തിരുവനന്തപുരം: പെരുമ്പാവൂരില്‍ മോഷണക്കുറ്റമാരോപിച്ച് സഹയാത്രികരുടെ മര്‍ദ്ദനമേറ്റ് മരിച്ച പാലക്കാട് സ്വദേശി രഘുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായധനം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. രഘുവിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

കഴിഞ്ഞ ദിവസമാണ് മോഷണകുറ്റം ആരോപിച്ച് പെരുമ്പാവൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വെച്ച് രഘുവിനെ സഹയാത്രികരായ മൂന്ന് പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. സംഭവത്തില്‍ കെ.സുധാകരന്‍ എം.പിയുടെ ഗണ്‍മാനടക്കം രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്്.

ബസില്‍ പോക്കറ്റടിച്ചെന്ന് ആരോപിച്ചാണ് പെരുവമ്പ തങ്കയം വീട്ടില്‍ രഘുവിനെ സുധാകരന്റെ ഗണ്‍മാന്‍ സതീഷും കൂട്ടാളി സന്തോഷും തല്ലിക്കൊന്നത്. രഘുവിനെ മൂന്നംഗസംഘം ക്രൂരമായി മര്‍ദിച്ചെന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി. മൂന്നാമനെ പോലീസ് തിരയുന്നുണ്ട്. മര്‍ദനത്തെ തുടര്‍ന്ന് തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.