കൊല്‍ക്കത്ത: പണിമുടക്കുകള്‍ക്കും സമരങ്ങള്‍ക്കുമെതിരെ പ്രസ്താവന നടത്തിയതിന് പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ മാപ്പപേക്ഷിച്ചു. സിംഗൂരില്‍ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കുറച്ചുകൂടി ശ്രദ്ധ പുലര്‍ത്തേണ്ടതായിരുന്നെന്നും ഭട്ടാചാര്യ പറഞ്ഞു.സി.പി.ഐ.എം പശ്ചിമ ബംഗാള്‍ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെയാണ് ഭട്ടാചാര്യയുടെ കുറ്റസമ്മതം.

‘ ഞാന്‍ നിങ്ങളോട് പണിമുടക്കുകളും സമരങ്ങളും അനാവശ്യമാണെന്നു പറഞ്ഞു. അത് തെറ്റായിപ്പോയി. അത്തരത്തിലൊരു പ്രസ്താവന എന്റെ ഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ലായിരുന്നു. എന്റെ ജീവിതത്തില്‍ ഇത്തരമൊരു പിഴവ് ഇതുവരെ പറ്റിയിട്ടില്ല. സിംഗൂരിലെ ഭൂമി ഏറ്റെടുക്കലില്‍ ചില പിഴവുകള്‍ പറ്റിയിട്ടുണ്ട്. അത് മനസ്സിലാക്കുന്നു’.-ഭട്ടാചാര്യ പറഞ്ഞു.

ഭൂമി ഏറ്റെടുക്കലിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹം പ്രതികരിച്ചതിങ്ങനെയായിരുന്നു. ‘ ഭൂമി ഏറ്റെടുക്കല്‍ വിഷയം ആദ്യത്തെ സംഭവമൊന്നും അല്ല. അതിന് തുടക്കം കുറിച്ചത് സിംഗൂരില്‍ നിന്നുമാത്രമല്ല. 1994 ല്‍ ജ്യോതി ബസു പ്രഖ്യാപിച്ച വ്യവസായ നയമനുസരിച്ചാണ് ഭൂമി ഏറ്റെടുത്തത്. അന്ന് 6000 ഏക്കര്‍ ഭൂമിയാണ് സിംഗൂരില്‍ സര്‍ക്കാര്‍ ഏറ്റെടുത്തത്. എന്നാല്‍ ഞങ്ങളുടെ ജനറല്‍ സെക്രട്ടറി പറഞ്ഞതുപോലെ അന്നത്തെ സാഹചര്യമല്ല ഇന്ന്. ഞങ്ങള്‍ ഈ വിഷയത്തെ കുറച്ചുകൂടി ഗൗരവമായാണ് കാണാന്‍ ശ്രമിക്കുന്നത്. ഭൂമി ഏറ്റെടുക്കുന്നതിന് മുന്‍പ് പൊതുജനഭിപ്രായം  കൂടി കണക്കാക്കേണ്ടതുണ്ട്.’- ഭട്ടാചാര്യ വ്യക്തമാക്കി.

നാലുവര്‍ഷം മുന്‍പ് ചേംബര്‍ ഓഫ് കോമേഴ്‌സ് പരിപാടിയ്ക്കിടേയാണ് ബുദ്ധദേവ് വിവാദ പരാമര്‍ശം നടത്തിയത്. പണിമുടക്കുകളും സമരങ്ങളും അനുവദിക്കില്ലെന്നും ഘരാവോ പോലുള്ള സമരങ്ങളെ ഏതുവിധേനയും അടിച്ചമര്‍ത്തുമെന്നും തന്റെ പാര്‍ട്ടി സമരം നടത്തിയാല്‍ പോലും അതിനോട് അനുകൂലിക്കില്ലെന്നുമായിരുന്നു ബുദ്ധദേവ് പറഞ്ഞത്. എന്നാല്‍ ഈ പ്രസ്ഥാവന ജനങ്ങളെ പാര്‍ട്ടിയില്‍ നിന്നും അകറ്റിയെന്ന് കമ്മിറ്റിയില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് വിവാദപരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയാന്‍ അദ്ദേഹം തയ്യാറായത്.

Malayalam News

Kerala News In English