തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് യാത്രാ നിരക്കുകള്‍ വര്‍ധിപ്പിച്ചു. മിനിമം ചാര്‍ജ് അഞ്ച് രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

വിദ്യാര്‍ത്ഥികളുടെ മിനിമം യാത്രാനിരക്കില്‍ മാറ്റമില്ല. വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്ന് ബസുടമകള്‍ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് വിദ്യാര്‍ത്ഥി സംഘടകളുമായി ഗതാഗതി മന്ത്രി വി.എസ് ശിവകുമാര്‍ ചര്‍ച്ച നടത്തിയിരുന്നു. യാത്രനിരക്ക് വര്‍ധിപ്പിച്ചാല്‍ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് വിദ്യാര്‍ത്ഥികള്‍ ഗതാഗതമന്ത്രിയെ അറിയിച്ചിരുന്നു.

മിനിമം നിരക്ക് ആറ് രൂപയാക്കി ഉയര്‍ത്തണമെന്നായിരുന്നു ബസുടമകളുടെ ആവശ്യം. അഞ്ചാം തീയതിയോടെ ഇക്കാര്യത്തില്‍ തീരുമാനമറിയിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ഈ മാസം ആറു മുതല്‍ അനിശ്ചിതകാലസമരം നടത്തുമെന്ന് ബസുടമകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഉച്ചയ്ക്ക് ശേഷം മൂന്നു മണിക്ക് ബസ് ഓണേഴ്‌സ് കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി തിരുവനന്തപുരത്ത് യോഗം ചേരുന്നുണ്ട്. സര്‍ക്കാരിന്റെ തീരുമാനം അറിഞ്ഞശേഷം വിശദമായി ഇക്കാര്യം ചര്‍ച്ച ചെയ്ത് സമരമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുമെന്ന് ബസുടമാ സംഘടനാ പ്രതിനിധികള്‍ പറഞ്ഞു.