എഡിറ്റര്‍
എഡിറ്റര്‍
യെദിയൂരപ്പ ബി.ജെ.പിയില്‍ നിന്ന് രാജിവെച്ചു
എഡിറ്റര്‍
Friday 30th November 2012 11:00am

ബാംഗ്ലൂര്‍: കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ ബി.ജെ.പിയില്‍ നിന്ന് രാജിവെച്ചു. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്ഗരിക്ക് അദ്ദേഹം രാജിക്കത്ത് അയച്ചുകൊടുത്തു.

ഡിസംബര്‍ 9ന് അദ്ദേഹത്തിന്റെ പുതിയ പാര്‍ട്ടി കര്‍ണാടക ജനതാ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നും അടുത്ത അനുയായികള്‍ അറിയിച്ചു. നിലവിലുള്ള 121 എം.എല്‍.എമാരില്‍ 50 പേര്‍ തന്റെയൊപ്പമുണ്ടെന്ന് യെദിയൂരപ്പ പറഞ്ഞു.

Ads By Google

പാര്‍ട്ടിയില്‍ തുടരുന്നത് അവര്‍ക്കിഷ്ടമല്ല. അതുകൊണ്ട് രാജിവെക്കുന്നു. പിന്തുണ നല്‍കുന്ന എം.എല്‍.എമാരോട് രാജിവെക്കാന്‍ ആവശ്യപ്പെടില്ലെന്നും യെദിയൂരപ്പ പറഞ്ഞു. പാര്‍ട്ടി എല്ലാം തന്നു, പാര്‍ട്ടിക്കുവേണ്ടി തന്റെ ജീവതവും നല്‍കി-യെദിയൂരപ്പ പറഞ്ഞു.

മുഖ്യമന്ത്രിപദം നഷ്ടപ്പെട്ടതോടെ പാര്‍ട്ടി നേതൃത്വവുമായി ഭിന്നതയിലായിരുന്ന അദ്ദേഹം രാജിതീരുമാനം നേരത്തെ പ്രഖ്യാപിച്ചിരുന്നു. തന്നെ വീണ്ടും മുഖ്യമന്ത്രിയാക്കണമെന്ന യെദിയൂരപ്പയുടെ ആവശ്യം പാര്‍ട്ടി നേതൃത്വം നിഷേധിച്ചതോടെയാണ് അദ്ദേഹം രാജിവെയ്ക്കാന്‍ തീരുമാനിച്ചത്.

നാല്‍പത് വര്‍ഷമായി കര്‍ണാടകയില്‍ ബി.ജെ.പിയെ നയിച്ച അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ദക്ഷിണേന്ത്യയില്‍ ആദ്യമായി ബി.ജെ.പിക്ക് അധികാരത്തിലെത്താന്‍ സാധിച്ചത്. 2011 ജൂലൈയില്‍ ഖനന വിവാദത്തെ തുടര്‍ന്നാണ് അദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനം നഷ്ടമായത്.

പാര്‍ട്ടിക്ക് നല്‍കിയ സമയപരിധി വെള്ളിയാഴ്ച അവസാനിക്കാനിരിക്കേ യെദിയൂരപ്പയെ പാര്‍ട്ടിയില്‍ പിടിച്ചുനിര്‍ത്താന്‍ ബി.ജെ.പി അഖിലേന്ത്യാ നേതൃത്വം അവസാന ശ്രമമെന്ന നിലക്ക് കഴിഞ്ഞദിവസം പുതിയ പദവി വാഗ്ദാനം ചെയ്തിരിന്നു. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രചാരണ കമ്മിറ്റിയുടെ ചെയര്‍മാന്‍ പദം നല്‍കാമെന്നായിരുന്നു വാഗ്ദാനം.

പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് വെള്ളിയാഴ്ച രാജിവെക്കുമെന്ന് പ്രഖ്യാപിച്ച യെദിയൂരപ്പ വാഗ്ദാനം സ്വീകരിച്ച് ഒരിക്കല്‍ കൂടി തീരുമാനം മാറ്റുമെന്നായിരുന്നു കേന്ദ്ര നേതൃത്വത്തിന്റെ പ്രതീക്ഷ. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന്റെ മൊത്തം ചുമതല അദ്ദേഹത്തിന് നല്‍കാമെന്നാണ് യെദിയൂരപ്പയെ പാര്‍ട്ടി നേതൃത്വം അറിയിച്ചത്.

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍ക്കൊക്കെ പാര്‍ട്ടി ടിക്കറ്റ് നല്‍കണമെന്ന് തീരുമാനിക്കാന്‍ ഇതുവഴി യെദിയൂരപ്പക്ക് കഴിയുമെന്നും  അതിലൂടെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റാകാതെ തന്നെ പാര്‍ട്ടിയുടെ നിയന്ത്രണം അദ്ദേഹത്തിന്റെ കൈവശമെത്തുമെന്നും  മധ്യസ്ഥര്‍ മുഖേന യെദിയൂരപ്പയെ ധരിപ്പിച്ചിരുന്നു.

എന്നാല്‍ കേന്ദ്ര നേതൃത്വത്തിലുള്ള വിശ്വസം നേരത്തേ നഷ്ടപ്പെട്ട യെദിയൂരപ്പ ഈ വാഗ്ദാനം നിരസിച്ചുകൊണ്ടാണ് ഇപ്പോള്‍ പാര്‍ട്ടി വിട്ടിരിക്കുന്നത്.

Advertisement