Categories

സ്വകാര്യ ബസ് സമരം പിന്‍ലിച്ചു

bus-strike-kerala1തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസമായി തുടരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. ബസ് ഉടമകളുടെ കോര്‍ഡിനേഷന്‍ കമ്മിറ്റി മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനമായത്. ഉടമകള്‍ സമരം പിന്‍വലിക്കാമെന്ന് അറിയിച്ചതായി ഗതാഗതമന്ത്രി ജോസ് തെറ്റയില്‍ അറിയിച്ചു. ബസുടമകളുടെ ആവശ്യത്തിന്‍മേല്‍ പിന്നീട് ചര്‍ച്ച ചെയ്യും. വിഷയത്തില്‍ മന്ത്രിസഭാ ഉപസമിതി റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. ബസ് ഉടമകളുടെ ആവശ്യം അംഗീകരിക്കുന്നതിന് സമയ പരിധി തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

ബസ് സമരത്തിനെതിരെ ഹൈക്കോടതിയുടെ ശക്തമായ ഇടപെടലുണ്ടായ സാഹചര്യത്തിലാണ് നിരക്കു വര്‍ധന സംബന്ധിച്ച് അന്തിമ തീരുമാനമാകും മുമ്പ് തന്നെ ബസ് ഉടമകള്‍ക്ക് സമരം അവസാനിപ്പിക്കേണ്ടി വന്നത്. നേരത്തെ എല്‍ ഡി എഫ് യോഗത്തില്‍ നിരക്ക് വര്‍ധന സംബന്ധിച്ച് തീരുമാനിക്കാന്‍ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചിരുന്നു. എന്നാല്‍ നാറ്റ്പാക്ക് റിപ്പോര്‍ട്ട് ലഭിച്ച ശേഷം നിരക്ക് വര്‍ധന സംബന്ധിച്ച് തീരമാനിക്കാമെന്നും സമരം പിന്‍വലിക്കാന്‍ ഉടമകളോട് ആവശ്യപ്പെടാമെന്നും ഉപസമിതി യോഗത്തില്‍ തീരുമാനമായി. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയെക്കൊണ്ട് കോര്‍ഡിനേഷന്‍ കമ്മിറ്റിക്ക് ഉറപ്പ് നല്‍കിക്കാമെന്നും തീരുമാനിച്ചു. സമരം പിന്‍വലിച്ചിട്ട് മതി ചാര്‍ജ് വര്‍ധനയെന്ന് രാവിലെ ഹൈക്കോടതിയുടെ പരാമര്‍ശം ഉണ്ടായത് ഈ തീരുമാനത്തിന് സഹായകരമാവുകയും ചെയ്തു.

ഉപസമിതി തീരുമാനപ്രകാരം സമരക്കാരെ മുഖ്യമന്ത്രി തന്റെ ഓഫീസിലേക്ക് വളിപ്പിച്ച് നിരക്ക് വര്‍ധന ഉള്‍പ്പെടെയുള്ള കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കാമെന്ന് ഉറപ്പ് നല്‍കുകയായിരുന്നു. ആശുപത്രിയില്‍ കഴിയുന്ന ജ്യോതിബസുവിനെ സന്ദര്‍ശിക്കാന്‍ പോകാനുള്ളതിനാല്‍ വളരെ കുറച്ച് സമയം മാത്രമാണ് മുഖ്യമന്ത്രി ബസ് ഉടമകളുമായി സംസാരിച്ചത്. മുഖ്യമന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ സമരം പിന്‍വലിക്കാമെന്ന് ഉടമകള്‍ അറിയിച്ചു.

അതേസമയം മുഖ്യമന്ത്രി നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ സമരം മാറ്റിവെക്കുക മാത്രമാണ് ചെയ്തതെന്നും പിന്‍വലിച്ചിട്ടില്ലെന്നും കോര്‍ഡിനേഷന്‍ ഭാരവാഹികള്‍ പിന്നീട് മാധ്യമങ്ങളെ അറിയിച്ചു. തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാറിന് ബോധ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ആവശ്യങ്ങള്‍ ഉടന്‍ നടപ്പാക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. കോടതി പരാമര്‍ശമുള്ള സാഹചര്യത്തില്‍ ബസുടമകളുടെ ആവശ്യത്തിന്‍മേല്‍ ഇന്ന് പ്രഖ്യാപനം നടത്താന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി അറിയിച്ചതായി നേതാക്കള്‍ പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.