പരമ്പരാഗത മാധ്യമങ്ങള്‍ കുഴിച്ചു മൂടേണ്ട കാലം കഴിഞ്ഞു എന്നതരത്തിലുള്ള തോന്നലുകളാണ് ഈയിടെയായുള്ള വാര്‍ത്തകള്‍ നമ്മളില്‍ ഉണ്ടാക്കുന്നത്. റാഡിയ ലീക്ക്‌സും വിക്കിലീക്ക്‌സും അത് ശരിവക്കുകയും ചെയ്യുന്നു. നമ്മുടെ പരമ്പരാഗത മാധ്യമങ്ങള്‍ക്കെന്തു സംഭവിച്ചു എന്ന ചോദ്യം ഈ വാര്‍ത്തകള്‍ കാണുമ്പോള്‍ ആരും ചോദിച്ചുപോകും.

ഔട്ട്‌ലുക്ക് മാഗസീനിലൂടെ റാഡിയയുടെ സംഭാഷണങ്ങളടങ്ങിയ ടേപ്പ് പുറത്തായി. പക്ഷേ നമ്മുടെ പരമ്പതാഗത മാധ്യമങ്ങളവഗണിച്ച ഈ കാര്യം ജനങ്ങളിലേക്കെത്തിയത് സോഷ്യല്‍ മാധ്യമങ്ങളിലൂടെയാണ്. ട്വിറ്ററിലൂടെയും ഫെയ്‌സ് ബുക്കിലൂടെയും പുറത്താവുന്ന പല കാര്യങ്ങളും ഒരു പക്ഷേ പരമ്പരാഗത മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവരുന്നതിലും പ്രധാന്യമുള്ള കാര്യങ്ങളാണ്.

അമേരിക്കയുടെ നയതന്ത്ര രഹസ്യങ്ങളടങ്ങിയ ലക്ഷക്കണക്കിന് രേഖകള്‍ പുറത്തുവന്നത് വിക്കിലീക്ക്‌സ് എന്ന വെബ്‌സൈറ്റിലൂടെയാണ്. അമേരിക്കയിലെ പരമ്പരാഗത മാധ്യമങ്ങള്‍ ജീവിച്ചിരിക്കെയാണിത് സംഭവിക്കുന്നത്.

മെയ്ന്‍ സ്ട്രീം മാധ്യമങ്ങളുടെ നിലനില്‍പ്പിനെ തന്നെ ഭീഷണിപ്പെടുത്തിക്കൊണ്ടാണ് സോഷ്യല്‍ നെറ്റ് വര്‍ക്കുകകളും ന്യൂ മീഡിയയുടേയും വളര്‍ച്ച. പരമ്പരാഗത മാധ്യമങ്ങളാണ് ജേണലിസ്റ്റിക് അജണ്ഡ നിശ്ചയിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ആസ്ഥാനം നവ മാധ്യമങ്ങള്‍ കൈയടക്കിക്കൊണ്ടിരിക്കുകയാണ്.

ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമലോകം കളങ്കപ്പെടുത്തിയ വാര്‍ത്തകള്‍ വരുമ്പോള്‍ മറുവശത്ത് അതേ നാലാം തൂണുതന്നെയാണ് ഈ കളങ്കം മായ്ച്ചുകളയാനെത്തുന്നത് എന്നത് പ്രശംസ അര്‍ഹിക്കുന്നതാണ്.

പണത്തിനും സ്വാധീനത്തിനും വഴങ്ങി പരമ്പരാഗത മാധ്യമങ്ങള്‍ മാധ്യമ ധര്‍മം വിസ്മരിച്ചാല്‍ ഏറ്റെടുത്ത് നടത്താന്‍ പ്രാപ്തരാണ് ഞങ്ങള്‍ എന്നുകാട്ടിക്കൊണ്ടാണ് നവ മാധ്യമങ്ങളുടെ വളര്‍ച്ച.

പരമ്പരാഗത മാധ്യമങ്ങള്‍ ഒന്നു ചീഞ്ഞുമറ്റൊന്നിനുവളമാകുക എന്ന പ്രകൃതി നിയമത്തിന് വഴങ്ങിക്കൊടുക്കുകയാണെന്ന സൂചനയാണ് ഇതില്‍ നിന്നും നമുക്ക് ലഭിക്കുന്നത്.