കോഴിക്കോട്: രാജ്യത്താകമാനം സ്‌ഫോടനങ്ങളും കലാപങ്ങളും സൃഷ്ടിച്ച് രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കുന്ന സംഘപരിവാര്‍ ഭീകരര്‍ക്കു മുമ്പില്‍ കോണ്‍ഗ്രസ്സും സി.പി.എമ്മും കീഴടങ്ങുന്നത് ഭീതിഭമാണെന്നും ഇവരുടെ തനിനിറം തിരിച്ചറിഞ്ഞ് ഇരു കൂട്ടര്‍ക്കുമെതിരായ വിധിയെഴുത്തിന് കേരളീയ സമൂഹം തയ്യാറാകണമെന്നും ബഹുജന്‍ സമാജ്പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡണ്ട് മുത്തലിബ് അസ്ലമി അഭിപ്രായപ്പെട്ടു.

സര്‍ക്കാര്‍ എയ്ഡഡ് മേഖലയിലെ സംവരണം പി.എസ്.സിക്ക് വിടുക, നിയമനങ്ങളില്‍ സംവരണ തത്വം പാലിക്കാത്തതു വഴി സംവരണ സമുദായങ്ങള്‍ക്കുണ്ടായ സാമ്പത്തിക നഷ്ടം സ്ഥാപന അധികൃതരില്‍ നിന്ന് പിഴയായി ഈടാക്കി പിന്നാക്ക വിഭാഗ വികസനത്തിനായി ഉപയോഗിക്കുക, സംവരണ സമുദായങ്ങള്‍ക്കുണ്ടായ ഉദ്യോഗ നഷ്ടം മുന്‍കാല പ്രാബല്ല്യത്തോടെ തിരിച്ചു നല്‍കാന്‍ നടപടി സ്വീകരിക്കുക, പൊതുഖജനാവിലെ പണമോ സൗജന്യമോ ഉപയോഗിച്ച് സ്വന്തമാക്കിയ ഭൂമിയും അതിലെ കെട്ടിടങ്ങളുമടങ്ങുന്ന വിദ്യഭ്യാസ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് ബി.എസ്.പി. സംസ്ഥാന തല കാമ്പയിനിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ വാഹന പ്രചരണ യാത്ര സമാപന സമ്മേളനം പുന്നൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡണ്ടും ജാഥാ ക്യാപ്റ്റനുമായ ശ്രീധരന്‍ മൂടാടിയെ ബാലുശ്ശേരി മണ്ഡലം, പഞ്ചായത്ത് നേതാക്കള്‍ ഹാരമണിയിച്ചു. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ മുഹമ്മദ് അഷ്‌റഫ്, ഗഫൂര്‍ പുതുപ്പാടി, സംസ്ഥാന ജില്ലാ നേതാക്കളായ പി.ഭരതന്‍, രമേശ് നന്മണ്ട, ചന്ദ്രന്‍ വി. തൃപ്പണത്ത്, എ.കെ അബ്ദുന്നാസര്‍, ജിനേഷ്.ടി.പാവണ്ടൂര്‍, കെ.ടി സുന്ദരന്‍, കെ.ടി നാരായണന്‍ സംസാരിച്ചു.