നടന്ന ചര്‍ച്ചയും പരാജയപ്പെട്ടതോടെയാണ് തൊഴിലാളികള്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങിയത്.

സ്വകാര്യ ബസ് പണിമുടക്ക് യാത്രക്കാരെ ഗുരുതരമായി ബാധിക്കും. ശബരിമല സീസണായതിനാല്‍  കെ.എസ്.ആര്‍.ടി.സിക്ക് കൂടുതല്‍ സര്‍വീസ് നടത്താന്‍ കഴിയില്ല. വടക്കന്‍കേരളത്തിലായിരിക്കും പ്രത്യാഘാതം കൂടുതല്‍.

അതിനിടെ ഇടതു സര്‍വീസ് സംഘടനകളുടെ സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് ഇന്ന് രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ കെ.എസ്.ആര്‍.ടി.സിയിലെ ഒരു വിഭാഗം ജീവനക്കാരും പണിമുടക്കും.

പങ്കാളിത്ത പെന്‍ഷനെതിരെയാണ് ഇടതു സര്‍വീസ് സംഘടനകള്‍ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. സമരം നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

പങ്കാളിത്ത പെന്‍ഷന്‍ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇടത് അനുകൂല സര്‍വീസ് സംഘടനകളും അധ്യാപക സംഘടനകളും നാളെ പണിമുടക്ക് ആരംഭിക്കും. സി.പി.എമ്മിന്റെ ഭൂസമരം 14 ജില്ലകളിലും പുരോഗമിക്കുകയാണ്.

കാലിക്കറ്റ് സര്‍വകലാശാല തിങ്കളാഴ്ച മുതല്‍ നടത്തേണ്ട എല്ലാ പരീക്ഷകളും മാറ്റി. ബസ് സമരവും ചൊവ്വാഴ്ച മുതല്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും അനിശ്ചിതകാല പണിമുടക്കും കണക്കിലെടുത്താണ് പരീക്ഷ മാറ്റിയത്.
പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് പരീക്ഷാഭവന്‍ അറിയിച്ചു. എന്നാല്‍, കേരള, എം.ജി, കണ്ണൂര്‍ സര്‍വകലാശാലകള്‍ ഇതുസംബന്ധിച്ച് അറിയിപ്പൊന്നും നല്‍കിയിട്ടില്ല.

Advertisement