ഇടുക്കി: ഇടുക്കിയില്‍ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് 8 മരണം. ഇടുക്കി രാജാക്കാട്ടിനടുത്ത് മുല്ലക്കാനത്താണ് ബസ് കൊക്കയിലേക്ക് മറിഞ്ഞത്.

Ads By Google

തിരുവനന്തപുരം വെള്ളനാട് വിക്രം സാരാഭായ് ഇന്‍സ്റ്റിറ്റിയൂട്ടിലെ  വിദ്യാര്‍ത്ഥികളാണ് ബസ്സില്‍ ഉണ്ടായിരുന്നത്. 39 വിദ്യാര്‍ത്ഥികളും രണ്ട് രക്ഷിതാക്കളുമാണ് ബസ്സില്‍ ഉണ്ടായിരുന്നത്. കൊടൈക്കനാലില്‍ നിന്ന് മൂന്നാറിലേക്ക് പോകും വഴിയാണ് അപകടമുണ്ടായത്.

കോളേജിലെ അവസാനവര്‍ഷ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ വിദ്യാര്‍ഥികളാണ് ബസ്സിലുണ്ടായിരുന്നത്. മരിച്ച മൂന്നു പേരുടെ മൃതദേഹങ്ങള്‍ രാജാക്കാട് സ്വകാര്യ ആസ്പത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. മൂന്നു പേരുടെ മൃതദേഹങ്ങള്‍ അടിമാലി താലൂക്ക് ആസ്പത്രിയിലുമാണുള്ളത്.

ആറ് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണ് മരിച്ചത്. കൊല്ലം കരുനാഗപ്പള്ളി സ്വദേശി ശ്രീജേഷ്, എറണാകുളം സ്വദേശികളായ വിഘ്‌നേഷ്, ശരത്ചന്ദ്രന്‍, ഷൈജു, തിരുവനന്തപുരം നന്ദന്‍കോട് സ്വദേശി ജിബിന്‍ എന്നിവരുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്.

പരിക്കേറ്റവരെ രാജാക്കാട്ടെ സ്വകാര്യ ആസ്പത്രിയിലും കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയിലും എത്തിച്ചു. ഗുരുതരമായി പരിക്കേറ്റവരെ എറണാകുളത്തെ വിവിധ ആശുപത്രികളിലേക്ക് കൊണ്ടുപോയി.

28 ആണ്‍കുട്ടികളും13 പെണ്‍കുട്ടികളുമാണ് ബസ്സില്‍ ഉണ്ടായിരുന്നത്. അപകടം നടന്ന് ഒരു മണിക്കൂറിന് ശേഷമാണ് ഫയര്‍ ഫോഴ്‌സ് സംഭവസ്ഥലത്തേക്ക് എത്തിയത്. ഇത് രക്ഷാപ്രവര്‍ത്തനം വൈകാന്‍ ഇടയാക്കി. നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. ഏതാണ്ട് 50 അടിയോളം താഴ്ച്ചയിലേക്കാണ് ബസ് മറിഞ്ഞത്.

ബസ്സിലുള്ള ഭൂരിഭാഗം പേര്‍ക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് അറിയുന്നത്. അതേസമയം, വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ അറിവോടെയല്ല വിനോദ സഞ്ചാരത്തിന് പോയതെന്നാണ് കോളേജ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

അപകടത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ നടുക്കം രേഖപ്പെടുത്തി. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കണമെന്നും അപകടത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അപകടത്തെ തുടര്‍ന്ന് അടിമാലിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു. 04864 222145, 9497990054 എന്ന നമ്പറില്‍ ബന്ധപ്പെടാം.