എഡിറ്റര്‍
എഡിറ്റര്‍
വി.എസിനെ അരിവാള്‍ ചുറ്റികയ്ക്കുള്ളില്‍ ഒറ്റക്കാലില്‍ നിര്‍ത്തി വി.ടി ബല്‍റാമിന്റെ കാര്‍ട്ടൂണ്‍
എഡിറ്റര്‍
Tuesday 26th June 2012 12:38am

തിരുവനന്തപുരം: ഏത് വിമര്‍ശനവും അംഗീകരിക്കാന്‍ തനിക്കാവുമെന്ന പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ വാക്കുകളാവാം യുവ എം.എല്‍.എ വി.ടി ബല്‍റാമിന് ശക്തി പകര്‍ന്നത്. ഒരു ചെറുപുഞ്ചിരിയോടെ തന്റെ മുന്‍പില്‍ അനുസരണയുള്ള കുട്ടിയെപ്പോലെ വി.എസ് അച്യുതാനന്ദന്‍ മോഡലായി നിന്നപ്പോള്‍ ബല്‍റാമിന്റെ മുന്നിലെ ക്യാന്‍വാസില്‍ വരകള്‍ വിരിഞ്ഞത് വളരെ പെട്ടെന്നായിരുന്നു.

ആദ്യമൊരു വരവരച്ച് പിന്നെ നിമിഷങ്ങള്‍ക്കുള്ളില്‍ ക്യാന്‍വാസില്‍ വി.എസ് അച്യുതാനന്ദന്റെ രൂപം പിറന്നു. ലൈന്‍ ഓഫ് കണ്‍ട്രോള്‍ എന്നു പേരിട്ട കാര്‍ട്ടൂണില്‍ അരിവാള്‍ ചുറ്റികയ്ക്കുള്ളില്‍ വട്ടമിട്ട് വി.എസിനെ ഒറ്റക്കാലില്‍ നിര്‍ത്തി ബല്‍റാം തന്റെ കഴിവ് തെളിയിച്ചു. സി.പി.ഐ.എമ്മിലെ ഉള്‍പ്പോരിനെക്കുറിച്ചുള്ള വിമര്‍ശനമാണ് ബല്‍റാമിന്റെ കാര്‍ട്ടൂണില്‍ വിരിഞ്ഞതെങ്കിലും നിറഞ്ഞ ചിരിയോടും കയ്യടിയോടും കൂടി ബല്‍റാമിനെ അഭിനന്ദിക്കാന്‍ വി.എസ് മറന്നില്ല. കാര്‍ട്ടൂണിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഒരു ചെറുപുഞ്ചിരിയായിരുന്നു പ്രതിപക്ഷനേതാവിന്റെ മറുപടി. ബല്‍റാം കാര്‍ട്ടൂണ്‍ സമ്മാനിച്ചപ്പോള്‍ എന്തുകൊണ്ടോ അത് സ്വീകരിയ്ക്കാന്‍ തയ്യാറാവാതെ വി.എസ് മടങ്ങി.

കേരള കാര്‍ട്ടൂണ്‍ അക്കാദമിയും തിരുവനന്തപുരം പ്രസ് ക്ലബും സംയുക്തമായി സംഘടിപ്പിച്ച ‘ രേഖാചിത്രത്തിനും ലക്ഷ്മണരേഖയൊക്കെ’ എന്ന സംവാദം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു വി.എസ് അച്യുതാനന്ദന്‍. സംഘാടകരുടെ നിര്‍ദ്ദേശമനുസരിച്ചാണ് നിരവധി കാര്‍ട്ടൂണ്‍ മത്സരങ്ങളില്‍ സംസ്ഥാന തലത്തില്‍ പങ്കെടുത്ത് വിജയിച്ചിട്ടുള്ള ബല്‍റാം വീണ്ടും കാര്‍ട്ടൂണിസ്റ്റായത്.

താന്‍ കാര്‍ട്ടൂണുകള്‍ ആസ്വദിക്കുകയും അതിലെ വിമര്‍ശനം ഉള്‍ക്കൊള്ളുകയും ചെയ്യാറുണ്ടെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. തനിക്ക് ഒരിക്കലും അസഹിഷ്ണുത തോന്നിയിട്ടില്ല. നാലോ അഞ്ചോ പേജുകളില്‍ ഒരു കാര്യം വിവരിക്കുന്നതിനേക്കാള്‍ കരുത്ത് ഒരു ചെറിയ കാര്‍ട്ടൂണിനുണ്ട്. മമത ബാനര്‍ജിയെ കാര്‍ട്ടൂണിലൂടെ വിമര്‍ശിച്ചതിന്റെ പേരില്‍ അംബരീഷ് മഹാപാത്രയെ ജയിലില്‍ അടച്ച സംഭവം അടിയന്തരാവസ്ഥക്കാലത്ത് ഉണ്ടായതിന് സമാനമാണ്. എന്നാല്‍ ഇതിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിഞ്ഞില്ലെന്നും വി.എസ് കുറ്റപ്പെടുത്തി.

Advertisement