ചില കുട്ടികള്‍ മഹാവികൃതികളായിരിക്കും. സ്‌ക്കൂളിലും മറ്റും ഉള്ള കൂട്ടുകാരെ അവസരം കിട്ടിയാല്‍ ഉപദ്രവിക്കാന്‍ തുടങ്ങും. പ്രായത്തിന്റെ പ്രശ്‌നങ്ങളാണിതെന്നും, വലുതാകുമ്പോള്‍ ശരിയാകുമെന്നുമൊക്കെ കരുതി പലരും ഈ പ്രശ്‌നങ്ങളെ അത്ര കാര്യമായെടുക്കാറില്ല. എന്നാല്‍ ഇതങ്ങനെ നിസാരമായി കാണേണ്ട പ്രശ്‌നങ്ങളല്ലെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്.

ഇങ്ങനെ വികൃതി കാട്ടുന്ന കുട്ടികള്‍ ഭാവിയില്‍ അക്രമസ്വഭാവമുള്ളവരാവാനിടയുണ്ടെന്നാണ് പഠനത്തില്‍ നിന്നും വ്യക്തമായത്. ഇത്തരം കുട്ടികളില്‍ ഉറക്കക്കുറവും ഉറക്കത്തിലെ ശ്വസനപ്രശ്‌നങ്ങളും ഉണ്ടാവാനുള്ള സാധ്യത മറ്റുകുട്ടികളെക്കാള്‍ രണ്ട് മടങ്ങ് അധികമാണെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്.

മിച്ചിഗാന്‍ മെഡിക്കല്‍ സ്‌ക്കൂള്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളാണ് പഠനം നടത്തിയത്. യു.എസിലെ ചില പ്രാഥമിക വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്. ആരോഗ്യകരമായ ഭക്ഷണത്തെക്കുറിച്ചും, വ്യായാമത്തെക്കുറിച്ചുമൊക്കെയാണ് നമ്മുടെ വിദ്യാലയങ്ങള്‍ വിദ്യാര്‍ത്ഥികളെ ബോധവാന്‍മാരാക്കാറുള്ളത്. എന്നാല്‍ അതിനു പുറമേ നല്ല ഉറക്കം കൂടി ആരോഗ്യത്തിന് ആവശ്യമാണെന്ന് അവരെ പഠിപ്പിക്കണമെന്ന് ഇവര്‍ നിര്‍ദേശിക്കുന്നു.

ഉറക്കത്തില്‍ ശ്വസിക്കാനുള്ള പ്രശ്‌നങ്ങളാണ് ഇത്തരം കുട്ടികള്‍ക്ക് ഉറങ്ങാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നത്. ശ്വസനസംബന്ധമായ പല രോഗങ്ങളുടേയും തുടക്കമാണിത്. കുട്ടികളിലെ ക്രൂര സ്വഭാവത്തിനു പുറമേ വീട്ടിലെ മോശം അന്തരീക്ഷവും, കുടുംബത്തിലെ വഴക്കും, മറ്റും കുട്ടികളിലെ ശാരീരിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകാറുണ്ട്.

എന്നാല്‍ എങ്ങനെയാണ് കുട്ടികളുടെ ചീത്ത സ്വഭാവം ഉറക്കത്തെ ബാധിക്കുന്നത് എന്നതിനെക്കുറിച്ച് വ്യക്തമായ ഉത്തരം നല്‍കാന്‍ ഇവര്‍ക്ക് സാധിച്ചിട്ടില്ല.