Categories

കേരളത്തില്‍ ബി എസ് എന്‍ എല്‍ ത്രീജിക്ക് തുടക്കം

bsnl-3g-in-keralaകൊച്ചി: അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുന്ന ത്രീജി സംവിധാനം ബി എസ് എന്‍ എല്‍ കേരളത്തില്‍ ആദ്യമായി കോഴിക്കോട്ട് തുടങ്ങി. മൊബൈല്‍ ഫോണിലൂടെ വിഡിയോ കോള്‍, ലൈവ് ടി വി തുടങ്ങിയ സൗകര്യങ്ങളോടെയാണ് ത്രീജിയില്‍ ലഭ്യമാകുന്നത്. 650 കോടി രൂപ മുടക്കിയാണ് കവരത്തിയിലടക്കം കേരളത്തിലെ 21 കേന്ദ്രങ്ങളില്‍ ത്രീ ജി സേവനങ്ങള്‍ ലഭ്യമാക്കുന്നത്. ജില്ലാ ആസ്ഥാനങ്ങള്‍ക്കു പുറമേ പ്രമുഖ തീര്‍ഥാടന കേന്ദ്രങ്ങളിലും വിമാനത്താവളങ്ങളിലും ത്രീജി സേവനങ്ങള്‍ ലഭ്യമാകും. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ആദ്യ ഘട്ടമായി സേവനമെത്തുന്നത്.

സെക്കന്‍ഡില്‍ 3.6 മെഗാബൈറ്റ് വേഗമുള്ള ഇന്റര്‍നെറ്റ് കണക്ഷനും തത്സമയം ടെലിവിഷന്‍ പരിപാടികളും ത്രീജിയില്‍ ലഭ്യമാകും. എലത്തൂര്‍, രാമനാട്ടുകര, ചാത്തമംഗലം, എന്‍.ഐ.ടി. എന്നീ പ്രദേശങ്ങളില്‍ കോഴിക്കോട് ത്രീജി സൗകര്യം ലഭിക്കും. അടുത്തുതന്നെ കേരളത്തിലെ 21 നഗരങ്ങളിലേക്കുകൂടി ഈ സൗകര്യം വ്യാപിപ്പിക്കും. കോഴിക്കോട് നഗരത്തില്‍ 37758 കണക്ഷനും കല്‍പറ്റയില്‍ 1469 കണക്ഷനും നല്‍കും. സംസ്ഥാനത്ത് മൊത്തം 2.65 ലക്ഷം പേര്‍ക്ക് ഈ സൗകര്യം ലഭിക്കും.

ഇതിനു വേണ്ടി കോഴിക്കോട്ടു മാത്രം 100 ബേസ് സ്‌റ്റേഷനുണ്ടാകും. ബി എസ് എന്‍ എല്‍. മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ നേരിടുന്ന എല്ലാ അസൗകര്യങ്ങളും ഇതുവഴി പരിഹരിക്കപ്പെടുമെന്നാണ് കണക്കാക്കുന്നത്. ത്രീജി കണക്ഷന്‍ ലഭ്യമാകുന്നതിന് ഈ സൗകര്യമുള്ള ഹാന്‍ഡ് സെറ്റ് വേണം. ഇത്തരത്തിലുള്ള നല്ല സെറ്റുകള്‍ക്ക് 6000 രൂപയ്ക്കു മുകളില്‍ വിലവരും. നിലവിലുള്ള ടുജി, 2.5 ജി ഉപഭോക്താക്കള്‍ക്ക് നമ്പര്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ ത്രീജിയിലേക്ക് മാറാം. പോസ്റ്റ് പെയ്ഡ്, പ്രീപെയ്ഡ് പ്ലാനുകളില്‍ ഇതു ലഭ്യമാണ്. പോസ്റ്റ് പെയ്ഡ് വരിക്കാര്‍ പ്രതിമാസം 25 രൂപ അധികമായി നല്‍കണം. പ്രീപെയ്ഡ് വരിക്കാര്‍ക്ക് അധിക ഫീസില്ല. കോഴിക്കോട്ടെ കസ്റ്റമര്‍ സര്‍വീസ് സെന്ററുകളിലും ഇതുസംബന്ധിച്ച വിവരങ്ങള്‍ ലഭിക്കും. ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യാനുള്ള സംവിധാനവുമുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.