എഡിറ്റര്‍
എഡിറ്റര്‍
എന്റെ ഭര്‍ത്താവിനെക്കൊണ്ട് റിട്ടയര്‍ ചെയ്യിച്ചു; പിന്നീട് അറസ്റ്റു ചെയ്തു: ബി.എസ്.എഫിനെതിരെ ആരോപണങ്ങളുമായി തേജ് ബഹദൂര്‍ യാദവിന്റെ ഭാര്യ
എഡിറ്റര്‍
Thursday 2nd February 2017 11:43am

bsf


ജനുവരി 31ന് വീട്ടില്‍ വരുമെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ ഇതുവരെ വന്നില്ല.


ന്യൂദല്‍ഹി: അതിര്‍ത്തിയില്‍ ജവാന്മാര്‍ക്ക് കൃത്യമായി ഭക്ഷണം പോലും ലഭിക്കുന്നില്ലെന്ന് പരാതിപ്പെട്ട് വീഡിയോ പുറത്തുവിട്ട ബി.എസ്.എഫ് ജവാന്‍ തേജ് ബഹദൂര്‍ യാദവ് അറസ്റ്റിലെന്ന് ഭാര്യ. ഭര്‍ത്താവിനെ നിര്‍ബന്ധിപ്പിച്ച് റിട്ടയര്‍ ചെയ്യിച്ചെന്നും തുടര്‍ന്ന് അറസ്റ്റു ചെയ്‌തെന്നുമാണ് തേജ് ബഹദൂറിന്റെ ഭാര്യ ആരോപിക്കുന്നത്.

മറ്റൊരാളുടെ ഫോണില്‍ തന്നെ വിളിച്ച് ഭര്‍ത്താവ് ഇക്കാര്യം പറഞ്ഞെന്നാണ് അവര്‍ പറയുന്നത്. ജനുവരി 31ന് വീട്ടില്‍ വരുമെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ ഇതുവരെ വന്നില്ല. താന്‍ അറസ്റ്റിലാണെന്നും ഉദ്യോഗസ്ഥര്‍ തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്നും ഫോണില്‍ വിളിച്ച് തേജ് ബഹദൂര്‍ പറഞ്ഞെന്നും അവര്‍ വ്യക്തമാക്കി.


Also Read: ദളിത് വിദ്യാര്‍ഥികളെക്കൊണ്ട് എച്ചിലെടുപ്പിച്ച ലക്ഷ്മി നായരുടെ ഹോട്ടല്‍ താഴിട്ടുപൂട്ടി ആര്‍.ജി.എസ്.സി സമരം: സമരം ചെയ്തവര്‍ പൊലീസ് കസ്റ്റഡിയില്‍ 


‘ 31വരുമെന്ന് പറഞ്ഞതുകൊണ്ട് കാത്തിരുന്നു. എന്നാല്‍ അദ്ദേഹം വന്നില്ല. അദ്ദേഹത്തിനോട് റിട്ടയര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടെന്ന് പറഞ്ഞ് വിളിച്ചിരുന്നു. ഒരു മണിക്കൂറിനുള്ളില്‍ റിട്ടയര്‍മെന്റ് റദ്ദാക്കി അറസ്റ്റു ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് മറ്റാരുടെയോ ഫോണില്‍ അദ്ദേഹം വിളിച്ചു. അറസ്റ്റിലാണെന്നും തന്നെ അവര്‍ ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയുമാണെന്ന് പറഞ്ഞു.’ തേജ് ബഹദൂറിന്റെ ഭാര്യ പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.

എന്നാല്‍ തേജ് ബഹദൂറിനെ അറസ്റ്റു ചെയ്തിട്ടില്ലെന്നാണ് ബി.എസ്.എഫ് അവകാശപ്പെടുന്നത്. അതേസമയം തേജ് ബഹദൂര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടുണ്ട് എന്നാണ് ബി.എസ്.എഫ് പറയുന്നത്.
ജമ്മു കശ്മീരിലെ ബി.എസ്.എഫ് ജവാന്മാരുടെ ദുരവസ്ഥ വെളിവാക്കുന്ന വീഡിയോ ഈ ജനുവരി 10നാണ് തേജ് ബഹദൂര്‍ യാദവ് സോഷ്യല്‍ മീഡിയ വഴി പുറത്തുവിട്ടത്.

സൈനികരുടെ ഭക്ഷണത്തിനായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച തുകയുടെ ചെറിയ ഭാഗം മാത്രമാണ് ഭക്ഷണത്തിനായി ഉപയോഗിക്കുന്നതെന്നും വളരെ മോശം ഭക്ഷണമാണ് സൈനികര്‍ക്കു ലഭിക്കുന്നതെന്നുമായിരുന്നു തേജ് ബഹദൂര്‍ യാദവിന്റെ ആരോപണം. ഭക്ഷണത്തിനായി അനുവദിക്കുന്ന തുകയുടെ വലിയൊരു ഭാഗം ആരൊക്കെയോ കയ്യടക്കുകയാണ്. അതുകൊണ്ടുതന്നെ സൈനികര്‍ക്ക് നല്ല ഭക്ഷണം ലഭിക്കാറില്ല. വസ്ത്രത്തിനുവേണ്ടി അനുവദിച്ച തുകയുടെ 30%മാത്രമാണ് അതിനായി ചിലവഴിക്കുന്നത്. തങ്ങളുടെ ഈ ദുരവസ്ഥ പലവട്ടം പരാതിപ്പെട്ടിട്ടും ആരും ചെവിക്കൊള്ളുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Advertisement