തിരുവനന്തപുരം: ബജറ്റ് ചോര്‍ന്നതുമായി ബന്ധപ്പെട്ട് തനിക്ക് കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്ന്
ധനമന്ത്രി തോമസ് ഐസക്ക്.

Subscribe Us:

ബജറ്റ് ചോര്‍ന്നെന്ന പരാതി ഗൗരവതരമാണ്. വിഷയത്തില്‍ കൂടുതല്‍ പരിശോധന നടത്തി വിശദീകരണം നല്‍കാമെന്നും തോമസ് ഐസക് പറഞ്ഞു.

ഇപ്പോള്‍ വിശദീകരണം നല്‍കാനുള്ള വിവരം എന്റെ പക്കലില്ല. അതുകൊണ്ട് തന്നെ പരിശോധിച്ച് ഉടന്‍ തന്നെ മറുപടി നല്‍കാം.

അറിയാത്ത കാര്യത്തെ കുറിച്ച് എങ്ങനെ വിശദീകരണം നല്‍കുമെന്നും തോമസ് ഐസക് ചോദിച്ചു.

ബജറ്റ് അവതരണം രണ്ടര മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് പ്രതിപക്ഷാംഗങ്ങള്‍ ചോര്‍ന്നുവെന്ന ആരോപണവുമായി സഭയില്‍ പ്രതിഷേധിച്ചത്. എന്താണ് ബഹളത്തിന് കാരണമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു.

ബജറ്റിലെ പ്രഖ്യാപനങ്ങള്‍ വായിക്കുന്നതിന് മുന്നോടിയായിട്ട് തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുവെന്നും മാധ്യമങ്ങളില്‍ വരുന്നുവെന്നുമാണ് ചെന്നിത്തല ഇതിനെക്കുറിച്ച് വിശദമാക്കിയത്. ഇങ്ങനെയാണെങ്കില്‍ താന്‍ ബജറ്റ് വായിച്ചാല്‍ പോരെയെന്നും രമേശ് ചെന്നിത്തല സ്പീക്കറോട് ചോദിച്ചു.

തുടര്‍ന്ന് സഭയില്‍ പ്രതിപക്ഷത്തിന്റെ ബഹളം ശക്തമായി. ചെയര്‍ സോഷ്യല്‍മീഡിയ ശ്രദ്ധിക്കുന്നില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി. മുഖ്യമന്ത്രി വിശദീകരണവുമായി എഴുന്നേറ്റെങ്കിലും മറുപടിയില്‍ പ്രതിപക്ഷം തൃപ്തരായില്ല.