ബാംഗ്ലൂര്‍: സംസ്ഥാനത്ത് രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്ത ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ച് കര്‍ണാടക മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പ ദല്‍ഹിയിലേക്ക് തിരിച്ചു. തന്നെ പിന്തുണയ്ക്കുന്ന എം എല്‍ എമാരെ രാഷ്ട്രപതിക്കു മുമ്പില്‍ ഹാജരാക്കാനാണ് മുഖ്യമന്ത്രിയുടെ നീക്കം. മുതിര്‍ന്ന ബി ജെ പി നേതാവ് എല്‍ കെ അദ്വാനിയെ സന്ദര്‍ശിച്ച ശേഷമായിരിക്കും സംഘം രാഷ്ട്രപതിയെ കാണകയെന്നും സൂചനയുണ്ട്.

നേരത്തേ ശബ്ദവോട്ടോടുകൂടി യെദ്യൂരപ്പ സര്‍ക്കാര്‍ വിശ്വാസവോട്ട് നേടിയെങ്കിലും ഗവര്‍ണര്‍ എച്ച് എസ്് ഭരദ്വാജ് സംസ്ഥാനത്ത് രാഷ്ട്രപതിഭരണത്തിന് ശുപാര്‍ശ ചെയ്യുകയായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ വിശ്വാസവോട്ടു നേടിയതിന് നിയമസാധുതയില്ലെന്ന് വിലയിരുത്തിയാണ് ഗവര്‍ണര്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്തത്. ശുപാര്‍ശ ഇന്ന് ചേരുന്ന കേന്ദ്ര മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും.

Subscribe Us:

അതിനിടെ 16 റിബല്‍ എം എല്‍ എമാര്‍ക്ക് അയോഗ്യത കല്‍പ്പിച്ച വിഷയത്തില്‍ കര്‍ണാടക ഹൈക്കോടതി ഇന്ന് വിധിപറയും. തങ്ങളെ അയോഗ്യരാക്കിയ സ്പീക്കര്‍ ബൊപ്പയ്യയുടെ നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് എം എല്‍ എമാര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.