തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധന അനിവാര്യമാണെന്ന് ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദ്. തിരുവനന്തപുരത്ത് ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച മന്ത്രിമാരുടെ യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Ads By Google

ഡീസല്‍ വില വര്‍ധിപ്പിച്ച സാഹചര്യത്തില്‍ ബസ് ചാര്‍ജ് വര്‍ധനയെന്ന ആവശ്യം അംഗീകരിച്ചേ പറ്റൂ. എന്നാല്‍ എത്ര രൂപ വര്‍ധിപ്പിക്കണമെന്ന് പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഡീസല്‍ വില വര്‍ധനയില്‍ ഇളവുവരുത്താന്‍ കോണ്‍ഗ്രസ് കോര്‍ കമ്മറ്റിയോഗത്തില്‍ തീരുമാനമെടുക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. അക്കാര്യം കൂടി വ്യക്തമായാല്‍ മാത്രമേ ബസ് ചാര്‍ജ് വര്‍ധനയുടെ കാര്യത്തില്‍ വരികയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

വൈകിട്ട് ബസുടമകളുമായി മന്ത്രിമാര്‍ ചര്‍ച്ച നടത്തുന്നുണ്ട്. മിനിമം ചാര്‍ജ് ഏഴ് രൂപയാക്കണമെന്നും കിലോമീറ്റര്‍ നിരക്ക് ഉയര്‍ത്തണമെന്നും വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് വര്‍ധിപ്പിക്കണമെന്നുമാണ് ബസുടമകളുടെ ആവശ്യം. ഇതില്‍ ഏതൊക്കെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുമെന്ന് വ്യക്തമല്ല.