കേരളം വീണ്ടും ബസ് ചാര്‍ജ് വര്‍ധനവെന്ന ദുരന്തമുഖത്താണുള്ളത്. മിനിമം ചാര്‍ജ് അഞ്ച് രൂപയാക്കുന്നതിന് ഏറെക്കുറെ ധാരണയായിക്കഴിഞ്ഞു. ഇനി പ്രഖ്യാപനം മാത്രമേ വേണ്ടൂ. കഴിഞ്ഞ കുറച്ചുകാലമായി ബസ് ഉടമകള്‍ സമരപ്രഖ്യാപനം നടത്തുകയും സര്‍ക്കാര്‍ ചര്‍ച്ചക്ക് വിളിക്കുകയും ചെയ്യുന്ന പരിപാടി നടന്നുവരികയായിരുന്നു. ബസ് ചാര്‍ജ് വര്‍ധനവ് സ്വീകരിക്കാനായി ജനത്തെ മാനസികമായി സജ്ജമാക്കുകയായിരുന്നു അവര്‍ ചെയ്തത്.

ബസ് ചാര്‍ജ് വര്‍ധനവിനൊപ്പം വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ എടുത്ത് മാറ്റണമെന്നും ഉടമകള്‍ ആവശ്യപ്പെടുന്നുണ്ട്. വിദ്യാര്‍ഥികളുടെ അവകാശത്തില്‍ കൈവെക്കാനുള്ള നീക്കം ശക്തമായ പ്രതിഷേധത്തിന് കാരണമാകുമെന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല. ഇന്ന് വിദ്യാര്‍ഥി സംഘടനാ നേതാക്കളുമായി ഗതാഗത മന്ത്രി നടത്തിയ ചര്‍ച്ചയില്‍ ഒരിഞ്ച് വിട്ടുവീഴ്ചക്ക് തയ്യാറല്ലെന്ന് അവര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.

ഇന്ധന വില വര്‍ധനവ് തന്നെ ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ഡീസല്‍ വില വര്‍ധിക്കുന്നതിനനുസരിച്ച് ബസ് ചാര്‍ജ് വില വര്‍ധിപ്പിക്കുന്നത് പൊതുജനത്തിന്റെ കഴുത്തിന് പിടിക്കലാണ്. തമിഴ്‌നാട്ടിലും മറ്റുമുള്ള ബസ് ചാര്‍ജിന്റെ ഇരട്ടിയിലേറെയാണ് കേരളത്തില്‍ ഇപ്പോള്‍ തന്നെയുള്ളത്. ബസ് ഉടമകളുടെ പണിമുടക്ക ഭീഷണിക്ക് മുന്നില്‍ സര്‍ക്കാറും പൊതുജനവും തലവെച്ചുകൊടുക്കണോ?, ഡൂള്‍ന്യൂസ് ലഞ്ച് ബ്രേക്ക് ചര്‍ച്ച ചെയ്യുന്നു.

ടി.കെ.എ അസീസ്-ഉപഭോക്തൃ സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ്

യാത്രക്കാരുടെ താല്‍പര്യങ്ങള്‍ തീരെ പരിഗണിക്കാതെയാണ് ബസ് ചാര്‍ജ് വര്‍ധനവിന് നീക്കം നടക്കുന്നത്. 1994ല്‍ മുന്‍ചീഫ് സെക്രട്ടറിയായിരുന്ന രവീന്ദ്രന്‍നായര്‍ കമ്മീഷന്‍ സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കേരളത്തില്‍ ഫെയര്‍ സ്റ്റേജ് നിര്‍ണ്ണയത്തില്‍ അടിസ്ഥാനപമരമായ പ്രശ്‌നമുണ്ടെന്ന് കണ്ടെത്തിയിരുന്നു.

കേരളത്തില്‍ ഫെയര്‍‌സ്റ്റേജ് അപാകത പരിഹരിച്ച ശേഷമേ ഇനിയൊരു ചാര്‍ജ് വര്‍ധനവ് പാടുള്ളൂവെന്ന്  റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് പരിശോധിക്കാനോ പരിഗണിക്കാനോ ഒരു സര്‍ക്കാറും തയ്യാറായിട്ടില്ല.

മിനിമം ചാര്‍ജില്‍ അഞ്ച് കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ അനുവദിക്കണമെന്നും രവീന്ദ്രന്‍ നായര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ രണ്ടര കിലോമീറ്റര്‍ മാത്രമേ ഇപ്പോള്‍ മിനിമം ചാര്‍ജില്‍ യാത്ര ചെയ്യാന്‍ കഴിയൂ.

തമിഴ്‌നാട്ടില്‍ വിദ്യാര്‍ഥികള്‍ക്ക് പ്ലസ്ടു വരെ സൗജന്യമായി ബസ് യാത്ര ചെയ്യാം. അവിടെ സാധാരണ യാത്രക്കാര്‍ക്ക് മനിമം ചാര്‍ജ് രണ്ട് രൂപയാണ്. കഴിഞ്ഞ എട്ട് വര്‍ഷത്തിന് ശേഷം ഒരിക്കല്‍പ്പോലും അവിടെ യാത്രാ നിരക്ക് കൂട്ടിയിട്ടില്ല. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചുകൊണ്ടായിരിക്കണം കേരളത്തില്‍ ബസ് ഉടമകളുടെ ആവശ്യം പരിഗണിക്കേണ്ടത്.

എന്നാല്‍ ഇതൊന്നും ഇവിടെ പരിഗണിക്കപ്പെട്ടിട്ടില്ല. യാത്രക്കാരെ ബന്ദികളാക്കി വിമാനം റാഞ്ചുന്ന പോലെയാണ് കേരളത്തില്‍ ബസ് ഉടമകള്‍ പെരുമാറുന്നത്. പണിമുടക്ക് പ്രഖ്യാപിച്ച് യാത്രക്കാരെ ബന്ദികളാക്കിയാണ് അവര്‍ നിരക്ക് വര്‍ധിപ്പിക്കാന്‍ സമ്മര്‍ദ്ദം പ്രയോഗിക്കുന്നത്. ബസ് ഉടമകളുടെ സംഘടിത ശക്തിക്ക് മുമ്പില്‍ സര്‍ക്കാര്‍ കീഴടങ്ങിയിരിക്കയാണ്

എ.കെ അബ്ദുല്ല -ബസ് ഓണേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ്

ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ആവശ്യം തീര്‍ച്ചയായും ന്യായമാണ്. പെട്രോളിന്റെയും ഡീസിലിന്റെയും വിലവര്‍ധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വില വര്‍ധിപ്പിക്കാതെ മറ്റുവഴികളില്ല. ഇന്ധനവില വര്‍ധിപ്പിച്ചതിന്റെ പിറ്റേദിവസം തന്നെ തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും, ആന്ധ്രപ്രദേശിലുമൊക്കെ ബസ്ചാര്‍ജ് വര്‍ധിപ്പിച്ചിട്ടുണ്ട്. സ്വാഭാവികമായും കേരളത്തിലും വില വര്‍ധനവ് അനിവാര്യമാണ്.

വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്ക് കാലോചിതമായി പരിഷ്‌കരിക്കണം. ഇതിനു മുമ്പ് നിരക്ക് വര്‍ധനവുണ്ടായപ്പോഴൊന്നും കണ്‍സഷന്‍ നിരക്കില്‍ മാറ്റമുണ്ടായില്ല. 50 പൈസയാണ് വിദ്യാര്‍ത്ഥികളുടെ അടിസ്ഥാനനിരക്ക്. വര്‍ഷങ്ങളായി ഇത് തുടരുകയാണ്. ഇതില്‍ മാറ്റമുണ്ടാകണം.

തമിഴ്‌നാട്ടില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യയാത്ര അനുവദിച്ചിട്ടുണ്ടെന്നു കരുതി ഇവിടെ അതിന് പറ്റില്ല. അവിടെ വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിളും ലാപ്‌ടോപ്പുമൊക്കെ നല്‍കുന്നുണ്ട്. ഇതൊക്കെ ഇവിടെയും വേണം എന്നു പറയുന്നില്ലല്ലോ?


പി.ബിജു-എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി

രാജ്യം ഭരിക്കുന്ന സര്‍ക്കാരിനുണ്ടാകുന്ന നഷ്ടം നികത്താന്‍ വിദ്യാര്‍ത്ഥികളെയും പൊതുജനങ്ങളെയും ബലിയാടാക്കുന്നതില്‍ അര്‍ത്ഥമില്ല. കുത്തനെ ഉയരുന്ന പെട്രോളിന്റെയും ഡീസലിന്റെയും വില കാണിച്ചാണ് ബസ് ഉടമകള്‍ ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന് പറയുന്നത്.

വിദ്യാര്‍ത്ഥികളുടെ കണ്‍സഷന് ഉപാധികള്‍ വെച്ചുകൊണ്ടുള്ള ചാര്‍ജ് വര്‍ധനയെ ഒരു തരത്തിലും ന്യായീകരിക്കാനാവില്ല. ഈ നീക്കത്തെ ശക്തമായി ചെറുക്കും. ഇന്ധനവില വര്‍ധിക്കുന്നതുമൂലമുണ്ടാകുന്ന നഷ്ടം ചാര്‍ജ് വര്‍ധനയിലൂടെ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പിച്ചതുകൊണ്ട് കാര്യമില്ല. വിദ്യാര്‍ത്ഥികളുള്‍പ്പടെയുള്ള പൊതുജനങ്ങളെ പിഴിയുന്നതിനു പകരം ടാക്‌സില്‍നിന്നു ലഭിക്കുന്ന അധിക വരുമാനം വേണ്ടെന്നുവെച്ചിട്ടോ മറ്റെന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടോ സര്‍ക്കാര്‍ പരിഹാരം കാണണം.

രതീഷ് ടി.പി-യുവജനപ്രവര്‍ത്തകന്‍

വിദ്യാര്‍ഥികളുടെ ബസ് ചാര്‍ജ്ജ് വര്‍ധിപ്പിക്കണമെന്ന ബസ് ഉടമകളുടെ ആവശ്യം ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. ബസിലെ സീറ്റിന് അനുസരിച്ചാണ് ഉടമകള്‍ ടാക്‌സ് അടക്കുന്നത്. അപ്പോള്‍ സീറ്റില്‍ കവിഞ്ഞ് ആളുകളെ കയറ്റാന്‍ പാടില്ല. എന്നാല്‍ വിദ്യാര്‍ഥികളുടെ പേരുപറഞ്ഞാണ് ബസ്സില്‍ ആളുകളെ കുത്തിനിറച്ച് കൊണ്ട് പോകുന്നത്. അങ്ങിനെയെങ്കില്‍ സീറ്റില്‍ കവിഞ്ഞ് ആളുകളെ കയറ്റുന്ന ബസ്സുകള്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണം.

ബസ് പെര്‍മിറ്റിന് അപേക്ഷിക്കുമ്പോള്‍ ഇവിടെ ധാരാളം സ്‌കൂളുകളും വിദ്യാര്‍ഥികളുമുണ്ടെന്നൊക്കെയാണ് അവര്‍ അപേക്ഷയില്‍ പറയാറ്. അഥവാ വിദ്യാര്‍ഥികളെ കയറ്റുന്നത് തങ്ങളുടെ പ്രധാന ലക്ഷ്യമാണെന്നാണ് അവര്‍ തന്നെ പറയുന്നത്. എന്നാല്‍ പെര്‍മിറ്റ് ലഭിച്ചുകഴിഞ്ഞാല്‍ വിദ്യാര്‍ഥികളെ തള്ളിപ്പിറയുന്ന സ്ഥിതി അംഗീകിരിക്കാന്‍ കഴിയില്ല. നിലവില്‍ മലയോര മേഖലകളിലും മറ്റും ഫാസ്റ്റ് ബസ്സുകള്‍ മാത്രം സര്‍വ്വാസ് നടത്തുന്ന സ്ഥിതിയുണ്ട്. അവര്‍ വിദ്യാര്‍ഥികളെ ആരെയും ബസ്സില്‍ കയറ്റുന്നു പോലുമില്ല. ഇത് പരിഹരിക്കുന്നതിനാണ് ആദ്യം നടപടിയെടുക്കേണ്ടത്.

മനോജ്-ബസ് യാത്രക്കാരന്‍

ബസ്ചാര്‍ജ് വര്‍ധനയെ പൂര്‍ണ്ണമായി അംഗീകരിക്കാനാവില്ലെങ്കിലും വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ ചാര്‍ജ് നിര്‍ബന്ധമായും വര്‍ധിപ്പിക്കേണ്ടതുണ്ട്. മിനിമം ചാര്‍ജില്‍ യാത്ര ചെയ്യാവുന്ന ദൂരപരിധി 2.5 കിലോമീറ്ററെന്നിരിക്കെ മിനിമം ചാര്‍ജ് അഞ്ചുരൂപയാക്കുമെന്നത് അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്്. ദൂരസ്ഥലങ്ങളില്‍നിന്ന് വരുന്നവര്‍ക്ക് നിലവിലുള്ള ചാര്‍ജിനേക്കാള്‍ രണ്ടോ മൂന്നോ രൂപ കൂടുതല്‍ കൊടുക്കേണ്ടി വരും. ഇത് പരിഹരിക്കണമെങ്കില്‍ മിനിമം ചാര്‍ജില്‍ യാത്ര ചെയ്യാവുന്ന ദൂരപരിധി അഞ്ച് കിലോമീറ്ററാക്കണം.

എസ്.എസ്.എല്‍.സി വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യയാത്ര എന്നതിനോട് യോജിക്കുന്നില്ല. നിര്‍ധനചുറ്റുപാടില്‍നിന്നും വരുന്ന കുട്ടികള്‍ കുറവാണ്. ഭൂരിപക്ഷംവരുന്ന കുട്ടികളും ഭീമമായ സംഖ്യ കെട്ടിവെച്ചാണ് പഠിക്കുന്നത്. ഇങ്ങനെയുള്ള സാഹചര്യത്തില്‍ കുട്ടികള്‍ക്ക് സൗജന്യയാത്ര അനുവദിക്കണമെന്ന ആവശ്യത്തോട് യോജിപ്പില്ല. ബസ് ചാര്‍ജിന്റെ കാല്‍ ശതമാനമെങ്കിലും വര്‍ധന വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്കിലുമുണ്ടാകണം.

മറ്റ് ലഞ്ച് ബ്രേക്കുകള്‍

‘മാരന്റെ രാജി കോണ്‍ഗ്രസ് സ്വയം കുഴിച്ച കുഴി’

വിവാദത്തില്‍ മുങ്ങി ആദ്യ ബജറ്റ്

ഓസ്ലോ കൂട്ടക്കൊല ക്രിസ്ത്യന്‍ തീവ്രവാദമോ?

ഡോക്ടര്‍മാരുടെ സമരം ആരെ സഹായിക്കാന്‍?

കേരളം ഭരിക്കുന്നത് ബാക്ക് സീറ്റ് ഡ്രൈവര്‍മാരോ?

ലൈംഗിക വിവാദങ്ങള്‍ സി.പി.ഐ.എമ്മിനെ വേട്ടയാടുകയാണോ?

എന്‍ഡോസള്‍ഫാന്‍: സുധീരന്റെ നിലപാട് കാപട്യമോ?