എഡിറ്റര്‍
എഡിറ്റര്‍
കണ്ടക്ടറുടെ ശല്യം സഹിക്കവയ്യാതെ ബസ്സില്‍ നിന്നും ഇറങ്ങിയ വിദ്യാര്‍ത്ഥിക്ക് വീണ് പരിക്ക്
എഡിറ്റര്‍
Tuesday 7th February 2017 9:53am

bus-strike

രാജപുരം: കണ്ടക്ടറുടെ ശല്യം സഹിക്കാനാവാതെ ബസ്സ് നിര്‍ത്തിച്ച് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ തെറിച്ച് വീണ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്. രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജിലെ ബി.ബി.എ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി ശ്രീന കെ. നമ്പ്യാര്‍ക്കാണ് പരിക്ക്.


ശ്രീനയെ പൂടംകല്ല് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് കണ്ടക്ടര്‍ പ്രവീണിനെ അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാവിലെ കോളേജിലേക്ക് പോകാന്‍ കാഞ്ഞങ്ങാട് മാവുങ്കാലില്‍ നിന്ന് പാണത്തൂരിലേക്ക് ബസ് കയറിയപ്പോഴായിരുന്നു വിദ്യാര്‍ത്ഥിനിയോട് യാത്രക്കിടെ കണ്ടക്ടര്‍ മോശമായി പെരുമാറിയത്.

ബസ്സിന്റെ മുന്‍വശത്ത് സ്ഥലമുണ്ടായിട്ടും പിന്നിലേക്ക് മാറി നില്‍ക്കാന്‍ കണ്ടക്ടര്‍ ആവശ്യപ്പെട്ടു. അനുസരിക്കാത്തതിന് മോശമായി പെരുമാറുകയും ചീത്തവിളിക്കുകയും ചെയ്തതായി ശ്രീന പറയുന്നു. ഇതേത്തുടര്‍ന്ന് ബസ് നിര്‍ത്താന്‍ പലവട്ടം ആവശ്യപ്പെട്ടെങ്കിലും സ്റ്റോപ്പില്‍ മാത്രമേ നിര്‍ത്തൂ എന്ന് ഇയാള്‍ പറഞ്ഞു.

പെരുമാറ്റം അസഹ്യമായതോടെ പറപ്പള്ളിയില്‍ ബസ് നിര്‍ത്തിയപ്പോള്‍ ശ്രീന ഇറങ്ങാന്‍ ശ്രമിച്ചു. ശ്രീന ഇറങ്ങുന്നത് കണ്ടതോടെ ബസ് എടുക്കാന്‍ കണ്ടക്ടര്‍ ഡ്രൈവറോട് ആവശ്യപ്പെട്ടു. ഇതുപ്രാകംര ഡ്രൈവര്‍ ബസ് മുന്നോട്ട് എടുത്തതോടെ ശ്രീന തെറിച്ച് റോഡില്‍ വീഴുകയായിരുന്നു.

ഇത് കണ്ട് ബഹളം വെച്ച മറ്റ് വിദ്യാര്‍ത്ഥിനികളേയും ബസില്‍ നിന്നും ഇറക്കിവിട്ടു. തുടര്‍ന്ന് ബസ് നാട്ടുകാരും വിദ്യാര്‍ത്ഥികളും വിവരമറിയിച്ചതിനെ തുടര്‍ന്ന് രാജപുരം പൊലീസ് പിടികൂടി സ്റ്റേഷനിലേക്ക് മാറ്റി.

Advertisement