എഡിറ്റര്‍
എഡിറ്റര്‍
ബസ് ചാര്‍ജ് വര്‍ധന നിലവില്‍ വന്നു
എഡിറ്റര്‍
Sunday 11th November 2012 12:01am

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ ബസ് യാത്രാക്കൂലി നിലവില്‍ വന്നു. ഇന്നലെ അര്‍ധരാത്രി മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തിലായത്. ഇതനുസരിച്ച് ഓര്‍ഡിനറി സര്‍വീസുകള്‍ക്ക് മിനിമം ചാര്‍ജ് അഞ്ചില്‍ നിന്ന് ആറ് രൂപയായി. വിദ്യാര്‍ത്ഥികളുടെ സൗജന്യനിരക്ക് ഒരു രൂപയായി ഉയര്‍ത്തിയിട്ടുമുണ്ട്.

മിനിമം ചാര്‍ജിന് ഓര്‍ഡിനറി, ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുകളില്‍ അഞ്ച് കിലോമീറ്റര്‍ സഞ്ചരിക്കും. ചാര്‍ജ്ജ് വര്‍ധന നിലവില്‍ വരുന്നതോടെ ഫാസ്റ്റ് പാസഞ്ചറിന് മിനിമം ചാര്‍ജ്  8 രൂപയായി. സൂപ്പര്‍ഫാസ്റ്റിന് മിനിമം 12 രൂപയും എക്‌സ്പ്രസ്സിന് 17രൂപയും സൂപ്പര്‍ ഡീലക്‌സ് 25രൂപയും, വോള്‍വോ 35 രൂപയായും വര്‍ധിച്ചിട്ടുണ്ട്. കിലോമീറ്റര്‍ ചാര്‍ജ് 55 പൈസയില്‍ നിന്ന് 58 പൈസയായാണ് കൂടിയത്.

Ads By Google

ഫാസ്റ്റിന് കിലോമീറ്റര്‍ ചാര്‍ജ് 62 പൈസയും, സൂപ്പര്‍ പാസ്റ്റിന് 65പൈസയും, എക്‌സ്പ്രസ്സ് 70 പൈസയായും വര്‍ദ്ധിപ്പിച്ചു. അഞ്ച് രൂപയായിരുന്ന മിനിമം ചാര്‍ജ് ആറ് രൂപയാക്കണമെന്നാവശ്യപ്പെട്ട് ബസ്സുടമകള്‍ നേരത്തെ സമരം പ്രഖ്യാപിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ നിയമിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ അധ്യക്ഷനായ നിരക്ക് നിര്‍ണയ സമിതി നിരക്കു വര്‍ധനക്ക് ശുപാര്‍ശ ചെയ്തിരുന്നു.

ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്റെ ശുപാര്‍ശ നടപ്പില്‍ വരുത്താന്‍ മന്ത്രിസഭ തീരുമാനിച്ചതോടെയാണ് ബസ് നിരക്ക് വര്‍ധന നടപ്പിലായത്. ബസ് ചാര്‍ജ്ജ് വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ വിദ്യാര്‍ഥി യുവജനസംഘടനകള്‍ രംഗത്തെത്തിയിരുന്നു.

അതിനിടെ ബസ് യാത്രാ നിരക്ക് ഇനിയും വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം ബസ് ഉടമകള്‍ രംഗത്തെത്തിയിട്ടുണ്ട്.

Advertisement