മഹേഷ്തല(പശ്ചിമബംഗാള്‍): പാര്‍ട്ടി പ്രവര്‍ത്തകര്‍ തെറ്റുതിരുത്തലിന് തയ്യാറാകണമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ. സംസ്ഥാനത്ത് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് നടന്ന പൊതു യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പില്‍ ജയിക്കണമെങ്കില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ മനോഭാവം മാറ്റണമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇടതുപക്ഷത്തെ ചില മോശം പ്രവര്‍ത്തനങ്ങളും പെരുമാറ്റങ്ങളും കാരണമുണ്ടായ നെഗറ്റീവ് വോട്ടാണ് തൃണമൂല്‍ കോണ്‍ഗ്രസിന് ലഭിക്കുന്നത്. ‘ തദ്ദേശ തിരഞ്ഞെടുപ്പിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലും തൃണമൂല്‍ വോട്ട് നേടിയത് എങ്ങിനെയാണ്. തൃണൂല്‍ ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലല്ലോ?. നമ്മുടെ പാര്‍ട്ടിക്ക് വന്ന ചെല തെറ്റുകള്‍ ജനങ്ങളെ വേദനിപ്പിച്ചു. ജനങ്ങളോടുള്ള നമ്മുടെ മനോഭാവം മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ജനങ്ങളുമായുള്ള ബന്ധത്തിലുണ്ടായ വിള്ളല്‍ പരിഹരിക്കാന്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ ശ്രമിക്കണം. ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ നമുക്ക് കഴിഞ്ഞില്ല. അതിനവര്‍ തന്ന തിരിച്ചടിയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പ് ഫലങ്ങള്‍. ഇക്കാര്യങ്ങള്‍ മനസ്സിലാക്കി സ്വയം തിരുത്തണം’ ബുദ്ധദേവ് വ്യക്തമാക്കി.

സ്ഥാനത്ത് പൂഴ്ത്തിവെപ്പുകാരും ബ്ലാക് മണിക്കാരുമായി തൃണമൂല്‍ കോണ്‍ഗ്രസിന് അവിഹിത ബന്ധണുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ‘കോണ്‍ഗ്രസ് സമ്പന്നരുടെ പാര്‍ട്ടിയാണ്. തൃണമൂലും അങ്ങിനെ തന്നെയാണ്’- ബുദ്ധദേവ് വ്യക്തമാക്കി. അതേസമയം പശ്ചിമ ബംഗാളില്‍ സര്‍ക്കാറിനെതിരെ ശക്തമായ ജനവികാരത്തിനിടയാക്കിയ. നന്ദിഗ്രാം,സിംഗൂര്‍ സംഭവങ്ങളെക്കുറിച്ച് പരാമര്‍ശിക്കാതെയായിരുന്നു ബുദ്ധദേവിന്റെ പ്രസംഗം.