ബാംഗ്ലൂര്‍: കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ രാജി ഗവര്‍ണര്‍ സ്വീകരിച്ചു. വൈകീട്ട് നാല് മണിയോടെ തന്നെ അനുകൂലിക്കുന്ന 72 എം എല്‍ എ മാരോടൊപ്പം പദയാത്രയായി രാജ്ഭവനിലെത്തിയാണ് യെദ്യൂരപ്പ ഗവര്‍ണര്‍ക്ക് ഔദ്ദ്യോഗിക രാജിക്കത്ത് സമര്‍പ്പിച്ചത്. രാവിലെ അദ്ദേഹം രാജിക്കത്ത് ബി.ജെ.പി അദ്ധ്യക്ഷന്‍ നിതിന്‍ ഗഡ്കരിക്ക് കൈമാറിയിരുന്നു.

രാജിക്കത്ത് സമര്‍പ്പിച്ചതിന് ശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ട യെദ്യൂരപ്പ അനധികൃത ഖനനം തടയാന്‍ ശ്രമിച്ചിരുന്നെന്നും ഇക്കാര്യം സുപ്രീം കോടതിപോലും സമ്മതിച്ചാണെന്നും പറഞ്ഞു. തന്റെ മൂന്ന് വര്‍ഷ ഭരണക്കാലത്തെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് വാചാലനായ അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന കാലത്ത് തന്നെ പിന്തുണച്ച മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കും നന്ദി പറഞ്ഞു.

തുടര്‍ന്നുള്ള കാലം എളിയ പാര്‍ട്ടി പ്രവര്‍ത്തകനായി തുടരുമെന്നറിയിച്ച യെദ്യൂരപ്പ തന്റ പന്‍ഗാമിയായി സദാനന്ദഗൗഡയുടെ പേര് നിര്‍ദ്ദേശിച്ചു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം പറയാതിരുന്ന അദ്ദേഹം എഴുതിതയ്യാറാക്കിയ പ്രസ്താവന വായിക്കുകയായിരുന്നു.

ലോകായുക്തയുടെ റിപ്പോര്‍ട്ട് പുറത്ത്‌വന്നയുടന്‍ നിധിന്‍ ഗഡ്കരിയുടെ അധ്യക്ഷതയില്‍ചേര്‍ന്ന യോഗത്തില്‍ യെദ്യൂരപ്പ ഉടന്‍ രാജി വെച്ചൊഴിയണമെന്ന തീരുമാനമെടുത്തിരുന്നു. എന്നാല്‍ 73 എം.എല്‍.എമാരുടെ പിന്തുണയുള്ള താന്‍ രാജി വെയ്‌ക്കേണ്ട കാര്യമില്ലെന്നു വാദിച്ച യെദ്യൂരപ്പ കഴിഞ്ഞ ദിവസം നടന്ന അനുരഞ്ജന ചര്‍ച്ചകള്‍ക്കൊടുവിലാണ് തന്റെ തീരുമാനം മാറ്റിയത്.

ഇന്നലെ വൈകുന്നേരംവരെ രാജി വെയ്ക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു യെദ്യൂരപ്പ. എന്നാല്‍ ഉടന്‍ രാജി വെച്ചൊഴിഞ്ഞില്ലെങ്കില്‍ പാര്‍ട്ടിയില്‍നിന്നും പുറത്താക്കുമെന്ന ബി.ജെ.പി കേന്ദ്രനേതൃത്വത്തിന്റെ അന്ത്യശാസനത്തെത്തുടര്‍ന്നാണ് യെദ്യൂരപ്പ രാജിയ്ക്കു വഴിങ്ങിയത്.