ന്യൂദല്‍ഹി: ഇന്ത്യയിലെ ഏക പൊതു മോഖലാ ടെലികോം കമ്പനിയായ ബി.എസ്.എന്‍.എല്ലിന്റെ നഷ്ടം 2010-2011 സാമ്പത്തിക വര്‍ഷം മൂന്നിരട്ടിയായി വര്‍ദ്ധിച്ചു. കമ്പനിയുടെ ഓഡിറ്റ് ചെയ്യാത്ത കണക്കുകള്‍ പ്രകാരം കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏതാണ്ട് 6000 കോടിയോളം രൂപ വരും ബി.എസ്.എന്‍.എല്ലിന്റെ നഷ്ടം. 2009-10 സാമ്പത്തിക വര്‍ഷം ബി.എസ്.എന്‍.എല്ലിന്റെ മൊത്തം നഷ്ടം 1823 കോടി രൂപയായിരുന്നു.

3ജി സ്‌പെക്ട്രം, ബ്രോഡ്ബാന്‍ഡ് എന്നിവയുടെ ലൈസന്‍സിനായി ഗവണ്‍മെന്റിന് ഉയര്‍ന്ന തുക നല്‍കിയതാണ് നഷ്ടം വര്‍ധിക്കാന്‍ കാരണമായതെന്ന് ബി.എസ്.എന്‍.എല്‍ അധികൃതര്‍ വ്യക്തമാക്കി. രണ്ടിനും കൂടി 18,500 കോടിയാണ് സ്ഥാപനം ചെലവഴിച്ചത്.

മൊത്തം വരുമാനത്തിലും നഷ്ടം നേരിട്ടു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനിയുടെ മൊത്തം വരുമാനം 28876 കോടി രൂപയാണ്. 2009-10 സാമ്പത്തിക വര്‍ഷം കമ്പനിയുടെ മൊത്തം വരുമാനം 32072 കോടി രൂപയായിരുന്നു.മുന്‍ വര്‍ഷത്തേക്കാള്‍ 10 ശതമാനം കുറവാണുണ്ടായത്.

കമ്പനിയുടെ മൊത്തം വരുമാനത്തില്‍ 47 ശതമാനത്തിലധികവും പോകുന്നത് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനാണ്. ഇതിന് പരിഹാരം കാണുന്നതിന് സ്വമേധയാ വിരമിക്കല്‍ പദ്ധതി ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്നും കമ്പനി അധികൃതര്‍ സൂചിപ്പിച്ചു. 2005-06ല്‍ 10000 കോടിയുടെ വരുമാനമുണ്ടാക്കിയ കമ്പനി അതിനുശേഷം നഷ്ടത്തിന്റെ കണക്കുകളാണ് രേഖപ്പെടുത്തുന്നത്.