bus-chrge-hik-in-keralaതിരുവനന്തപുരം: അനിശ്ചിത കാല സമരത്തില്‍ നിന്ന് ഉടമകള്‍ പിന്‍മാറാന്‍ തയ്യാറായത് മിനിമം ചാര്‍ജ് നാലു രൂപയാക്കി വര്‍ധിപ്പിക്കുമെന്ന സര്‍ക്കാര്‍ ഉറപ്പിന്‍മേല്‍. മിനിമം നിരക്ക് മൂന്നര രൂപയില്‍ നിന്ന് നാല് രൂപയാക്കി ഉയര്‍ത്താന്‍ എല്‍ ഡി എഫ് യോഗത്തില്‍ ധാരണയായിരുന്നു. എന്നാല്‍ വിദ്യാര്‍ഥികളുടെ നിരക്ക് വര്‍ധിപ്പിക്കേണ്ടെന്നാണ് തീരുമാനം.

കിലോമീറ്റര്‍ നിരക്കിന്റെ കാര്യം മന്ത്രിസഭാ ഉപസമിതിയുടെ തീര്‍പ്പിനായി മാറ്റിവെച്ചിരിക്കുകയാണ്. ഇക്കാര്യത്തില്‍ ‘നാറ്റ്പാക്ക്’ പഠനറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കാനാണ് സര്‍ക്കാരിന് ഇടതുമുന്നണി ഏകോപനസമിതി നല്‍കിയിരിക്കുന്ന നിര്‍ദേശം. മിനിമം ചാര്‍ജ് വര്‍ധിക്കാമെന്ന ഉറപ്പിന്‍മേലാണ് സമരം ഒത്തു തീര്‍ന്നത്.

Subscribe Us:

മിനിമം യാത്രാനിരക്ക് അഞ്ച് രൂപയാക്കണമെന്നും ഒരു കി മീ യാത്രയുടെ നിരക്ക് അഞ്ച് പൈസ വര്‍ധിപ്പിക്കണമെന്നുമായിരുന്നു സമരക്കാരുടെ ആവശ്യം. മുമ്പ് നാല് രൂപയായിരുന്ന മിനിമം യാത്രക്കൂലി അന്താരാഷ്ട്ര വിപണിയില്‍ ഡീസലിന്റെ വില ഇടിഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ആദ്യമാണ് മൂന്നര രൂപയാക്കിയത്. എന്നാല്‍ പിന്നീട് ഡീസല്‍ വില വര്‍ധിച്ചപ്പോള്‍ ബസ് നിരക്ക് വര്‍ധിച്ചില്ലെന്നാണ് ഉടമകളുടെ വാദം.

നിരക്ക് വര്‍ധനവ് കെ എസ് ആര്‍ ടി സിക്കും അത്യാവശ്യമാണ്. നിരക്ക് കൂട്ടുകയോ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുകയോ വേണമെന്നാവശ്യപ്പെട്ട് കെ എസ് ആര്‍ ടി സി മാനേജ്‌മെന്റ് സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചിരുന്നു.