ന്യൂദല്‍ഹി: രാജ്യത്ത് രൂക്ഷമായി തുടരുന്ന വിലക്കയറ്റമെന്ന അഗ്നിയില്‍ എണ്ണയൊഴിക്കുന്നതാണ് ധനമന്ത്രി പ്രണബ് മുഖര്‍ജി പാര്‍ലിമെന്റില്‍ അവതരിപ്പിച്ച ബജറ്റെന്ന് വിലയിരുത്തല്‍ . പെട്രോളിയം ഉല്‍പന്നങ്ങളുടെതടക്കമുള്ള വില വര്‍ധനവിന് പുറമെ സ്വകാര്യ വത്കരണത്തെയും വിദേശ മൂലധനത്തെയും പ്രോത്സാഹിപ്പിക്കുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്.

അസംസ്‌കൃത പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് അടിസ്ഥാന കസ്റ്റംസ് തീരുവ അഞ്ച് ശതമാനം പുനസ്ഥാപിക്കുമെന്ന് ബജറ്റ് പറയുന്നു. ഡീസല്‍ , പെട്രോള്‍ എന്നിവക്കുള്ള ഏഴ് ശതമാനം കസ്റ്റംസ് തീരുവയും മറ്റ് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കുള്ള പത്ത് ശതമാനം കസ്റ്റംസ് തീരുവയും പുനസ്ഥാപിച്ചു. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് വിലകൂടിയപ്പോള്‍ 2008ല്‍ ഒഴിവാക്കിയതാണ് ഈ മൂന്ന് നികുതികളും. ഇതോടൊപ്പം പെട്രോളിനും ഡീസലിനും ലിറ്ററിന് ഒരുരൂപ എക്‌സൈസ് തീരുവ ഏര്‍പ്പെടുത്താനും ബജറ്റില്‍ നിര്‍ദേശമുണ്ട്.

പെട്രോളിയംഉല്‍പന്നങ്ങള്‍ക്ക് ഒരു രൂപ വില വര്‍ധിപ്പിക്കണമെന്ന നിര്‍ദേശം രാജ്യത്തെ രൂക്ഷമായി തുടരുന്ന അവശ്യസാധന വില വര്‍ധനവിന് ആക്കം കൂട്ടുന്നതാണ്. വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ ബജറ്റില്‍ പുതിയ പദ്ധതികള്‍ പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് ജനത്തിന് ഈ ഇരുട്ടടി. പെട്രോളിയം, ക്രൂഡ് ഓയില്‍ ഉല്‍പന്നങ്ങളുടെ വില വര്‍ധനയിലൂടെ സാധാരണ ജനങ്ങള്‍ക്ക് ആവശ്യമുള്ള സകല സാധനങ്ങള്‍ക്കും വില ഉയരുമെന്ന് ഉറപ്പായി. അടുത്തകാലത്തൊന്നും ഒരു തിരഞ്ഞെടുപ്പുമില്ലെന്നതിന്റെ സൗകര്യം വെച്ചാണ് ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്.

രാജ്യത്ത് ത്വരിഗതിയില്‍ വികസിക്കുന്നുവെന്ന് ധനമന്ത്രി തന്നെ പറഞ്ഞ നിര്‍മ്മാണ മേഖല സിമന്റിന് വില വര്‍ദ്ധിപ്പിച്ചതോടെ തണുക്കും. മദ്യം, സിഗരറ്റ്, ബൈക്ക്, റെഫ്രിജറേറ്റര്‍ , എയര്‍കണ്ടീഷന്‍ എന്നിവയുടെയും വില വര്‍ദ്ധിക്കും. സാധാരണക്കാര്‍ക്കാരെ കൂടുതല്‍ പ്രസിസന്ധിയിലേക്ക് തിരിച്ചുവിട്ട സര്‍ക്കാര്‍ പക്ഷെ പ്രത്യക്ഷ നികുതി കുറച്ച് വന്‍കിടക്കാരെ സഹായിച്ചിട്ടുണ്ട്. ടു സ്റ്റാര്‍ ഹോട്ടലുകള്‍ക്കും നികുതിയിളവും നല്‍കി. കോര്‍പ്പറേറ്റ് നികുതിക്കുള്ള സര്‍ചാര്‍ജ് പത്തില്‍നിന്ന് ഏഴ് ശതമാനമായി കുറച്ചു.

ബജറ്റ് 2010 പൂര്‍ണ രൂപം വായിക്കാന്‍ താഴെ ക്ലിക്ക് ചെയ്യുക

http://business.rediff.com/report/2010/feb/26/budget-2010-entire-text-of-the-budget-speech.htm