മൂവാറ്റുപുഴ: കടാതി പള്ളിക്ക് സമീപം കൊച്ചി-മധുര ദേശീയ പാതയില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് നൂറോളം പേര്‍ക്ക് പരിക്കേറ്റു. 18 പേരുടെ നില ഗുരുതരമാണ്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.

തൊടുപുഴയില്‍നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസ് എതിരെവന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് യാത്രക്കാര്‍ പറയുന്നു. ബസ് പൊട്ടിപൊളിച്ചാണ് ഡ്രൈവര്‍ അടക്കമുള്ളവരെ പുറത്തെടുത്തത്. നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

ഗുരുതരമായി പരിക്കേറ്റവരെ കോലഞ്ചേരി മെഡിക്കല്‍ കോളജിലും മറ്റുള്ളവരെ മൂവാറ്റുപുഴ നിര്‍മല മെഡിക്കല്‍ സെന്ററിലും, ഗവണ്‍മെന്റ് ആശുപത്രിയിലും, വാളകം പ്രാഥമികാരോഗ്യകേന്ദ്രത്തിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.