ന്യൂദല്‍ഹി: ഇന്ത്യ- പാക് അതിര്‍ത്തിയിലെ കമ്പിവേലി മുറിച്ചുമാറ്റിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് രാജ്യത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചു. നുഴഞ്ഞുകയറ്റത്തിന് വഴിയൊരുക്കാന്‍ കമ്പിവേലി മുറിച്ചുമാറ്റുന്നത് ആദ്യമായാണെന്ന് അതിര്‍ത്തി രക്ഷാസേനാവൃത്തങ്ങള്‍ പറഞ്ഞു.

അതിര്‍ത്തിയിലെ കനത്ത മൂടല്‍മഞ്ഞിന്റെ മറവിലാണ് കമ്പിവേലി മുറിച്ചുമാറ്റിയത്. ജമ്മു ജില്ലയിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ 851, 852 നമ്പരുകളിലുള്ള തൂണുകള്‍ക്കിടയിലെ കമ്പിവേലിയാണ് മുറിച്ച നിലയില്‍ കണ്ടത്. പാകിസ്ഥാന്‍ ഭാഗത്തെ ഒമ്പത് കമ്പികളും ഇന്ത്യന്‍ ഭാഗത്തെ പത്തുകമ്പികളും മുറിച്ചതായി ബി എസ് എഫ് അധികൃതര്‍ വ്യക്തമാക്കി. അതിര്‍ത്തി രക്ഷാസേനയുടെ പതിവ് പരിശോധനയിലാണ് വേലിതകര്‍ത്തത് കണ്ടെത്തിയത്. ഉടനേ ബി.എസ്.എഫും സി.ആര്‍.പിയും സൈന്യവും പൊലീസും സമീപപ്രദേശങ്ങളിലെല്ലാം പരിശോധന ആരംഭിച്ചു.

Subscribe Us:

അന്താരാഷ്ട്ര അതിര്‍ത്തിയിലെ വേലി മുറിച്ചതുകൊണ്ട് മാത്രം ഭീകരര്‍ക്ക് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാനാവില്ല. ഈ വേലിക്ക് 500 മീറ്റര്‍ ഇപ്പുറം മറ്റൊരു വേലി കൂടിയുണ്ട്. അത് തകര്‍ത്തിട്ടില്ല. വേലി മുറിച്ച ഭാഗത്ത് ഭീകരര്‍ നുഴഞ്ഞുകയറിയതിന്റെ കാല്‍പാടുകളോ മറ്റ് അടയാളങ്ങളോ കാണാനില്ലെന്നും ബി എസ് എഫ് അധികൃതര്‍ പറഞ്ഞു.
എങ്കിലും റിപ്പബ്‌ളിക്ദിനാഘോഷത്തിന് രണ്ടുദിവസം മാത്രം ശേഷിക്കേ, അതിര്‍ത്തി വേലി ഈ വിധത്തില്‍ മുറിച്ചുമാറ്റിയ പശ്ചാത്തലത്തില്‍ സുരക്ഷാസന്നാഹങ്ങള്‍ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്.