തിരുവനന്തുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗം തത്വത്തില്‍ തീരുമാനമാനിച്ചു. നാളെ ബസ് ഉടമകളുമായി നടത്തുന്ന ചര്‍ച്ചക്ക് ശേഷമായിരിക്കും ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാവുക.

ബസ് ചാര്‍ജ് നിരക്ക് വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ജസ്റ്റിസ് രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള വിദഗ്ധസമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് മന്ത്രിസഭ പരിഗണിച്ചത്. ബസ് മിനിമം ചാര്‍ജ് അഞ്ചു രൂപയാക്കുക, വിദ്യാര്‍ഥി കണ്‍സഷന്‍ കാലോചിതമായി പരിഷ്‌കരിക്കുക തുടങ്ങിയവയാണു സമിതിയുടെ പ്രധാന നിര്‍ദേശങ്ങള്‍.

ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസ്സുടമകള്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സമിതി റിപ്പോര്‍ട്ട് അടിയന്തരമായി നടപ്പാക്കുമെന്ന് സര്‍ക്കാര്‍ ബസ്സുടമകള്‍ക്ക് ഉറപ്പുനല്‍കിയിരുന്നു.

വിദ്യാര്‍ഥി സംഘടനകളുമായി ചര്‍ച്ച നടത്തിയ ശേഷം മാത്രമേ വിദ്യാര്‍ഥികളുടെ നിരക്ക് വര്‍ധന ഉണ്ടാവുകയുള്ളൂവെന്നാണ് വിവരം.