തിരുവനന്തപുരം: തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേസ്‌റ്റേഷനടുത്തുള്ള ക്ഷേത്രത്തിലേക്കു കെ.എസ്.ആര്‍.ടിസി ബസ് പാഞ്ഞുകയറി ഒരാള്‍ മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ആര്‍.എം.എസ് ഓഫീസിനു സമീപമുള്ള ശ്രീതമ്പുരാന്‍ കാവ് സിദ്ധി വിനായക ക്ഷേത്രത്തിലേക്കാണു ബസ് പാഞ്ഞുകയറിയത്.

കിഴക്കേക്കോട്ടയില്‍ നിന്നും പുറപ്പെട്ട ബസാണ് അപകടത്തില്‍ പെട്ടത്. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണു നിഗമനം. ഏറെ തിരക്കുള്ള സമയമായതിനാല്‍ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍.

പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. മരിച്ചയാളെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.

അപകടത്തെക്കുറിച്ച് കെഎസ്ആര്‍ടിസി അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. മരിച്ച ആള്‍ക്കും പരിക്കേറ്റവര്‍ക്കും നഷ്ടപരിഹാരം നല്‍കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. അപകടവിവരമറിഞ്ഞ് സംഭവസ്ഥലം സന്ദര്‍ശിച്ച അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് ഇപ്പോള്‍ അറിയാന്‍ കഴിയുന്നതെന്നും മന്ത്രി പറഞ്ഞു.