കണ്ണൂര്‍: കണ്ണൂരില്‍ ഇന്നുമുതല്‍ അനിശ്ചിതകാല ബസ് സമരം. രാഷ്ട്രീയ സംഘര്‍ഷങ്ങളെ തുടര്‍ന്ന് ബസുകള്‍ക്കുനേരെ അക്രമങ്ങള്‍ ഉണ്ടാകുന്നതിന്റെ പശ്ചാത്തലത്തിലാണിത്. അയല്‍ ജില്ലകളില്‍ നിന്നു വരുന്ന ബസുകള്‍ കണ്ണൂരിലേക്കു പ്രവേശിപ്പിക്കില്ലെന്നു ബസ് ഓപ്പറേറ്റേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മിറ്റി സംസ്ഥാന പ്രസിഡന്റ് വി.ജെ സെബാസ്റ്റ്യന്‍ കണ്ണൂരില്‍ പറഞ്ഞു.

ഇന്നലെയും കണ്ണൂരില്‍ രണ്ട് ബസുകള്‍ കത്തിച്ചിരുന്നു. ഇന്നലെ അര്‍ധരാത്രിയാണ് കാട്ടാമ്പള്ളി സ്‌റെപ്പ് റോഡിനു സമീപത്തെ ഷാറോണ്‍ ബോഡി വര്‍ക്ക് ഷോപ്പില്‍ നിര്‍ത്തിയിട്ട രണ്ടു ബസുകള്‍ കത്തിച്ചത്. ബസ് അക്രമികള്‍ തീവെച്ച് നശിപ്പിച്ചതാകാമെന്നാണ് പോലീസ് പറഞ്ഞത്.

കണ്ണൂര്‍ മയ്യില്‍ റൂട്ടിലോടുന്ന കെഎല്‍59 99 സഫാരി ബസും പള്ളിക്കുളം ജേബീസ് കോളജിന്റെ കെഎല്‍ 05 പി 5216 ബസുമാണ് തീവച്ചു നശിപ്പിച്ചത്. ഇതില്‍ സഫാരി ബസ് പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. കണ്ണൂരില്‍ നിന്നും അഗ്‌നിശമന സേനയെത്തി തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് തീയണച്ചത്.

കത്തിനശിച്ച ബസുകള്‍ ഫോന്‍സിക് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. സംഭവത്തില്‍ വര്‍ക്ക് ഷോപ്പ് ഉടമ അശോകന്റെ പരാതിയില്‍ കേസെടുത്ത് അന്വേഷണം തുടങ്ങിയതായി മയ്യില്‍ പോലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം കമ്പിലില്‍ ബസുകള്‍ക്കുനേരെ ആക്രമണം നടന്നിരുന്നു. കഴിഞ്ഞദിവസത്തെ അക്രമത്തില്‍ പ്രതിഷേധിച്ച്് ശനിയാഴ്ച കണ്ണൂര്‍ മയ്യില്‍ റൂട്ടില്‍ സ്വകാര്യ ബസുകള്‍ പണിമുടക്കിയിരുന്നു. ബുധനാഴ്ച മുതല്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്നും ബസുടമകള്‍ അറിയിച്ചിരുന്നു. എന്നാല്‍ എ.ഡി.എം എന്‍.ടി. മാത്യുവിന്റെ അധ്യക്ഷതയില്‍ നടന്ന സര്‍വകക്ഷി യോഗ തീരുമാനപ്രകാരം സമരം പിന്‍വലിക്കുകയായിരുന്നു.

സര്‍വകക്ഷി യോഗത്തിനു ശേഷവും നടന്ന അക്രമത്തില്‍ പ്രതിഷേധിച്ചാണ് സമരമെന്ന് വി.ജെ. സെബാസ്റ്റ്യന്‍ അറിയിച്ചു. ബസുകള്‍ക്കു നേരെ തുടര്‍ച്ചയായുണ്ടാകുന്ന അക്രമത്തിന് ഉത്തരവാദി ജില്ലാ ഭരണകൂടവും സര്‍ക്കാരുമാണെന്നു വി.ജെ. സെബാസ്റ്റ്യന്‍ പറഞ്ഞു. എ.ഡി.എം വിളിച്ച സര്‍വകക്ഷി യോഗവും പ്രഹസനമായതിന്റെ തെളിവാണ് കഴിഞ്ഞദിവസത്തെ അക്രമമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Malayalam news

Kerala news in English