റിയോ ഡ ഷാനേറോ: തെക്കന്‍ ബ്രസീലില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും കനത്ത നാശനഷ്ടം.പത്ത് പേര്‍ മരിക്കുകയും മൂന്നു പേരെ കാണാതാവുകയും ചെയ്തിട്ടുണ്ടെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. മരിച്ചവരില്‍ മൂന്നു പേര്‍ കുട്ടികളാണ്. റിയോ ഗ്രാന്‍ഡ് ഡൊ സള്‍ സംസ്ഥാനത്തിലെ നോവോ ഹാംബര്‍ഗോ നഗരത്തെിലാണ് ദുരന്തം സംഭവിച്ചത്. .

നിരവധി വീടുകള്‍ വെള്ളപ്പൊക്കത്തില്‍ തകര്‍ന്നിട്ടുണ്ട്. സപ്ഷ്യ ഡൊ സളില്‍ വൈദ്യുതാഘാതമേറ്റ് ഒരാളും കെട്ടിടം തകര്‍ന്ന് മറ്റൊരാളും മരിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മുന്‍കരുതലെന്നോളം ദുരന്തബാധിത മേഖലയിലെ നിരവധി കുടുംബങ്ങളെ സുരക്ഷിതകേന്ദ്രങ്ങളിലേയ്ക്കു ഒഴിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. ഈ മേഖലയിലെ വൈദ്യുതി, ശുദ്ധജലവിതരണം എന്നിവ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.

നൊവ ഹംബര്‍ഗോയില്‍ മൂന്ന് കുട്ടികളും ഒരു കര്‍ഷകനുമാണ് മണ്ണിടിച്ചിലില്‍ കൊല്ലപ്പെട്ടത്. പോര്‍ട്ടോ അലെഗ്രെയില്‍ വെള്ളപ്പൊക്കം കനത്ത നാശമാണ് വിതയ്ക്കുന്നത്. ഒരു ലക്ഷത്തിലേറെ പേരെ ഇവിടെ നിന്ന് ഒഴിപ്പിച്ചു. റിയോ ഡി ജനീറോയ്ക്ക് സമീപത്തെ മലമ്പ്രദേശത്ത് കഴിഞ്ഞ ജനവരിയിലുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും 800 പേര്‍ കൊല്ലപ്പെട്ടിരുന്നു.