കൊല്‍ക്കത്ത: മൂന്ന് പതിറ്റാണ്ടുകാലത്തെ ഇടതുപക്ഷത്തെ തകര്‍ത്തെറിഞ്ഞ് തൃണമൂല്‍ കോണ്‍ഗ്രസ്-കോണ്‍ഗ്രസ് സഖ്യം വിജയക്കൊടി പാറിച്ചു. ജാദവ്പൂര്‍ മണ്ഡലത്തില്‍നിന്ന് ബുദ്ധദേവ് ഭട്ടാചാര്യ തോറ്റതോടെ ഇടതുപക്ഷത്തിന്റെ പരാജയം സമ്പൂര്‍ണമാവുകയായിരുന്നു.

ഫലം പ്രഖ്യാപിച്ച സീറ്റുകളിലെല്ലാം മികച്ച മുന്നേറ്റമാണ് തൃണമൂല്‍ കോണ്‍ഗ്രസ് നടത്തുന്നത്. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിലേക്കാണ് തൃണമൂല്‍ നീങ്ങുന്നത്. 215 സീറ്റുകളില്‍ തൃണമൂല്‍-കോണ്‍ഗ്രസ്-എസ്.യു.സി.ഐ സഖ്യം മുന്നേറുന്നത്. ഇടതുപക്ഷത്തിന് 73 സീറ്റുകളില്‍ മാത്രമാണ് മുന്നേറ്റമുണ്ടാക്കാനായത്.

അതിനിടെ ബുദ്ധദേവ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. ജനം ഇടതുപക്ഷത്തെ തകര്‍ത്തെറിഞ്ഞുവെന്ന് മമതാ ബാനര്‍ജി പറഞ്ഞു. എന്നാല്‍ കനത്ത തോല്‍വിയെക്കുറിച്ച് ഇടതു നേതാക്കളാരും തന്നെ പ്രതികരിച്ചിട്ടില്ല.

ഫലപ്രഖ്യാപനം വന്നുതുടങ്ങിയപ്പോള്‍ തന്നെ തൃണമൂല്‍ പ്രവര്‍ത്തകര്‍ മമതയുടെ വീടിനുമുന്നില്‍ ആഘോഷപ്രകടനങ്ങള്‍ ആരംഭിച്ചിരുന്നു. ഇടതുരാഷ്ട്രീയത്തില്‍ ഈ തോല്‍വി വന്‍ ചലനങ്ങള്‍ക്ക് ഇടയാക്കുമെന്ന് ഉറപ്പാണ്.